go

ഒാ കൊച്ചിക്കാരേ കേറിക്കോ...തിത്തെയ് തക തൈക്കൂടം

Ernakulam News
വൈറ്റില മെട്രോ സ്റ്റേഷൻ.
SHARE

കൊച്ചി∙ മെട്രോയുടെ ടിക്കറ്റ് ചാർട്ടിൽ നാളെ മുതൽ 5 സ്റ്റേഷനുകൾ കൂടി. സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം. നഗരത്തിലെ ലക്ഷ്യസ്ഥാനത്ത് എപ്പോഴെത്തുമെന്ന് ആധിയോടെ തൃപ്പുണിത്തുറ മുതൽ ബസിലിരിക്കുന്നവർ തൈക്കൂടത്തിറങ്ങുക. മെട്രോ സ്റ്റേഷനിൽ നിന്നു രാവിലെ 6 മുതൽ സർവീസുണ്ട്. 14 മിനിറ്റ് കൊണ്ടു മഹാരാജാസ് കോളജ് ഗ്രൗണ്ടിലെത്താം. 44 മിനിറ്റ് കൊണ്ട് ആലുവയിൽ. സമരമില്ല, ഹർത്താലില്ല. കൂൾ ആയി യാത്രചെയ്യാം; മഴയായാലും വെയിലായാലും.  കൊച്ചിക്ക് ഓണസമ്മാനമായി മെട്രോയുടെ രണ്ടാം ഘട്ടം തയാർ.

Ernakulam News
ദിനപത്രങ്ങൾ പ്രമേയമായ കൊച്ചി കടവന്ത്ര മെട്രോ സ്റ്റേഷൻ.

സംസ്കാരവുമാണ് മെട്രോ 

പൊതു ഗതാഗതത്തിലേക്കു മാറിയില്ലെങ്കിൽ നമ്മുടെ നഗരങ്ങൾ വൈകാതെ നിശ്ചലമാവും. സ്വകാര്യ വാഹനങ്ങളുടെ പെരുപ്പം അത്രയ്ക്കുണ്ട്. വൈറ്റില, കുണ്ടന്നൂർ ജംക്‌ഷനുകളിലെ ഇപ്പോഴത്തെ ദുരിതം കണ്ടാൽ അതു മനസ്സിലാവും. പൊതു ഗതാഗതത്തിലേക്കു മാറാൻ മെട്രോ കാരണമാവുകയാണ്. 18 കിലോമീറ്റർ ദൂരത്തിൽ നിന്ന് 23.65 കിലോമീറ്റർ ദൂരം മെട്രോ ഓടുന്നു. ഇന്ന് ഉദ്ഘാടനം. ഉദ്ഘാടനത്തിനു 3 സർവീസുകൾ മാത്രം.

ഒന്ന് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്ന വിഐപികളുടേത്. ആതുരസേവന രംഗത്തെ മാലാഖമാരായ നഴ്സുമാർക്കു സമർപ്പിക്കുന്നു രണ്ടാമത്തേത്. വൃദ്ധ സദനങ്ങളിലെ അന്തേവാസികൾക്കു മൂന്നാം സർവീസ്. നാളെ രാവിലെ 6 നു തൈക്കൂടത്തു നിന്നും ആലുവയിൽ നിന്നും മെട്രോ ഓടിത്തുടങ്ങും. രാത്രി  10 ന് അവസാന ട്രിപ്പ് ഇൗ രണ്ടു സ്റ്റേഷനുകളിൽ നിന്നും പുറപ്പെടും. 18 വരെ ടിക്കറ്റ് നിരക്കു  പകുതിയാണ്. 25 വരെ പാർക്കിങ് സൗജന്യം. 

ചരിത്രം കാത്തിരിക്കുന്നു 

2017 ജൂൺ 17 ന് ആലുവയിൽ നിന്നു പാലാരിവട്ടം സ്റ്റേഷനിലേക്കു മെട്രോ ഓടിത്തുടങ്ങിയപ്പോൾ പ്രതിദിന യാത്രക്കാരുടെ എണ്ണം 25000 മാത്രമായിരുന്നു. അതേ വർഷം ഒക്ടോബറിൽ മെട്രോ 18 കിലോമീറ്റർ ദൂരം താണ്ടി മഹാരാജാസ് കോളജ് ഗ്രൗണ്ട് സ്റ്റേഷനിലെത്തി. യാത്രക്കാരുടെ എണ്ണം പടിപടിയായി 45000 ആയി. ഇപ്പോഴിതാ തൈക്കൂടത്തേക്ക്. പ്രതിദിനം 70000 യാത്രക്കാരെയാണ് ഇൗ ഘട്ടത്തിൽ പ്രതീക്ഷ. ഇതു സഫലമായാൽ കൊച്ചി മെട്രോ നഷ്ടമില്ലാത്ത നിലയിലെത്തും. ഇൗ നേട്ടം കൈവരിക്കുന്ന രാജ്യത്തെ മൂന്നാം മെട്രോ. രാജ്യത്ത് ആധുനിക മെട്രോയുടെ ‘കുലപതി’യായ ഡൽഹി മെട്രോ ഇൗ നേട്ടത്തിലെത്താൻ  കുറേസമയമെടുത്തു.

ഡൽഹി മെട്രോ മാത്രമേ ഇപ്പോഴും ലാഭത്തിലോടുന്നുള്ളു. ബെംഗളൂരു മെട്രോ നഷ്ടമില്ലാത്ത നിലയിലേക്കെത്തിക്കൊണ്ടിരിക്കുന്നു. കൊച്ചി മെട്രോയിൽ പ്രതിദിനം 70000 പേർ കയറിയാൽ പ്രതിദിന വരുമാനം 23 ലക്ഷമാകും. 20 ലക്ഷം പ്രതിദിന വരുമാനമുണ്ടെങ്കിൽ  മെട്രോയ്ക്കു നഷ്ടമില്ലാതെ പോകാം. ടിക്കറ്റ് വരുമാനം കൂടുമ്പോൾ മറ്റു മാർഗങ്ങളിൽ നിന്നുള്ള വരുമാനവും കൂടും. നമ്മുടെ റോഡുകളുടെ ഇന്നത്തെ അവസ്ഥയും പരിപാലന രീതിയും കാണുമ്പോൾ മെട്രോ ലാഭത്തിലാകാൻ 5 വർഷം പോലും വേണ്ടെന്ന് ഉറപ്പായും വിശ്വസിക്കാം. 

തീമുകളിൽ വൈവിധ്യം

ആലുവ മുതൽ മഹാരാജാസ് കോളജ് സ്റ്റേഷൻ വരെയുള്ള മെട്രോ യാത്രയിൽ ഓരോ സ്റ്റേഷനിലെത്തുമ്പോഴും ഓരോ ആശയങ്ങളുടെ ആവിഷ്കാരം കാണാം. പശ്ചിമഘട്ടമെന്ന പൊതു തീമിനു പുറമേ, ഓരോ പ്രദേശത്തിനും  അതിന്റേതായ പ്രത്യേകതകൾ ഒരുക്കിയിരിക്കുന്നു. സൗത്ത് മുതൽ തൈക്കൂടം വരെ സ്റ്റേഷനുകൾക്കും ആ പാരമ്പര്യമുണ്ട്. സൗത്ത് മെട്രോ സ്റ്റേഷൻ നഗരത്തിലേക്കുള്ള  കവാടമാണ്. മറ്റു ദേശങ്ങളിൽ നിന്നു ട്രെയിനിൽ കൊച്ചിയിൽ വന്നിറങ്ങുന്നവർ നഗരത്തിലേക്കു പ്രവേശിക്കുന്ന ഇവിടെ ടൂറിസമാണു പൊതു തീം. 

മലയാള മനോരമ ഓഫിസിനു സമീപമുള്ള കടവന്ത്ര സ്റ്റേഷനിൽ എത്തുമ്പോൾ പത്രലോകം മിഴിതുറക്കും. പത്രാധിപൻമാർ, സംഭവ ബഹുലമായ ദിവസങ്ങളിൽ പുറത്തിറങ്ങിയ പത്രങ്ങളുടെ പതിപ്പുകൾ എന്നിവ കാണാം. ഉരു നിർമാണത്തിലെ  കേരളത്തിന്റെ വിരുതാണ് എളംകുളത്തെ കാഴ്ചാ വിരുന്ന്. വൈറ്റിലയിലെത്തുമ്പോൾ  അതു സിനിമയുടെ തിരശീലയാവും. നടീനടന്മാരും സംവിധായകരും പാട്ടും ആട്ടവും എന്നുവേണ്ട,  സിനിമാക്കഥപോലെ വൈവിധ്യമുണ്ട് വൈറ്റില സ്റ്റേഷന്. തൈക്കൂടത്തു യാത്ര അവസാനിപ്പിക്കുമ്പോൾ കൊച്ചിയുടെ രുചിവൈവിധ്യം  നാവിൽ വെള്ളമൂറിക്കും. ഭക്ഷണമാണു തൈക്കൂടത്തിന്റെ തീം. 

കാരണം പലത്

മെട്രോയിൽ കയറാൻ  ഒരു കാരണം വേണം. സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനിലേക്കും തിരിച്ചും യാത്രയ്ക്കു മെട്രോ മതി. ലുലു മാളിൽ പോകാനും ആലുവയ്ക്കു പോകാനും മെട്രോയായി. എറണാകുളം കെഎസ്ആർടിസി  സ്റ്റേഷനിലേക്കു പോകാൻ സൗത്തിലിറങ്ങി നടക്കാനുള്ള ദൂരമേയുള്ളു. കോട്ടയം ഭാഗത്തുനിന്നു വരുന്നവർക്കു വൈറ്റില മൊബിലിറ്റി ഹബിൽ നിന്നു മെട്രോയിൽ കയറാം. അങ്ങനെ, മെട്രോയിൽ കയറാൻ പല കാരണങ്ങൾ. 

ആലുവ– തൈക്കൂടം 44 മിനിറ്റ്

ആലുവയിൽനിന്നു തൈക്കൂടം വരെ ബസ് യാത്രയ്ക്ക് എത്ര സമയം വേണ്ടിവരുമെന്നു പറയാനാവാത്ത അവസ്ഥയാണ്. മെട്രോയിൽ അത് 44 മിനിറ്റ്. പക്ഷേ, ഒരു മാസത്തേക്ക് കൂടുതൽ സമയമെടുക്കും. പുതിയ ലൈനിൽ ഓടിയോടി തഴക്കം വരുംവരെ ചെറുതായൊന്ന് ‘സ്ലോ’. ആലുവയിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ മഹാരാജാസ് വരെ മണിക്കൂറിൽ 45 കിലോമീറ്റർ വേഗത്തിൽ വരും. പിന്നീടു തൈക്കൂടത്തേക്കു വേഗം കുറയ്ക്കും. മണിക്കൂറിൽ 25 കിലോമീറ്റർ. തൈക്കൂടം– മഹാരാജാസ് 7 മിനിറ്റ് കൊണ്ട് ഓടിയെത്തും. ആദ്യത്തെ ഒരു മാസം ഇൗ ദൂരം എത്താൻ 14 മിനിറ്റ്. ഒരു മാസത്തേക്കു തൈക്കൂടത്തുനിന്ന് ആലുവയിലെത്താൻ 53  മിനിറ്റ് വേണം. 

7 മിനിറ്റ്  ഇടവേളയിൽ 

ആലുവ– തൈക്കൂടം റൂട്ടിൽ 7 മിനിറ്റ് ഇടവേളയിൽ ട്രെയിനെത്തും. എന്നാൽ മഹാരാജാസ്– തൈക്കൂടം റൂട്ടിൽ 1 മാസത്തേക്കു വേഗ നിയന്ത്രണ മുള്ളതിനാൽ ഇൗ റൂട്ടിലെ സ്റ്റേഷനുകളിൽ 14 മിനിറ്റ്  ഇടവേളയിലേ ട്രെയിൻ വരൂ. 1 മാസം കഴിഞ്ഞാൽ ഇവിടെയും 7  മിനിറ്റ് ഇടവേളയിലാവും സർവീസ്. മഹാരാജാസ് സ്റ്റേഷൻ വരെ 10 ട്രെയിനുകളാണ് ഒരു ദിവസം സർവീസ് നടത്തുന്നത്. തൈക്കൂടത്തേക്കു മെട്രോ നീട്ടിയതോടെ അത് 14 ആവും.

മണിക്കൂറിൽ 90 കിലോമീറ്ററാണു മെട്രോയുടെ പരമാവധി വേഗം. മെട്രോ ഓടുന്നതാവട്ടെ മണിക്കൂറിൽ 45 കിലോമീറ്റർ വേഗത്തിൽ. തൈക്കൂടം ലൈൻ കമ്മിഷൻ ചെയ്യുന്നതിന്റെ ഭാഗമായി ട്രെയിൻ ഓപ്പറേറ്റർമാരായി  33 പേരെ അധികമെടുത്തു. ഇതിൽ 22 പേർ സ്റ്റേഷൻ ഡ്യൂട്ടിയിലും 11 പേർ ട്രെയിൻ ഡ്രൈവർമാരുമാണ്. 47 സുരക്ഷാ ജീവനക്കാരെ കൂടുതലെടുത്തു. 25 ട്രെയിനുകളാണു കൊച്ചി മെട്രോയ്ക്കുള്ളത്. 

കായൽ കണ്ടു യാത്ര

മറൈൻഡ്രൈവിന്റെ അരികിലൂടെ  മെട്രോ പോകുന്നില്ലെന്ന പരാതിയായിരുന്നു ഏറെക്കാലം. യാത്രക്കാരെ  കൊച്ചിയിലെ കായൽ  കാണിക്കാതെ എന്തു മെട്രോ എന്നായിരുന്നു ചോദ്യം. ഇനി അങ്ങനെ പറയാനാവില്ല. തൈക്കൂടത്തേക്കു പോകുമ്പോൾ എളംകുളം സ്റ്റേഷനടുത്ത് ഇരുവശത്തും ചിലവന്നൂർ കായൽ കാണാം. വൈറ്റില ഹബിലെത്തിയാൽ പുഴയ്ക്കു മുകളിലൂടെയാണു തൈക്കൂടത്തേക്കു യാത്ര.     രണ്ടും മനോഹരമായ രംഗപടം. സൗത്ത് റെയിൽവേ സ്റ്റേഷൻ കഴിഞ്ഞു റെയിൽ പാളത്തിനു മുകളിലൂടെ മെട്രോ വല്ലാത്തൊരു വളവു വളയും. കാൻഡിലീവർ പാലമാണത്. നടുവിൽ തൂണു പണിയാതെ, താഴെ റെയിൽവേ ട്രാക്കിന് ഇരുവശത്തും പണിത തൂണിലേക്കു  ഭാരം ഉറപ്പിച്ച കാൻഡിലീവർ പാലം. ഇത്തരമൊരു പാലം രാജ്യത്തു വേറൊരു മെട്രോയിലുമില്ല.  

ട്രിപ് പാസിനു 33 % നിരക്ക് ഇളവ്

മെട്രോയിൽ സ്ഥിരം യാത്ര ഉദ്ദേശിക്കുന്നുണ്ടെങ്കിൽ  ട്രിപ് പാസെടുക്കുന്നതാവും നല്ലത്. 60 ദിവസത്തെ ട്രിപ് പാസ് എടുത്താൽ ടിക്കറ്റ് നിരക്കിന്റെ 33 % ഇളവുണ്ട്. 30 ദിവസത്തെ ട്രിപ് പാസിന് 25 % ഇളവ്. കൊച്ചി വൺ കാർഡ്, ക്യൂആർ കോഡ് ടിക്കറ്റ് എന്നിവയാണു മറ്റു ടിക്കറ്റുകൾ. കൊച്ചി വൺ കാർഡ് ഉപയോഗിക്കുന്നവർക്ക് 20 % ടിക്കറ്റ് നിരക്ക് ഇളവുണ്ട്. 30 ദിവസത്തെ ട്രിപ് പാസെടുത്താൽ 30 ദിവസത്തിനുള്ളിൽ 30 പ്രാവശ്യം യാത്ര ചെയ്യാം. 

ഒരു ദിവസം നിശ്ചിത യാത്രയെന്നു പരിമിതപ്പെടുത്തിയിട്ടില്ല. ആകെ 30 യാത്ര എന്നു മാത്രം. ട്രിപ് പാസെടുക്കാൻ കൊച്ചി വൺ കാർഡ് വേണം. കാർഡിലേക്കാണു ട്രിപ് പാസ് ആഡ് ചെയ്യുന്നത്. എല്ലാ സ്റ്റേഷനുകളിലും കൊച്ചി വൺ കാർഡ്, ട്രിപ് പാസ് എന്നിവ എടുക്കാൻ സൗകര്യമുണ്ട്. ഒരു തിരിച്ചറിയൽ രേഖ വേണം. ആവശ്യമുള്ള തുക കാർഡിൽ ഇടാം. ട്രിപ് പാസിലേക്ക് ഇടുന്ന പണം ടിക്കറ്റിനു മാത്രമേ ഉപയോഗിക്കൂ. കാർഡിൽ ഇടുന്ന പണം ടിക്കറ്റിനും കാർഡ് ഉപയോഗിച്ചു ഷോപ്പിങിനും ഉപയോഗിക്കാം. 

തൈക്കൂടം– ആലുവ 60 രൂപ

തൈക്കൂടത്തു നിന്ന് ആലുവയ്ക്കു പോകാൻ 60 രൂപ മതി. മിനിമം ചാർജ് 10 രൂപ. മഹാരാജാസ് കോളജിൽ നിന്നു സൗത്ത്, കടവന്ത്ര, എളംകുളം സ്റ്റേഷൻ വരെ 10 രൂപയാണു ചാർജ്. വൈറ്റില, തൈക്കൂടം സ്റ്റേഷനുകളിലേക്ക്  20 രൂപ. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama