go

ഫ്ലാറ്റ് പൊളിക്കൽ: എത്രയും പെട്ടെന്നു നടപടി എടുക്കണം

kochi-flat
SHARE

മരട് ∙ സുപ്രീം കോടതി വിധിയുടെ അട‌ിസ്ഥാനത്തിൽ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ നഗരസഭയ്ക്കു സർക്കാർ നിർദേശം. സുപ്രീം കോടതിയുടെ അന്ത്യശാസനത്തിന്റെ പശ്ചാത്തലത്തിലാണ് നഗരസഭയെ ഉത്തരവാദിത്തം ഏൽപിച്ച് സർക്കാർ കൈകഴുകിയത്. സഹായങ്ങൾ സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. കലക്ടറുടെ നേതൃത്വത്തിൽ എത്രയും പെട്ടെന്നു പൊളിക്കൽ നടപടി എടുക്കണം എന്ന് അഡിഷനൽ ചീഫ് സെക്രട്ടറിക്കു വേണ്ടി ഡപ്യൂട്ടി സെക്രട്ടറി എൻ. സജുകുമാറിന്റെ ഉത്തരവ് നഗരസഭാ സെക്രട്ടറി ആരിഫ് ഖാൻ ഇന്നലെ കൈപ്പറ്റി.

താമസക്കാരെ ഒഴിപ്പിച്ച് കലക്ടറുമായി ആലോചിച്ച് പുനരധിവസിപ്പിക്കണം. സുരക്ഷിതമായി പൊളിക്കാൻ ഏജൻസിയെ കണ്ടെത്താൻ അടിയന്തര കരാർ ക്ഷണിക്കണം. നടപടികൾ സ്വീകരിച്ച് 18നകം മറുപടി നൽകണം. വിഷയം ഗൗരവമായി എടുത്തില്ലെങ്കിൽ അച്ചടക്ക ലംഘനമായി കാണുമെന്നും ഉത്തരവിൽ പറയുന്നു.

അടിയന്തര കൗൺസിൽ ഇന്നു ചേർന്നേക്കും

പ്രത്യേക സാഹചര്യം പരിഗണിച്ച് നഗരസഭയിലെ ഓണാവധി മാറ്റിവച്ചതായി നഗരസഭാധ്യക്ഷ ടി.എച്ച്. നദീറ പറഞ്ഞു. എൻജിനീയറിങ് വിഭാഗം ഇന്നലെയും പ്രവർത്തിച്ചു. ഇന്നു രാവിലെ ചേരുന്ന സ്റ്റിയറിങ് കമ്മിറ്റിയിൽ അടിയന്തര കൗൺസിൽ വിളിക്കാൻ തീരുമാനിക്കും. കൗൺസിൽ യോഗം ഇന്നു തന്നെ വിളിക്കാനാണു സാധ്യതയെന്നും നഗരസഭാധ്യക്ഷ പറഞ്ഞു. തീരദേശ നിയമം ലംഘിച്ചു പണിത 5 ഫ്ലാറ്റുകൾ 20നുള്ളിൽ പൊളിച്ച് 23ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണം എന്നാണ് സുപ്രീം കോടതി ഉത്തരവ്.

വിവര ശേഖരണം തുടങ്ങി

പൊളിക്കാൻ ഉത്തരവിട്ട ഫ്ലാറ്റുകളിലെ താമസക്കാരുടെ വിവര ശേഖരണം തുടങ്ങി. താമസക്കാരുടെ വിശദാംശങ്ങൾ തേടി ചോദ്യാവലി ഫ്ലാറ്റുകളിൽ വിതരണം ചെയ്തു. സ്വന്തമായി മറ്റൊരു സ്ഥലമുണ്ടോ? സാമ്പത്തിക സ്ഥിതി, തൊഴിൽ വിശദാംശങ്ങൾ, മാനസിക പ്രശ്നങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ചോദ്യാവലിയിൽ. സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകുന്നതിന്റെ ഭാഗമായാണ് വിവര ശേഖരണം എന്നാണു വിവരം.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama