go

മമ്മൂട്ടിയുടെ ജന്മദിന സമ്മാനം; ടെലിമെഡിസിൻ സേവനം

Ernakulam News
കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷന്റെ പത്താം വാർഷിക ആഘോഷേത്തോട് അനുബന്ധിച്ച് ഫൗണ്ടേഷന്റെയും രാജഗിരി കാൻസർ കെയർ വിഭാഗത്തിന്റെയും നേതൃത്വത്തിൽ തുടങ്ങുന്ന പുതിയ സേവന പദ്ധതികളുടെ ഉദ്ഘാടനം മൂന്നാർ കമ്മാളൻ കുടി ആദിവാസി കോളനി തലൈവർ ഗുരുസ്വാമിയും മമ്മൂട്ടിയും ചേർന്ന് നിർവഹിക്കുന്നു. ഗീവർഗീസ് യോഹന്നാൻ, കെ.മുരളീധരൻ, ഫാ.തോമസ് കുര്യൻ, ഫാ. ജോൺസൺ വാഴപ്പള്ളി എന്നിവർ സമീപം.
SHARE

കൊച്ചി ∙ നടൻ മമ്മൂട്ടിയുടെ ജന്മദിന സമ്മാനമായി വാഴച്ചാൽ പുകയിലപ്പാറ ആദിവാസി കോളനിയിൽ ടെലിമെഡിസിൻ സേവനം. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ ആലുവ രാജഗിരി ആശുപത്രിയുടെ സഹകരണത്തോടെയാണു പുകയിലപ്പാറയിലെ വനംവകുപ്പ് ഓഫിസിൽ ടെലിമെഡിസിൻ കേന്ദ്രം സജ്ജമാക്കിയത്. രാജഗിരി കാൻസർ കെയർ വിഭാഗവുമായി സഹകരിച്ച് ആദിവാസി സ്ത്രീകൾക്കായി സൗജന്യ കാൻസർ പരിശോധനയും നടത്തും.  ആദിവാസികൾക്കായി ഫൗണ്ടേഷൻ നടപ്പാക്കുന്ന ‘പൂർവിക’ത്തിന്റെ ഭാഗമാണു പുതിയ പദ്ധതികൾ. ഫൗണ്ടേഷന്റെ പത്താം വാർഷികാഘോഷം മൂന്നാർ മറയൂർ കമ്മാളംകുടി ആദിവാസി കോളനിയിലെ ഊരുമൂപ്പൻ ഗുരുസ്വാമി ഉദ്ഘാടനം ചെയ്തു.

രാജഗിരി ആശുപത്രിയിലെ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. സഞ്ജു വി. സിറിയക്കിനു ദീപശിഖ കൈമാറി കാൻസർ പരിശോധന പദ്ധതി മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. മനുഷ്യരിൽ നഷ്ടപ്പെട്ടുപോയിട്ടില്ലാത്ത നൻമയുടെ തെളിവുകളാണ് ഇത്തരം സംരംഭങ്ങളെന്ന് മമ്മൂട്ടി പറഞ്ഞു. ടെലിമെഡിസിൻ എന്നതു വിശാലമായ ഒരു ചികിത്സാ സംവിധാനമാണ്. എത്തിച്ചേരാൻ പ്രയാസമുള്ള മേഖലകളിൽ ഒരു കൺസൽറ്റൻസി പോലെയാണ് ഈ കേന്ദ്രം പ്രവർത്തിക്കുക. ആവശ്യമുള്ളവരെ ആശുപത്രികളിലെത്തിച്ചു വിദഗ്ധ ചികിത്സ നൽകുമെന്നും മമ്മൂട്ടി പറഞ്ഞു. വാഴച്ചാൽ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസുമായി സഹകരിച്ചാണു ടെലിമെ‍ഡിസിൻ കേന്ദ്രം സജ്ജീകരിച്ചത്. പ്രധാനപാതയിൽ നിന്നു 3 മണിക്കൂറോളം യാത്ര ചെയ്തു മാത്രം എത്തിച്ചേരാനാവുന്ന കാടിനുള്ളിലെ ഉൾപ്രദേശമാണു പുകയിലപ്പാറ. വയനാട്ടിലെ മധ്യപാടി ആദിവാസി ഗ്രാമത്തിലെ ഒരു ഊര് ദത്തെടുക്കാനുള്ള വാഗ്ദാനപത്രം മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷനൽ– സൗദി അറേബ്യ ചാപ്റ്റർ ഭാരവാഹികൾ മമ്മൂട്ടിക്കു കൈമാറി.

ആത്മീയ– സാമൂഹിക ഓൺലൈൻ ചാനലായ ‘ഗോഡ്സ് ഓൺ ടിവി’യുടെ സ്വിച്ച് ഓൺ കർമം മമ്മൂട്ടി നിർവഹിച്ചു. കേക്ക് മുറിച്ചു ജന്മദിനത്തിന്റെയും ഫൗണ്ടേഷന്റെ പത്താം വാർഷികത്തിന്റെയും സന്തോഷം മമ്മൂട്ടി പങ്കുവച്ചു. ഫൗണ്ടേഷൻ ചെയർമാൻ കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ, മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ, ഡയറക്ടർമാരായ റോബർട്ട് കുര്യാക്കോസ്, ജോർജ് സെബാസ്റ്റ്യൻ, രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി, ഡയറക്ടർ– റിലേഷൻസ് വി.എ. ജോസഫ്  തുടങ്ങിയവർ പ്രസംഗിച്ചു.  പുകയിലപ്പാറയിലെ ടെലിമെഡിസിൻ കേന്ദ്രത്തിൽ നിന്ന് റേഞ്ച് ഫോറസ്റ്റ് ഓഫിസർ നിതിൻ ലാൽ, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ ടി.കെ. ലോഹിതാക്ഷൻ, കെ.ഒ. ജോയ് എന്നിവർ വിഡിയോ കോൺഫറൻസിങ്ങിലൂടെ പരിപാടിയിൽ പങ്കെടുത്തു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama