go

13 കേസുകളിൽ പ്രതി, കോടതിയിൽ കീഴടങ്ങൽ; പക്ഷേ ഇത്തവണ പിടിച്ചു!

Ernakulam News
ബോബി.
SHARE

മലയാറ്റൂർ∙ ഗുണ്ടാസംഘാംഗത്തിന്റെ വീട്ടിൽ കയറി അക്രമം നടത്തിയ ഒട്ടേറെ കേസുകളിലെ പ്രതിയായ മറ്റൊരു ഗുണ്ടയെ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി. കാടപ്പാറ തോട്ടങ്കര ബോബിയെയാണു(35) പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്. പിടികൂടാൻ വന്ന പൊലീസിനെ പ്രതി ഭീഷണിപ്പെടുത്തുകയും എസ്ഐ റിൻസ് എം.തോമസിനെ കമ്പിവടി കൊണ്ടടിക്കുകയും ചെയ്തു.

എസ്ഐ പെട്ടെന്നു തല കുനിച്ചതിനാൽ മുഖത്ത് അടിയേറ്റില്ല. കൂടെയുണ്ടായിരുന്ന മറ്റു പൊലീസുക്കാർ‍ പ്രതിയുടെ കൈയിൽ നിന്നു ബലപ്രയോഗത്തിലൂടെ കമ്പിവടി പിടിച്ചു വാങ്ങി. ഇതിനിടയിൽ സിപിഒ രജിത്തിന്റെ കൈ പ്രതി കടിച്ചു മുറിക്കുകയും ചെയ്തു. ഏറെ നേരത്തെ മൽപിടിത്തത്തിനു ശേഷമാണു പ്രതിയെ പൊലീസ് കീഴടക്കിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

കാടപ്പാറ ചമ്മിനി ഈസ്റ്റ് കോളനി വെട്ടിക്കാട് ഷൈന്റെ വീട്ടിലാണു പ്രതി ആക്രമണം നടത്തിയത്. രാത്രി 8.30നു ബോബിയും സംഘവും ഷൈന്റെ വീടിന്റെ വാതിൽ ‍ഇരുമ്പുവടിയുപയോഗിച്ചു തല്ലിപ്പൊളിച്ച് അകത്തുകയറി വീട്ടുപകരണങ്ങൾ തല്ലിത്തകർത്തു.

വീട്ടുകാർ ബഹളം വച്ചപ്പോൾ പ്രതികൾ പുറത്തിറങ്ങി വീട്ടുമുറ്റത്തു കിടന്നിരുന്ന ബൈക്കും കാറിന്റെ ചില്ലുകളും തല്ലിത്തകർത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അയൽവാസികൾ വിവരം അറിയിച്ചതിനെത്തുടർന്നു സ്ഥലത്തെത്തിയ കാലടി പൊലീസ് ബോബിയും സംഘവും ബൈക്കിൽ പോകുന്നുണ്ടെന്നറിഞ്ഞു പിന്തുടർന്നു മുണ്ടങ്ങാമറ്റം ഭാഗത്തു വച്ചു കീഴടക്കുകയായിരുന്നു. ബോബിയും ഷൈനും നേരത്തെ ഒരേ ഗുണ്ടാസംഘത്തിൽ പെട്ടവരായിരുന്നെന്നും ഷൈൻ ഇതിൽ നിന്നു വിട്ടുപോയതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയതെന്നും പൊലീസ് പറഞ്ഞു.

ഷൈനെതിരെ ബോബി നേരത്തെ വധഭീഷണി മുഴക്കിയിരുന്നു. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന്റെ പേരിലും ബോബിക്കെതിരെ കേസെടുത്തു. 3 കൊലപാതകശ്രമം അടക്കം 13 ക്രിമിനൽ കേസുകളിൽ പ്രതിയായ ബോബിയെ ആദ്യമായാണു പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഓരോ പ്രാവശ്യവും കുറ്റകൃത്യം നടത്തിയതിനു ശേഷം തമിഴ്നാട്ടിൽ ഒളിവിൽ കഴിയുന്ന പ്രതി കോടതിയിൽ കീഴടങ്ങാറാണു പതിവ്.

കാപ്പ നിയമപ്രകാരം പ്രതി നേരത്തെ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. എസ്എച്ച്ഒ ടി.ആർ.സന്തോഷിന്റെ നേതൃത്വത്തിൽ എസ്ഐ റിൻസ് എം. തോമസ്, എസ്പിഒമാരായ ജോർജ്, രജിത്ത്, ഷംസു, അനിൽ,‍ സെബാസ്റ്റ്യൻ, എഎസ്ഐ ജോയി എന്നിവരടങ്ങിയ പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama