go

അങ്ങനെ ‘മിനുങ്ങേണ്ട’; റൺ‌വേ നവീകരണത്തിനു സിയാൽ

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ നവീകരണത്തിനു തയാറാക്കിയ ബിറ്റുമിൻ മിക്സിങ് പ്ലാന്റ്.
SHARE

നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവള റൺ‌വേ നവീകരണത്തിനൊരുങ്ങി. 4 മാസത്തിലേറെ നീളുന്ന നവീകരണ പ്രവർത്തനങ്ങളുടെ ആദ്യപടിയായി വിമാനത്താവളം അടച്ചിടേണ്ടി വരുന്ന സമയത്തെ വിമാനങ്ങളുടെ സമയപുനഃക്രമീകരണം പൂർത്തിയാകുന്നു. വിരലിലെണ്ണാവുന്ന സർവീസുകൾ മാത്രമാണു റദ്ദാക്കേണ്ടി വന്നത്. അടുത്ത മാസം 20 മുതൽ 2020 മാർച്ച് 28 വരെയാണു റീകാർപറ്റിങ് ജോലികൾ നടക്കുന്നത്. ആ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാകും നിർമാണ പ്രവർത്തനങ്ങൾ നടക്കുക. ഈ സമയത്തു വിമാനങ്ങൾക്കു നിയന്ത്രണമുണ്ടാകും.

ഈ കാലയളവിലെ പകൽസമയ സർവീസുകൾ മുഴുവൻ രാത്രിയിലേക്കു മാറ്റും. ചിലതു മാത്രം റദ്ദാക്കിയിട്ടുണ്ട്. റൺവേയിൽ വിമാനങ്ങൾ ഓടി പല ഭാഗത്തും ഉപരിതലം ഇതിനകം വളരെ മിനുസമുള്ളതായി. ഇതു മൂലം റൺവേയുടെ ഉപരിതലത്തിലെ ഘർഷണ ശേഷി കുറയും. വിമാനങ്ങളുടെ സുഗമമായ ലാൻഡിങ്ങിനും ടേക് ഓഫിനും റൺവേ ഉപരിതലത്തിൽ ആവശ്യത്തിനു ഘർഷണം വേണം. ഇതിനാലാണു നിശ്ചിത കാലയളവുകളിൽ റൺവേ റീകാർപറ്റിങ് വേണ്ടിവരുന്നത്. 1999ലാണു കൊച്ചി രാജ്യാന്തര വിമാനത്താവളം പ്രവർത്തനം തുടങ്ങിയത്.

10 വർഷം കഴിഞ്ഞപ്പോൾ 2009ൽ ആദ്യ റൺവേ റികാർപറ്റിങ് നടന്നു. രണ്ടാമത്തെ റീകാർപറ്റിങ് ആണ് 2019ൽ നടക്കുന്ന്. 3400 മീറ്റർ നീളവും 60 മീറ്റർ വീതിയുമാണു റൺവേയ്ക്കുള്ളത്.  2.04 ലക്ഷം ചതുരശ്ര മീറ്റർ പ്രദേശത്താണു റീടാറിങ് നടത്തേണ്ടത്. റൺവേയുടെ ഓരോ ഭാഗത്തും റീടാറിങ് നടത്തും. ഓരോ ദിവസവും റീടാറിങ് നടക്കുന്ന സ്ഥലം അന്നുതന്നെ വൈകിട്ടോടെ സർവീസിനു സജ്ജമാക്കേണ്ടതുള്ളതിനാൽ ഏറെ സങ്കീർണമായ പ്രക്രിയയാണു റൺവേ റീകാർപറ്റിങ്. റൺവേ നവീകരണം പൂർത്തിയാക്കുന്നതോടൊപ്പം കൊച്ചി വിമാനത്താവളത്തിലെ റൺവേ ലൈറ്റിങ് സംവിധാനം കാറ്റഗറി മൂന്നിലേക്ക് ഉയരും. നിലവിൽ കാറ്റഗറി 1 ലൈറ്റിങ് സംവിധാനമാണിവിടെയുള്ളത്.

3400 മീറ്റർ നീളത്തിലുള്ള റൺവേയിൽ നിലവിൽ 30 മീറ്റർ അകലത്തിലാണു ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. കാറ്റഗറി നിലവാരമുയർത്തുന്നതിനു ലൈറ്റുകൾ തമ്മിലുള്ള അകലം 15 മീറ്റർ ആക്കി കുറയ്ക്കും. ഇതിനായി പുതുതായി 1500 പുതിയ ലൈറ്റുകൾ സ്ഥാപിക്കേണ്ടി വരും. റൺവേ ലൈറ്റിങ് സംവിധാനം കാറ്റഗറി 3ലേക്ക് ഉയരുന്നതോടെ മഴയോ, മഞ്ഞോ മൂലം കാഴ്ചക്കുറവുള്ളപ്പോഴും സുരക്ഷിതമായി വിമാനങ്ങൾക്ക്  ഇറങ്ങാൻ കഴിയുന്ന സംവിധാനം വരുന്നതോടെ വിമാനത്തവളത്തിന്റെ സുരക്ഷിതത്വവും ഉയരും. 151 കോടി രൂപ ചെലവിലാണു റൺവേ നവീകരിക്കുന്നത്. ടാർമാറ്റ് എന്ന കമ്പനിയാണു കരാർ എടുത്തത്. 

യാത്രക്കാരെ വലയ്ക്കില്ല

യാത്രക്കാരെ പരമാവധി ബുദ്ധിമുട്ടിക്കാതെയാവും റൺവേ റീകാർപറ്റിങ് ജോലികൾ നടത്തുക. രാവിലെ 10 മുതൽ വൈകിട്ട് 6 വരെ റൺവേ അടച്ചിടേണ്ടി വന്നാലും റദ്ദാക്കേണ്ടി വരുന്നതു വളരെക്കുറച്ചു സർവീസുകൾ മാത്രം. ബാക്കി വിമാനങ്ങളെല്ലാം സമയക്രമങ്ങൾ പുനഃക്രമീകരിച്ചു സർവീസ് നടത്തും. റൺവേ നവീകരണം സംബന്ധിച്ച് സിയാൽ ഒരു വർഷം മുൻപേ  വിമാനക്കമ്പനികളെ അറിയിച്ചിരുന്നു. അതിനാൽ വിമാനക്കമ്പനികൾക്കു തങ്ങളുടെ പകൽ സമയത്തെ സർവീസുകളേറെയും പുനഃക്രമീകരിക്കാനായി.

രാജ്യാന്തര വിമാനങ്ങൾ ഏറെയും ‍‍‍‍രാത്രിയാണു സർവീസ് നടത്തുന്നതെന്നതിനാൽ രാജ്യാന്തര യാത്രക്കാരെയും റൺവേ നവീകരണം കാര്യമായി ബാധിക്കുന്നില്ല. കൊച്ചി വിമാനത്താവളത്തിൽ പ്രതിദിനം ഇരുനൂറ്റിയൻപതോളം വിമാനങ്ങളാണ് ഇറങ്ങുകയും പറന്നുയരുകയും ചെയ്യുന്നത്. പകൽസമയത്തെത്തുന്നതും പുറപ്പെടുന്നതും പ്രധാനമായി ആഭ്യന്തര സർവീസുകളാണ്. രാജ്യാന്തര സെക്ടറിൽ സ്പൈസ് ജെറ്റിന്റെ മാലി വിമാനം മാത്രമാണു റദ്ദാക്കിയിട്ടുള്ളത്.

പകൽ സമയത്തെത്തുന്ന എയർ ഇന്ത്യയുടെ ജിദ്ദ,  ശ്രീലങ്കൻ എയർലൈൻസിന്റെ കൊളംബോ, കുവൈറ്റ് എയർവേയ്സിന്റെ കുവൈറ്റ് എയർവേയ്സ് തുടങ്ങിയ വിമാനങ്ങൾ സർവീസ് നടത്തുന്നത് വൈകിട്ട് 6 മണിക്കു ശേഷമാക്കിയിട്ടുണ്ട്. ആഭ്യന്തര സെക്ടറിൽ സ്പൈസ്ജെറ്റിന്റെയും എയർ ഇന്ത്യയുടെയും ചെന്നൈ സർവീസുകളും ഗോ എയറിന്റെ അഹമദാബാദ് സർവീസ്, അലയൻസ് എയറിന്റെ അഗത്തി, മൈസുരു സർവീസുകളും റദ്ദാക്കി. ബാക്കി സർവീസുകളെല്ലാം രാവിലെ പത്തിനു മുൻപോ, വൈകിട്ട് ആറിനു ശേഷമോ ആക്കി പുനഃക്രമീകരിച്ചു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama