go

യുവനടിയെ ഉപദ്രവിച്ച കേസ്; വനിതാ ജഡ്ജി ഇന്നു പരിഗണിക്കും

dileep-1
SHARE

കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസ് വനിതാ ജഡ്ജി അധ്യക്ഷയായ എറണാകുളം സിബിഐ പ്രത്യേക കോടതി ഇന്നു പരിഗണിക്കും. വിചാരണയ്ക്കു പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന യുവനടിയുടെ ഹർജി പരിഗണിച്ച് ഹൈക്കോടതിയാണു വനിതാ ജഡ്ജി ഹണി എം. വർഗീസിനെ നിയോഗിച്ചത്.വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് കഴിഞ്ഞ ഫെബ്രുവരി 25 ലെ ഉത്തരവിൽ നിർദേശിച്ചിരുന്നു.

എന്നാൽ, കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് പ്രതി ദിലീപ് നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിൽ ആയിരുന്നതിനാൽ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാൻ കോടതിക്കു കഴിഞ്ഞില്ല. ദിലീപിന്റെ ആവശ്യം തള്ളിയ സുപ്രീം കോടതി, 6 മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ നിർദേശിച്ചതോടെ വനിതാ ജഡ്ജിക്ക് ഇന്നു വിചാരണ നടപടികൾ ആരംഭിക്കാൻ കഴിയും.പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനായി കോടതിയുടെ അനുമതിയോടെ വിദേശത്തു പോയ ദിലീപ് ഡിസംബർ 2നു തിരിച്ചുവരും. വിചാരണ ആരംഭിക്കുന്നതിന്റെ പ്രാഥമിക നടപടി പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു കുറ്റം ചുമത്തലാണ്.

പ്രതികളെ നേരിട്ടു കോടതിയിൽ ഹാജരാക്കിയാണ് കുറ്റം ചുമത്തുന്നത്. പ്രതി കോടതിയിൽ ഹാജരല്ലെങ്കിലും പ്രതിഭാഗം അഭിഭാഷകൻ സമ്മതിച്ചാൽ ഈ കേസിൽ കോടതിക്ക് ഇന്നു വിചാരണ നടപടികൾ ആരംഭിക്കാൻ കഴിയും. അതിനു ശേഷം വിസ്താരത്തിനുള്ള പട്ടികയും തീയതിയും നിശ്ചയിച്ച് സാക്ഷികൾക്കു സമൻസ് അയയ്ക്കും. മുഖ്യ സാക്ഷിയായ യുവനടിയുടെ സാക്ഷിവിസ്താരം അടച്ചിട്ട കോടതിയിലാണു നടത്തുക. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ എ. സുരേശൻ ഹാജരാകും.

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്  നൽകില്ല; കാണാൻ മാത്രം അനുമതി

ന്യൂഡൽഹി ∙ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്റെ പകർപ്പ് നൽകണമെന്ന നടൻ ദിലീപിന്റെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. എന്നാൽ, ദിലീപിനും അഭിഭാഷകനും ഐടി വിദഗ്ധനും മെമ്മറി കാർഡിലെ ദൃശ്യങ്ങൾ വിചാരണക്കോടതിയിൽ വച്ച് പരിശോധിക്കാൻ അനുമതി നൽകി. സാധ്യമെങ്കിൽ 6 മാസത്തിനകം കേസിലെ വിചാരണ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.

മെമ്മറി കാർഡ് തൊണ്ടി മുതലല്ല, രേഖ തന്നെയാണെന്നും പ്രതിയെന്ന നിലയ്ക്ക് തനിക്ക് അതിന്റെ പകർപ്പിന് അവകാശമുണ്ടെന്നുമുള്ള ദിലീപിന്റെ വാദം കോടതി അംഗീകരിച്ചു. നീതിപൂർവകമായ വിചാരണയ്ക്കു പ്രതിക്ക് മൗലികാവകാശമുണ്ട്. എന്നാൽ, അതും നടിയുടെ സ്വകാര്യതയും തമ്മിൽ സന്തുലനം ആവശ്യമാണ്. അതുകൊണ്ടാണ് പകർപ്പ് ലഭ്യമാക്കുന്നതിനു പകരം, ദൃശ്യങ്ങളുടെ പരിശോധന മാത്രം അനുവദിക്കുന്നതെന്ന് ജഡ്ജിമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

ദൃശ്യങ്ങൾ പരിശോധിക്കാനുള്ള ദിലീപിന്റെ അപേക്ഷ പരിഗണിക്കേണ്ടത് മജിസ്ട്രേട്ടാണ്. പല തവണ ദൃശ്യങ്ങൾ പരിശോധിക്കാൻ അനുവദിക്കാം. എന്നാൽ, അതു വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാകാൻ അനുവദിക്കരുത്. ദൃശ്യങ്ങൾ കാണാൻ അനുവദിക്കുമ്പോൾ അവ പകർത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ജാഗ്രത വേണം. മൊബൈൽ ഫോണുൾപ്പെടെ, ദൃശ്യങ്ങളുടെ പകർപ്പെടുക്കാൻ ഉപയോഗിക്കാവുന്ന സാമഗ്രികളൊന്നും നടന്റെയും മറ്റും പക്കലില്ലെന്ന് ഉറപ്പാക്കണം.

ദൃശ്യങ്ങൾ മെമ്മറി കാർഡിലാക്കിയത് സംസ്ഥാന ഫൊറൻസിക് ലാബാണ്. അതു വേണമെങ്കിൽ കേന്ദ്ര ഫൊറൻസിക് ലാബിൽ പരിശോധനയ്ക്കു നൽകണമെന്നു ദിലീപിന് ആവശ്യപ്പെടാം. ആവശ്യപ്പെട്ടാൽ കോടതി അതിനു സംവിധാനമുണ്ടാക്കണം. ദിലീപിന് വിദഗ്ധ സഹായത്തോടെ കേന്ദ്ര ലാബിനായി ചോദ്യങ്ങൾ തയാറാക്കി നൽകാം. വിചാരണ തീരുംവരെ ചോദ്യങ്ങളും കേന്ദ്ര ലാബിന്റെ റിപ്പോർട്ടും രഹസ്യമായിരിക്കണം. റിപ്പോർട്ടിലെ വിവരങ്ങൾ പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിക്കുമ്പോൾ പ്രതിക്ക് ഉപയോഗിക്കാം.

നടിയുടെ പേര് ഹർജിയുടെ വിഷയ രേഖയിലൂടെ വെളിപ്പെടുത്തിയതു കണണക്കിലെടുത്തു തന്നെ ദിലീപിന്റെ ഹർജി തള്ളണമെന്ന് എതിർകക്ഷികൾ വാദിച്ചിരുന്നു. എന്നാൽ, പ്രഥമ വിവര റിപ്പോർട്ട്, നടി നൽകിയ മൊഴി, കുറ്റപത്രം, പൊലീസ് റിപ്പോർട്ട് എന്നിവയിലൂടെ പ്രോസിക്യൂഷൻ തന്നെ നടിയുടെ പേര് വെളിപ്പെടുത്തിയെന്ന ദിലീപിന്റെ വാദം കോടതി അംഗീകരിച്ചു. ദൃശ്യങ്ങൾ താൻ കണ്ടെന്ന ദിലീപിന്റെ അവകാശവാദം തെറ്റാണെന്ന വാദവും കോടതി അംഗീകരിച്ചില്ല. തനിക്കെതിരെയുള്ള തെളിവുകൾ പരിശോധിക്കാൻ പ്രതിക്കുള്ള അവകാശമാണ് കോടതി ഇതിനു പറഞ്ഞ കാരണം.

മെമ്മറി കാർഡിന്റെ പകർപ്പ് ലഭ്യമാക്കിയാൽ ദുരുപയോഗിക്കപ്പെടാനുള്ള സാധ്യതയും കോടതി തള്ളിക്കളഞ്ഞില്ല. കേസിൽ ഇപ്പോൾ 8 പ്രതികളുണ്ട്. 8ാം പ്രതിയായ ദിലീപിന് പകർപ്പു നൽകിയാൽ, മറ്റു പ്രതികളും അതേ ആവശ്യമുന്നയിക്കും. അപ്പോൾ എല്ലാ പ്രതികൾക്കും ദൃശ്യങ്ങളുടെ പകർപ്പു ലഭിക്കുന്ന സ്ഥിതിയുണ്ടാകും. ഏതു തരത്തിലുള്ള സുരക്ഷാസംവിധാനം ഏർപ്പെടുത്തിയാലും ദുരുപയോഗം തടയാൻ സാധിച്ചേക്കില്ലെന്നും കോടതി പറഞ്ഞു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama