go

ശിക്ഷിക്കാൻ നിയമമുണ്ട്, സംഘടനകൾ വേണ്ട: സലിം കുമാർ

salim-kumar-shane-nigam
SHARE

കൊച്ചി∙ നടൻ ഷെയ്ൻ നിഗത്തിനെതിരായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാടിനെ വിമർശിച്ച് നടൻ സലിം കുമാർ. തെറ്റു ചെയ്തെങ്കിൽ ശിക്ഷിക്കാൻ നിയമ സംവിധാനമുണ്ടെന്നും അത് സംഘടനകൾ ഏറ്റെടുക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമാ നിർമാണ മേഖലയിൽ മയക്കു മരുന്ന് ഉപയോഗം വ്യാപകമാണെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആരോപണം സിനിമയിലെ മുഴുവൻ കലാകാരൻമാരെയും ആക്ഷേപിക്കുന്നതിനു തുല്യമാണെന്നും ചൂണ്ടിക്കാട്ടി.

‘ഷെയ്നിനെതിരായ നടപടി മനുഷ്യാവകാശ ലംഘനമാണ്. ഷെയ്ൻ കോടതിയെ സമീപിച്ചാൽ വാദി പ്രതിയാകുമെന്നോർക്കുക.നമ്മളെ പോലെ തന്നെ ജീവിക്കാനും പണിയെടുക്കാനുമുള്ള അവകാശം ഷെയ്നിനുമുണ്ട്. ഷെയ്ൻ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ തിരുത്താൻ ഒരവസരം കൊടുക്കുക. വിരലിലെണ്ണാവുന്നവർ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെങ്കിൽ അവരെ പടത്തിൽ സഹകരിപ്പിക്കാതിരിക്കാനുള്ള അവകാശം നിർമാതാവിനുണ്ട്.

നിങ്ങൾ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്നു പറഞ്ഞ കലാകാരന്മാരുടെ മുഖം പോസ്റ്ററിൽ അടിച്ചിട്ടാണു തിയറ്ററിൽ ആളെക്കൂട്ടുന്നത്. കാടടച്ചു വെടിവയ്ക്കരുത്. ഈ കാട്ടിൽ ക്ഷുദ്രജീവികൾ കുറവാണ്.  ഇന്നുവരെ നമ്മുടെ വെടികൊണ്ടിട്ടുള്ളതു നിരുപദ്രവകാരികളായ ജീവികൾക്കാണെന്നും ഓർക്കുമല്ലോ.’- സമൂഹ മാധ്യമ കുറിപ്പിലൂടെ സലിം കുമാർ അഭിപ്രായപ്പെട്ടു.

പൊലീസ് അന്വേഷിക്കട്ടെ: ആഷിക് അബു

Aashiq Abu

കൊച്ചി∙ സിനിമയിൽ മുഴുവൻ ലഹരിയാണെന്നു പറഞ്ഞ് എല്ലാവരെയും അടച്ചാക്ഷേപിക്കുന്നതു ശരിയല്ലെന്നും ഇക്കാര്യത്തിൽ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ  പറയും പോലെ പൊലീസ് അന്വേഷിക്കട്ടെയെന്നും സംവിധായകൻ ആഷിക് അബു. ഷെയ്ൻ നിഗത്തിനെതിരായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടപടിയിൽ 2 ഭാഗത്തു നിന്നുമുണ്ടായ പ്രവൃത്തികൾ അപക്വമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘സിനിമയിൽ ലഹരി ഉപയോഗമുണ്ടെന്ന് നിർമാതാക്കൾ പറഞ്ഞിട്ടുണ്ടെങ്കിൽ അവർ കാരവാനൊക്കെ ഇടയ്ക്കു  പരിശോധിക്കുന്നതു കൊണ്ടായിരിക്കും. എന്റെ സിനിമകളുടെ സെറ്റിൽ അത്തരം അനുഭവം ഉണ്ടായിട്ടില്ല. ഷെയ്ൻ നിഗത്തിന്റെ ഭാഗത്തു നിന്നു  അപക്വമായ പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ട്. അതു തിരുത്തണം. മുടങ്ങിക്കിടക്കുന്ന സിനിമകൾ രണ്ടും ഷെയ്ൻ ആദ്യം ചെയ്തു തീർക്കണം. 

വിലക്കുക എന്നത് ഒരു കാലത്തും അംഗീകരിക്കാനില്ല. കരാർ ലംഘനം ഉണ്ടായാൽ നേരിടാൻ കോടതിയും നിയമവുമുണ്ട്. വളരെ വൈകാരികമായാണ് നിർമാതാക്കളുടെ സംഘടന വിഷയം കൈകാര്യം ചെയ്തത്. അവരുടെ പത്രസമ്മേളനം അപക്വമായിപ്പോയി. പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനാണു സംഘടനകൾ ശ്രമിക്കേണ്ടത്, ഊതി വീർപ്പിച്ചു ഗുരുതരമാക്കാനല്ല’- ആഷിക് അബു പറഞ്ഞു.

വിലക്കുന്നതിനോട് യോജിപ്പില്ല: വിനയൻ

vinayan-shane-nigam

കൊച്ചി∙ ഷെയ്ൻ നിഗം തെറ്റു തിരുത്താൻ തയ്യാറാവണമെന്നും അതേസമയം ജീവിത മാർഗം തടഞ്ഞുകൊണ്ട് ഒരു വ്യക്തിയെ ഒറ്റപ്പെടുത്തി വിലക്കുന്നതിനോട് യോജിക്കാനാവില്ലെന്നും സംവിധായകൻ വിനയൻ. അമ്മ പ്രസിഡന്റായ മോഹൻലാൽ ഇടപെട്ടാൽ അര മണിക്കൂർ കൊണ്ട് ഷെയ്നെ കാര്യങ്ങൾ ബോധ്യപ്പെടുത്താനാവുമെന്നാണു വിശ്വാസമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഷെയ്നിന്റെ അച്ചടക്കമില്ലായ്മ തെറ്റു തന്നെയാണ്. ഭാഗ്യം കൊണ്ടു ലഭിച്ച നല്ല തുടക്കം സ്വയം നശിപ്പിക്കരുത്.

തനിക്കു ലഭിച്ച ഭാഗ്യം തന്റെ മാത്രം അസാമാന്യ കഴിവുകൊണ്ടാണെന്നുള്ള അഹങ്കാരം ഷെയ്നിനു വന്നിരിക്കുന്നു എന്നത് അപകടകരമാണ്. അതു നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. താരാധിപത്യത്തെ എന്നും എതിർത്തിട്ടുണ്ടെങ്കിലും തൊഴിൽ വിലക്ക് ഒഴിവാക്കണം. ഷെയ്ൻ തെറ്റ് ഏറ്റുപറയുകയും പാതി വഴിയിലായ 3 സിനിമകളും ഉപാധികളില്ലാതെ നിർമ്മാതാവും സംവിധായകനും പറയുന്ന രീതിയിൽ തീർത്തുകൊടുക്കയും വേണം. മറ്റു സിനിമകളിൽ ജോലി ചെയ്യാനുള്ള അനുവാദം ഷെയ്നു കൊടുക്കണം.’- വിനയൻ അഭിപ്രായപ്പെട്ടു.

അബിയുടെ ഓർമദിനത്തിൽ കുടുംബചിത്രം പങ്കുവച്ച് ഷെയ്ൻ

കൊച്ചി∙ താനുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തി നിൽക്കെ പിതാവ് അബിയുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ കുടുംബചിത്രം പങ്കുവച്ച് നടൻ ഷെയ്ൻ നിഗം. ‘ഇന്നു വാപ്പിച്ചിയുടെ ഓർമദിനമാണ്. നിങ്ങളുടെ പ്രാർഥനകളിൽ ഉൾപ്പെടുത്തണം’- ചിത്രത്തിനൊപ്പം ഷെയ്ൻ കുറിച്ചു. രക്ത സംബന്ധമായ അസുഖം ബാധിച്ച് 2017 നവംബർ 30ന് ആണ് മിമിക്രി താരവും നടനുമായ അബി അകാലത്തിൽ മരിച്ചത്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama