go

ഓർമകളിൽ ഇനിയെന്നും അഗതികളുടെ ലില്ലിയമ്മച്ചി

 മാത്യുവും ലില്ലിയും (മധ്യത്തിൽ) മരിയാലയത്തിലെ അന്തേവാസികൾക്കൊപ്പം. (ഫയൽചിത്രം)
മാത്യുവും ലില്ലിയും (മധ്യത്തിൽ) മരിയാലയത്തിലെ അന്തേവാസികൾക്കൊപ്പം. (ഫയൽചിത്രം)
SHARE

കൂത്താട്ടുകുളം ∙ ആരോരുമില്ലാത്തവരും തെരുവിലലഞ്ഞവരുമായ നൂറുകണക്കിന് അഗതികൾക്ക് സ്വന്തം വീട്ടിൽ അഭയവും കരുതലും ഏകിയ ലില്ലി അമ്മച്ചി ഇനി ഓർമകളിൽ. ഇലഞ്ഞി പൊൻകുറ്റിയിലെ മരിയാലയം എന്ന അഗതിമന്ദിരത്തിലെ മക്കൾക്കായി നീക്കിവച്ച ജീവിതമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച നാരംവേലിൽ ലില്ലി മാത്യുവിന്റേത്  (79). ആരോരുമില്ലാതെ തെരുവിലൂടെ അലയുന്ന 5 പേരെയെങ്കിലും സ്വന്തം ഭവനത്തിൽ കൊണ്ടുവന്ന് അവർക്ക് ജീവിതകാലം മുഴുവൻ അഭയമേകണമെന്ന ലില്ലിയുടെയും ഭർത്താവ് എൻ.വി. മാത്യുവിന്റെയും കൂട്ടായ തീരുമാനമായിരുന്നു മരിയാലയത്തിന്റെ പിറവിക്കു പിന്നിൽ. 25 വർഷം മുൻപ് പൊൻകുറ്റിയിലെ ഓലമേഞ്ഞ വീട്ടിൽ 5 പെൺമക്കളടങ്ങുന്ന ഈ കുടുംബത്തിനൊപ്പം കഴിഞ്ഞത് ഇരുപതോളം അഗതികളായിരുന്നു. ഏറെയും മനോദൗർബല്യം മൂലം തെരുവിൽ അലഞ്ഞിരുന്നവർ. ഓലപ്പുരയുടെ അകത്തളം ഇവർക്കായി നൽകി മാത്യു അന്തിയുറങ്ങിയിരുന്നത് വരാന്തയിൽ പായ വിരിച്ച്.

ഇതൊരു അഭയകേന്ദ്രമായി അറിയപ്പെടാൻ തുടങ്ങിയതോടെ തെരുവിൽ നിന്നും മറ്റുമായി പൊലീസും സന്നദ്ധ സംഘടനാ പ്രവർത്തകരും ഇവിടെ എത്തിക്കുന്നവരുടെ എണ്ണം കൂടി വന്നു. അപ്പോഴാണ് അടച്ചുറപ്പുള്ള ഒരു കെട്ടിടത്തെക്കുറിച്ച് ചിന്തിച്ചത്. കുടുംബസ്വത്ത് ഇതിനായി മാറ്റിയും സന്നദ്ധ സംഘടനകളുടെ സഹായത്തോടെയും നിർമിച്ച കെട്ടിടത്തിലാണ് ഇപ്പോൾ മരിയാലയം പ്രവർത്തിക്കുന്നത്. വിലമതിക്കാതാകാത്ത സേവനത്തിന് മാത്യുവിനും ലില്ലിക്കും ലഭിച്ച പുരസ്കാരങ്ങൾ ഒട്ടേറെ. സേവനസന്നദ്ധരായ മക്കളും മരുമക്കളും തുടക്കം മുതൽ മാത്യുവിനും ലില്ലിക്കും ഒപ്പം മരിയാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങേകി വരുന്നു. മരിയാലയത്തിലെ അറുപതോളം പ്രിയമക്കളെ കണ്ണീരിലാഴ്ത്തിയാണ് അമ്മച്ചി യാത്രയാകുന്നത്. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama