ഗതകാലസ്മരണയുണർത്തി പുരാവസ്തു പ്രദർശനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

 തൊടുപുഴ ന്യൂമാൻ കോളജ് ഗ്രൗണ്ടിൽ ആരംഭിച്ച മലയാള മനോരമ കർഷകശ്രീ കാർഷിക മേളയിൽ പ്രദർശനത്തിന് വച്ചിരിക്കുന്ന പുരാതന കാർ­ഷി­ക ഉപ­ക­ര­ണ­ങ്ങ­ൾ കാണാനെത്തിയവർ.       ചിത്രം: മനോരമ തൊടുപുഴ ന്യൂമാൻ കോളജ് ഗ്രൗണ്ടിൽ ആരംഭിച്ച മലയാള മനോരമ കർഷകശ്രീ കാർഷിക മേളയിൽ പ്രദർശനത്തിന് വച്ചിരിക്കുന്ന പുരാതന കാർ­ഷി­ക ഉപ­ക­ര­ണ­ങ്ങ­ൾ കാണാനെത്തിയവർ. ചിത്രം: മനോരമ

തൊടുപുഴ ∙ ‘‘കുറച്ചുകാലം മുൻപു വരെ എന്റെ വീട്ടിലുണ്ടായിരുന്നതാണിത്. ഇതു കാണുമ്പോൾ പാടത്തു വിയർപ്പൊഴുക്കി ജീവിതം മുന്നോട്ടു കൊണ്ടുപോയ കാലം ഓർമവരുന്നു’’– പുരാവസ്തു ശേഖരത്തിലെ നിലം ഉഴാനുപയോഗിക്കുന്ന ഞവരി കണ്ട് കോട്ടയത്തു നിന്നെത്തിയ ജോസഫ് ഗതകാല സ്മരണകളിലേക്കു പോയി. തൊടുപുഴ ന്യൂമാൻ കോളജ് ഗ്രൗണ്ടിൽ കർഷകശ്രീ കാർഷികമേളയോടനുബന്ധിച്ച് ഒരുക്കിയ പുരാവസ്തു പ്രദർശനം കാഴ്ചക്കാരെ ഗൃഹാതുരത്വത്തിലേക്കു കൂട്ടിപ്പോകുകയാണ്. 

തോട്ടിലും വെള്ളക്കെട്ടിലും മീൻ പിടിക്കാനുപയോഗിച്ച മീൻകൂടയും ഒറ്റാലും; അടുക്കളയിൽ കറികളും മറ്റും സൂക്ഷിക്കാനുപയോഗിച്ച മല്ലിത്തൂക്കും ചുരയ്ക്കാത്തോടും... ഇങ്ങനെ ഒരുകാലത്തു മിക്ക വീടുകളിലും കാണപ്പെട്ടിരുന്നതും ഇപ്പോൾ ആധുനിക ഉപകരണങ്ങൾക്കും യന്ത്രങ്ങൾക്കും വഴിമാറിക്കൊടുത്തതുമായ വസ്തുക്കളാണു പ്രദർശനത്തിലുള്ളത്. മീൻകൂട്, വിത്തുകൂട്, കാവിക്കൂട്, കുത്തുകൂട്, മരവി, നീറ്റുകുടം, പഴയ പിച്ചള ചോറ്റുപാത്രം, കഞ്ഞി വാർക്കുന്ന പാത്തിയേര തുടങ്ങിയവ പഴയ വീട്ടമ്മമാരുടെ ജീവിതത്തിന്റെ ഭാഗമാണ്.

ബാങ്കിങ് സൗകര്യം ഇല്ലാത്ത കാലത്തു സമ്പാദ്യം സൂക്ഷിക്കാനുപയോഗിച്ച ആമാടപ്പെട്ടി കുടിയേറ്റ കർഷകരുടെ മനസ്സിൽ കൗതുകമുണർത്തുന്നു.   നിലം ഉഴുതു മറിച്ച ഇരുമ്പു കലപ്പയും നുകവും വെള്ളം തേകാനുപയോഗിച്ച തേക്കുകൊട്ടയും നെൽകർഷകർക്കു സുപരിചിതമാണ്. പ്രദർശനത്തിലുള്ള നെല്ല് പാറ്റുന്ന സ്റ്റാൻഡ് ഒട്ടുമിക്കവർക്കും പുതിയ കാഴ്ചയാണ്. ഇതുകൂടാതെ പഴയ ഹാർമോണിയമുൾപ്പെടെ അൻപതിൽപരം പുരാവസ്തുക്കളാണ് പ്രദർശനത്തിലുള്ളത്.

കർഷകമേളയിൽ ശ്രദ്ധ പിടിച്ചുപറ്റുന്ന പുരാവസ്തു പ്രദർശനം കൃഷിയെ സ്നേഹിച്ചെത്തുന്നവരുടെ മനസ്സിനു കുളിർമ പകരുകയാണ്. കോതമംഗലം മലയിൻകീഴ് പ്രവർത്തിക്കുന്ന ‘സംസ്കാര’യുടെ വകയാണു പ്രദർശന വസ്തുക്കൾ. പ്രവേശനം സൗജന്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.