go

മൂന്നു സെക്കൻഡ്, ടൗൺ തകർന്നടിഞ്ഞു; ഉരുൾപൊട്ടലിൽ സംഭവിച്ചതെന്ത്?

പന്നിയാർകുട്ടി ടൗൺ സ്ഥിതിചെയ്തിരുന്ന ഭാഗം ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ഒലിച്ചു പോയ നിലയിൽ. ചിത്രം: അരവിന്ദ് ബാല
SHARE

രാജാക്കാട് ∙ കഴിഞ്ഞ മാസം 17ന് ഉച്ചയ്ക്കു 2.30ന് ആയിരുന്നു പന്നിയാർകുട്ടി ടൗൺ ഒലിച്ചുപോയത്. ശക്തമായ മഴയെ തുടർന്നു മാട്ടുപ്പെട്ടി, പൊൻമുടി അണക്കെട്ടുകൾ തുറന്നുവിട്ടിരുന്നു. 14നു രാവിലെ 11നു ദേവികുളം സബ് കലക്ടർ വി.ആർ.പ്രേംകുമാർ പന്നിയാർകുട്ടിയിലെത്തി ജനങ്ങളോടു മാറിത്താമസിക്കാൻ നിർദേശിച്ചു. പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നു പിറ്റേദിവസം പുലർച്ചെ രണ്ടിനു പല വീടുകളിലും വെള്ളം കയറി. 16നു രാവിലെ പുഴയിലെ ജലനിരപ്പ് താഴ്ന്നു. 

17ന് രാവിലെ നല്ല കാലാവസ്ഥയായിരുന്നു. ഉച്ചയ്ക്കു 12നു പന്നിയാർകുട്ടി ടൗണിൽ നേരിയ മലയിടിച്ചിലുണ്ടായി. 2.30നു മലയിടിഞ്ഞു പുഴയിൽ പതിച്ചു. ആഘാതത്തിൽ പുഴയിൽ വെള്ളം ഉയർന്നു. തുടർന്നു പുഴയ്ക്ക് അക്കരെയുള്ള വീടുകളിൽ വെള്ളം കയറി. മലയിടിഞ്ഞതിനെ തുടർന്നു വാഴക്കലുങ്കിൽ ഗിരീഷിന്റെ വീടുൾപ്പെടെ തകർന്നു.  

മണ്ണിടിച്ചിൽ സമയത്തു ഗിരീഷും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. ‘‘സഹോദരൻ ഷാജുവിന്റെ വീട്ടിൽനിന്നു ഭക്ഷണം കഴിച്ചശേഷം കൈ കഴുകാൻ പുറത്തേക്കിറങ്ങിയപ്പോഴാണു മലയിടിഞ്ഞതു ഞാൻ കണ്ടത്. മൂന്നു സെക്കൻഡിനുള്ളിൽ എല്ലാം കഴിഞ്ഞു. അപകടസാധ്യത മുന്നിൽക്കണ്ട് 14നുതന്നെ 50 മീറ്റർ അകലെയുള്ള ഷാജുവിന്റെ വീട്ടിലേക്കു മാറിയതിനാൽ രക്ഷപ്പെട്ടു.’’ – 30 വർഷമായി പന്നിയാർകുട്ടി ടൗണിൽ പലചരക്കുകട നടത്തുന്ന അമ്പലത്തിങ്കൽ എ.കെ.തങ്കച്ചൻ പറഞ്ഞു.  

 ‘‘മലയുടെ മുകളിൽനിന്നു വലിയൊരു ഭാഗം ഊർന്നുവന്നു. ശബ്ദം ഇല്ലായിരുന്നു. സഹോദരൻ ഷാജുവിന്റെ ഭാര്യ മായ, എന്റെ ഭാര്യ സലീല, ഷാജുവിന്റെ മക്കളായ സൂര്യ, അർജുൻ എന്നിവർ നിലവിളിച്ചുകൊണ്ടു പുറത്തേക്കോടി. മലയിടിഞ്ഞു പുഴയിലേക്കു പതിച്ചതിനെ തുടർന്ന് 75 അടി ഉയരത്തിൽ വെള്ളം പൊങ്ങി. സൂനാമിത്തിരമാല പോലെയായിരുന്നു അത്. തൊട്ടടുത്ത നിമിഷം ഈ വെള്ളം പുഴയുടെ മറുകരയിലേക്ക് ഇരച്ചുകയറുകയായിരുന്നു. 

എന്റെ വീടും കടയും ഒഴുകിപ്പോയി. ഒഴുകയിൽ ജയിംസിന്റെ വീടു തകർന്നു. നവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, സമീപത്തെ അങ്കണവാടി, വെറ്ററിനറി സബ് സെന്റർ, അമ്പലത്തിങ്കൽ ഷാജിയുടെ വീട്, ആനത്താര ജോണിയുടെ കട, ഒഴുകയിൽ കൊച്ചിന്റെ കട എന്നിവ നശിച്ചു. 15 പേർ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.’’ 

21നു രാവിലെ കൊച്ചി ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ ടൗൺ ശുചീകരണം തുടങ്ങി. അഞ്ചു ദിവസത്തിനുള്ളിൽ 40 വീടുകളിലെ മണ്ണു മാറ്റി. മറ്റു സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഇതിൽ അണിനിരന്നു. പോത്തുപാറ – പന്നിയാർകുട്ടി നടപ്പാലം തകർന്നെങ്കിലും നാട്ടുകാർ ഇവിടെ ഇല്ലിപ്പാലം നിർമിച്ചു.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama