go

കണ്ണീർ തുടയ്ക്കാതെ കണ്ണറുത്തുമാറ്റി കൊള്ളപ്പലിശക്കാർ

Idukki-Blade-Mafia
SHARE

ചെറുതോണി–കട്ടപ്പന ∙ പ്രളയക്കെടുതിയിൽ കാർഷിക മേഖല തകർന്നടിഞ്ഞതോടെ കടക്കെണിയിലായ കർഷകരെ കൂടുതൽ ദുരിതത്തിലാക്കി ഹൈറേഞ്ചിന്റെ അതിർത്തി മേഖലകളിൽ തമിഴ്‌നാട്ടിൽ നിന്നുള്ള കൊള്ള പലിശ സംഘങ്ങൾ സജീവമാകുകയാണ്.

ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇത്തരം സംഘങ്ങൾ അമിത പലിശയ്ക്കാണു പണം കടം നൽകുന്നത്. ഇത്തരത്തിലുള്ള പല സംഘങ്ങൾ പ്രവർത്തിക്കുന്നതായാണു വിവരം. ആഴ്ചയിൽ എല്ലാ ദിവസവും വിവിധ മേഖലകൾ കേന്ദ്രീകരിച്ചാണു പണം നൽകുന്നത്. 5000 രൂപയ്ക്കു 1250 രൂപ വരെയാണു പലിശ ഇനത്തിൽ മാത്രം വാങ്ങുന്നത്. 

 ജീവിത സാഹചര്യം നേരിൽക്കണ്ട് ബോധ്യപ്പെട്ടശേഷം കൂടുതൽ തുക നൽകുന്നവരുമുണ്ട്. ഒരാൾക്കു 10000 രൂപ വരെയാണു പലരും നൽകുന്നത്. സ്ത്രീകൾക്കാണ് ഇവർ പണം അനുവദിക്കുക. അതിനാൽ ഏതെങ്കിലും ഒരാഴ്ച തിരിച്ചടവു മുടങ്ങിയാൽ ഭീഷണിപ്പെടുത്തുന്ന സാഹചര്യവുമുണ്ട്.

ഒരു പ്രദേശത്തു മാത്രം നൽകുന്ന തുകയിലൂടെ ഒരുദിവസം 25000 രൂപ വരെ ഇവർ പലിശ ഇനത്തിൽ ഈടാക്കിയാണു മടങ്ങുന്നതത്രേ. വിവിധ ഗ്രാമീണ മേഖലകളിൽ ലക്ഷക്കണക്കിനു രൂപ വട്ടിപ്പലിശയ്ക്കു നൽകുന്ന ഇത്തരം സംഘങ്ങൾ കൊള്ള ലാഭമാണു കൊയ്യുന്നത്. മുൻപ് കുബേര കേസുകൾ വ്യാപകമായതോടെ പിന്തിരിഞ്ഞ വട്ടിപ്പലിശക്കാരാണു വീണ്ടും സജീവമാകുന്നത്.

സർഫാസി നിയമത്തിന്റെ പേരിൽ കർഷക ദ്രോഹം?

∙ ജില്ലയിലെ ചില ദേശസാൽകൃത ബാങ്കുകളും സഹകരണ ബാങ്കുകളും സർഫാസി നിയമത്തിന്റെ മറവിൽ വലിയ കർഷക ദ്രോഹമാണ് നടത്തുന്നതെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു. ഉദാരവൽക്കരണ സാമ്പത്തിക നയത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ നടപ്പാക്കിയ നിയമം പ്രളയാനന്തര കാലത്ത് കർഷകരെ കൃഷിയിടത്തിൽ നിന്നും തെരുവിലേക്കാണ് നയിക്കുന്നത്.

ബാങ്കുകളുടെ ധനശേഷി വർധിപ്പിക്കാൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന കരിനിയമം കർഷക താൽപര്യം പരിഗണിക്കുന്നില്ല. ബാങ്കിൽനിന്നു എടുത്ത വായ്പ തിരിച്ചടക്കുന്നതിൽ 3 ഗഡു വീഴ്ച വരുത്തിയാൽ ഈടായി നൽകിയ വസ്തു പിടിച്ചെടുക്കാം. ഇതിന് കോടതിയിൽ കേസ് നൽകേണ്ടതില്ല. ഒരു ലക്ഷത്തിൽ താഴെയുള്ള വായ്പകൾക്ക് മാത്രമാണ് ഈ നിബന്ധന ബാധകമല്ലാത്തത്. 

കോടതികൾ വഴി ജപ്തികൾ നടന്നിരുന്നപ്പോൾ കർഷകർക്ക് ഒരുപരിധിവരെ നീതി ലഭിച്ചിരുന്നു. സർഫാസി നിയമത്തിലൂടെ ധനകാര്യസ്ഥാപനങ്ങൾ അവർക്ക് തോന്നിയവിധമാണ് നടപടികൾ സ്വീകരിക്കുന്നത്. 

കൃഷി ഭൂമിക്ക് ജപ്തി ബാധകമല്ലന്ന നിബന്ധനയുണ്ടെങ്കിലും ബാങ്കുകൾ ഇത് പരിഗണിക്കുന്നില്ല. കൃഷി, വീട് നിർമാണം, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കായി വായ്പ എടുത്തവരുടെമേൽ ഈ നിയമം പ്രയോഗിക്കാൻ അമിത താൽപര്യമാണ് ബാങ്കുകൾ കാണിക്കുന്നത്.

അടിയന്തരമായി കർഷകർ എടുത്തിരിക്കുന്ന എല്ലാത്തരം വായ്പകൾക്കും മൊറട്ടോറിയം പ്രഖ്യാപിക്കുകയാണ് കർഷക താൽപര്യം മുൻ നിർത്തി സർക്കാർ ചെയ്യേണ്ടത്. സർഫാസി നിയമം പിൻവലിക്കാൻ കേന്ദ്രസർക്കാർ തയാറാകുകയും വേണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെടുന്നു. 

ഇതിനൊപ്പം കാർഷിക ഉൽപന്നങ്ങൾക്ക് ഉൽപാദന ചെലവിന് ആനുപാതികമായ വിലയും കടാശ്വാസവും ഉറപ്പാക്കണം. കൃഷിയിടങ്ങളിൽ ജപ്‌തി ഭീഷണി നിലനിൽക്കുമ്പോൾ ഇതിനായി ബഹുജന പ്രക്ഷോഭം ഉയർത്തികൊണ്ടുവരാനാണ് സംഘടനകളുടെ തീരുമാനം.

വട്ടം ചുറ്റിക്കാൻ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ

∙ ജില്ലയിലെ പൊതുമേഖല ബാങ്കുകളും സഹകരണ ബാങ്കുകളും പരമാവധി പലിശയിളവ് നൽകി വായ്പകൾ പുതുക്കാൻ തയാറാണെങ്കിലും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും ചില സർക്കാർ സ്ഥാപനങ്ങളും കർഷകരെ വട്ടം ചുറ്റിക്കുകയാണെന്നു ആരോപണമുണ്ട്. 

ഒരു സർക്കാർ സ്ഥാപനത്തിന്റെ ജപ്തി നോട്ടിസ് ലഭിച്ചതിനെ തുടർന്നാണ് തോപ്രാംകുടിയിലെ കർഷകനായ സന്തോഷ് ആത്മഹത്യ ചെയ്തത്. 

ഈ സ്ഥാപനം നടത്തുന്ന ചിട്ടിയിൽ ആളുകളെ നിരവധി വാഗ്ദാനങ്ങൾ നൽകിയാണ് ചേർക്കുന്നത്. എന്നാൽ ചിട്ടി പിടിച്ചുകഴിയുമ്പോൾ ഇവർ കൊള്ളപ്പലിശക്കാരെപ്പോലെയാണ് പെരുമാറുന്നതെന്നാണ് ആക്ഷേപം. 

ജില്ലാ ആസ്ഥാനത്തെ ഈ സ്ഥാപനത്തിന്റെ ഒരു ശാഖയിൽ 54 പേർക്കാണ് വസ്തു ഈടിന്മേൽ ചിട്ടി നൽകിയിട്ടുള്ളത്. ഇതിൽ 35 പേർക്ക് തിരിച്ചടവിൽ വീഴ്ച വന്നതിന്റെ പേരിൽ നോട്ടിസ് അയച്ചിട്ടുണ്ട്. ഈ സ്ഥാപനം സർക്കാർ പ്രഖ്യാപിക്കുന്ന ഇളവുകൾ നൽകുന്നില്ലെന്ന് മാത്രമല്ല കുടിശികക്ക് പലിശയിളവ് നൽകുന്നുമില്ലെന്നാണു കർഷകരുടെ ആരോപണം. അതേസമയം, ആരോപണങ്ങളിൽ കഴമ്പില്ലെന്നാണു സ്ഥാപന അധികൃതർ പറയുന്നത്.

(പരമ്പര അവസാനിച്ചു)

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama