go

എൻഡിഎ ബന്ധം: തൊടുപുഴയിൽ സിപിഎമ്മിനു ‘പണികൊടുത്ത്’ പി.സി.ജോർജ്

PTI4_23_2016_000095B
SHARE

തൊടുപുഴ ∙ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിൽ സിപിഎം – ബിജെപി മുന്നണി ഭരണം ആണെന്ന ആക്ഷേപം ശക്തമായതോടെ സിപിഎം നേതൃത്വം പുലിവാലു പിടിച്ചു. ഭരണം തുടരണോ അവസാനിപ്പിക്കണോയെന്ന ചിന്താക്കുഴപ്പത്തിലാണു സിപിഎം നേതൃത്വം. പി.സി. ജോർജ് നയിക്കുന്ന ജനപക്ഷം, ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുടെ ഘടകകക്ഷിയായതോടെയാണ് ബ്ലോക്ക് പഞ്ചായത്തിൽ സിപിഎമ്മിനു നേരെ ആരോപണങ്ങളുയർന്നത്. 

ജനപക്ഷം അംഗത്തിന്റെ പിന്തുണയിൽ ഭൂരിപക്ഷം ഉറപ്പാക്കിയാണു സിപിഎം ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്നത്. 13 അംഗ ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫിനും എൽഡിഎഫിനും 6 അംഗങ്ങൾ വീതമാണുള്ളത്. ഇപ്പോൾ എൻഡിഎയിൽ കക്ഷിയായ ജനപക്ഷത്തിന്റെ ഏക അംഗമായ പ്രിൻസി സോയിയുടെ പിന്തുണയോടെയാണ് ഇവിടെ സിപിഎം ഭരണത്തിൽ തുടരുന്നത്. ജനപക്ഷം പിന്തുണ പിൻവലിച്ചാൽ എൽഡിഎഫിന് ഭൂരിപക്ഷം നഷ്ടമാകും. സിപിഎം സ്വതന്ത്രൻ സിനോജ് ജോസാണ് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ്. കസേര നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണു സിനോജിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി. 

അതേ സമയം, പ്രിൻസി സോയിയെ എൽഡിഎഫിന്റെ ഭാഗമാക്കി നിർത്തി ഭരണം നിലനിർത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. പി.സി.ജോർജിനൊപ്പം പോകാതെ എൽഡിഎഫിനൊപ്പം നിർത്തുന്നതിനാണ് അണിയറ നീക്കം. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പം മത്സരിച്ച പി.സി.ജോർജിന്റെ നേതൃത്വത്തിലുള്ള പഴയ കേരളാ കോൺഗ്രസ് (സെക്കുലർ) പിന്നീട് ജനപക്ഷം ആയി. അടുത്ത നാളിൽ ഇവർ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയിൽ ചേർന്നു. ഇതോടെയാണ് സിപിഎം നേതൃത്വത്തിലുള്ള ബ്ലോക് പഞ്ചായത്ത് ഭരണ സമിതി പ്രതിസന്ധിയിലായിരിക്കുന്നത്.

എൻഡിഎയിൽ ചേർന്ന ജനപക്ഷത്തിന്റെ പിന്തുണ വേണ്ടെന്നു വച്ചാൽ ഭൂരിപക്ഷം ഇല്ലാതാകും. ഇതോടെ ബ്ലോക്ക് പഞ്ചായത്ത് ഭരണം സിപിഎമ്മിനു നഷ്ടപ്പെടും. ലോ റേഞ്ചിലെ ഏക ബ്ലോക്ക് പഞ്ചായത്ത് ഭരണം നഷ്ടപ്പെടുത്തുന്നത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വൻ തിരിച്ചടിയുമാകും. അതിനാൽ ഏത് വിധേയനെയും ഭരണം നിലനിർത്താനുള്ള ശ്രമത്തിലാണ് സിപിഎം. 3 സിപിഎം അംഗങ്ങളും 2 സ്വതന്ത്രരും ഒരു സിപിഐ അംഗവും ആണ് ഇടതുമുന്നണിയിൽ ഉള്ളത്. ജനപക്ഷം അംഗമായ പ്രിൻസി സോയിയെ വൈസ് പ്രസിഡന്റ് ആക്കിയാണ് സിപിഎം ബ്ലോക് പഞ്ചായത്തിൽ ഭരണം തുടരുന്നത്. 

കഴിഞ്ഞ തവണ കേരളാ കോൺഗ്രസ് (സെക്കുലർ ) അംഗമായ പ്രിൻസി സോയി എൽഡിഎഫ് പിന്തുണയോടെയാണ് വിജയിച്ചത്. പിന്നീട് ജനപക്ഷം പാർട്ടി രൂപീകരിച്ച പി.സി.ജോർജ് ഇപ്പോൾ എൻഡിഎയിൽ ചേർന്നത് സംബന്ധിച്ച് പാർട്ടി ജില്ലാ നേതൃത്വം തീരുമാനം എടുത്തില്ല. ജില്ലയിലെ ജനപക്ഷം നേതാക്കൾ പി.സി.ജോർജിനൊപ്പമാണോ അതോ പാർട്ടി വിടണോ എന്ന് തീരുമാനം എടുക്കാത്തിടത്തോളം കാലം പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാന പ്രകാരം ഇവർ എൻഡിഎയിൽ ഘടക കക്ഷിയാണ്.

ഇതാണ് സിപിഎമ്മിന് കടുത്ത തലവേദനയാകുന്നത്. ബ്ലോക് പഞ്ചായത്തിൽ സിപിഎം–എൻഡിഎ കൂട്ടുകച്ചവടമാണെന്നു ഇതിനകം തന്നെ ആരോപണം ഉയർന്നിട്ടുണ്ട്. പ്രതിപക്ഷ കക്ഷികളും സിപിഎം നേതൃത്വത്തിനെതിരെ ശക്തമായ ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ്. ബിജെപിയെ നഖശിഖാന്തം എതിർക്കുന്നുവെന്നു പൊതുവേദികളിൽ പറയുകയും, അതേസമയം, ബ്ലോക് പഞ്ചായത്തിൽ എൻഡിഎയുമായി തോളിൽ കയ്യിട്ടു നടക്കുകയാണ് സിപിഎമ്മെന്നും പ്രതിപക്ഷം ആരോപിച്ചിട്ടുണ്ട്. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama