go

ക്വാറിയിൽ 1000 സ്ഫോടകവസ്തുക്കൾ കാണാനില്ല; പിന്നിൽ ഐഎസ്– മാവോയിസ്റ്റ് സാന്നിധ്യമെന്ന് സംശയം

Idukki News
SHARE

നെടുങ്കണ്ടം ∙ കേരള–തമിഴ്നാട് അതിർത്തി വനമേഖലയിലെ കരിങ്കൽ ക്വാറിയിൽ നിന്ന് ജലറ്റിൻ സ്റ്റിക്കുകളും ഡിറ്റനേറ്ററുകളും അടക്കം 1000 സ്ഫോടകവസ്തുക്കളും പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന വെടിക്കോപ്പുകളും കാണാതായി. സംഭവത്തിനു പിന്നിൽ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നു. പൊലീസ് പരിശോധനയിൽ 2 പേരുടെ ബൂട്ട് പ്രിന്റുകളും തമിഴ്നാട് വനമേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കടലാസ് കഷണങ്ങളും കണ്ടെത്തി. മോഷ്ടിച്ച ഡിറ്റനേറ്ററുകളും മറ്റും വനത്തിനുള്ളിലേക്കു കടത്തിയെന്നും സംശയം. കരിങ്കൽ ക്വാറി ഉടമയുടെ പരാതിയെത്തുടർന്നു ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. 

കേരള–തമിഴ്നാട് അതിർത്തിയിൽ വനമേഖലയോടു ചേർന്ന ചതുരംഗപ്പാറ പാറമടയിൽ നിന്ന് 800 ജലറ്റിൻ സ്റ്റിക്കുകളും 200 ഡിറ്റനേറ്ററുകളും പാറ പൊട്ടിക്കുന്ന വിവിധ തരത്തിലുള്ള വെടിക്കോപ്പുകളുമാണു കാണാതായത്. 30,000 രൂപ വിലപിടിപ്പുള്ള പാറ പൊട്ടിക്കുന്ന ഉപകരണങ്ങളാണു കാണാതായെന്ന പരാതിയിലാണ് പൊലീസ് അന്വേഷണം. ഇതരസംസ്ഥാനത്തൊഴിലാളികൾ അടക്കം ജോലി ചെയ്യുന്ന പാറമട‌യിൽ നിന്നാണ് ഇവ കാണാതായത്. 

മോഷണം പൂട്ട് തകർത്ത് 

8നു രാത്രി പാറമടയ്ക്കു സമീപം 200 മീറ്റർ മാറി സ്ഫോടകവസ്തുക്കൾ ശേഖരിച്ചിരുന്ന മുറിയുടെ പൂട്ടു തകർത്താണു സ്ഫോടക വസ്തുക്കൾ കവർന്നത്. സംഭവം നടന്ന ദിവസം  പുലർച്ചെ 2 ബൈക്കുകളിൽ 4 പേരും തൊട്ടുപിന്നിലായി ഒരു ജീപ്പും പാറമടയിൽ എത്തിയതായി ഒരു വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിലെ ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഇവർ ഒരു മണിക്കൂറിനു ശേഷം മടങ്ങിപ്പോയതായും ദൃശ്യങ്ങളിലുണ്ട്.  3 വർഷം മുൻപു നെടുങ്കണ്ടം പാമ്പാടുംപാറയിൽ നിന്നു മാവോയിസ്റ്റ് നേതാവിനെ പൊലീസ് പിടികൂടിയിരുന്നു. പാറമടയെക്കുറിച്ചു വ്യക്തമായി അറിയാവുന്നവരാണു കവർച്ച നടത്തിയതെന്നാണു പൊലീസ് നിഗമനം.

ജില്ലാ ഡോ‍‍ഗ് സ്ക്വാഡിന്റെ ട്രാക്കർ ഡോഗ് ആയ സ്റ്റെഫിയെ സ്ഥലത്ത് എത്തിച്ചു പരിശോധന നടത്തി. ജില്ലയിലെ സുരക്ഷയും പൊലീസ് ശക്തമാക്കി. ഉടുമ്പൻചോല സിഐ അനിൽ ജോർജിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സംഭവം സംബന്ധിച്ചു കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു. സുരക്ഷിതമായ കേന്ദ്രത്തിലാണു ജലറ്റിൻ സ്റ്റിക്കുകളും ഡിറ്റനേറ്ററുകളും സൂക്ഷിച്ചിരുന്നത്. ഐഎസ് ഭീകരർക്കോ മാവോയിസ്റ്റുകൾക്കോ ലഭിച്ചിരിക്കാമെന്ന സംശയത്തെത്തുടർന്നാണു കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചത്. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama