go

അരി ആഹാരം കഴിക്കുന്നവർ ഇതറിയുന്നുണ്ടോ?, ചേർക്കുന്നത് മാരകവിഷം

idukki news
SHARE

തൊടുപുഴ ∙ ജില്ലയിൽ വ്യാജ അരി വ്യാപകം. ആന്ധ്രയിൽ നിന്നുള്ള വെള്ളയരി രാസവസ്തു ചേർത്ത് കുത്തരിയാക്കിയാണ് വിൽപന. കഴിഞ്ഞ ദിവസങ്ങളിൽ തൊടുപുഴ സ്റ്റോറിൽ എത്തിയ അരി ഗുണനിലവാരം ഇല്ലാത്തതിനെ തുടർന്ന് തിരിച്ചയച്ചു. എന്നാൽ തിരിച്ചയച്ച അതേ അരി തവിടും രാസവസ്തുക്കളും ചേർത്ത് തിരികെ കയറ്റി വിട്ടതായി സൂചനയുണ്ട്. ഗുണനിലവാരം ഇല്ലാത്തതിനെ തുടർന്ന്  3 ലോഡ് അരി ഈ മാസം തിരിച്ചയച്ചതായാണു വിവരം. അതേസമയം, ഇക്കാര്യം ഡിപ്പോ അധികൃതർ നിഷേധിച്ചു. 

ജില്ലയിൽ വിതരണത്തിന് എത്തുന്ന കുത്തരി ഗുണനിലവാരം ഇല്ലാത്തത് എന്ന പരാതി വ്യാപകമാവുകയാണ്. സംസ്ഥാനത്ത് സംഭരിക്കുന്ന നെല്ല് മില്ലുകളിൽ ഏൽപിച്ച് ഇത് കുത്തരിയാക്കിയാണ് റേഷൻ കടകൾ വഴി വിതരണം ചെയ്യേണ്ടത്. എന്നാൽ പല മില്ലുകളിൽ നിന്നു നാടൻ നെല്ല് മില്ലുടമകൾ സ്വന്തം ലേബലിൽ വിറ്റ് പകരം ആന്ധ്രയിൽ നിന്നുള്ള വെള്ളയരിയും കുറഞ്ഞ കുത്തരിയും ചേർത്താണ് റേഷൻ വിതരണത്തിന് എത്തിക്കുന്നത്. 

വെള്ളയരി കുത്തരിയാക്കും

ഇതര സംസ്ഥാനങ്ങളിൽ സൗജന്യമായി വിതരണം ചെയ്യുന്ന റേഷനരി അതിർത്തി കടന്ന് കേരളത്തിലെ റേഷൻ കടകളിൽ കുത്തരിയാക്കി മാറ്റുന്നുണ്ട്. മാരക വിഷം ചേർത്താണ് വെള്ളയരി കുത്തരിയാക്കി മാറ്റുന്നത്. നെല്ല് കുത്തി അരിയാക്കുന്നത് പരിശോധിക്കുന്നതിനായി സിവിൽ സപ്ലൈസ് വകുപ്പിൽ നിന്നു ക്വാളിറ്റി പരിശോധന ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെങ്കിലും പരിശോധന കാര്യക്ഷമമല്ല എന്നു പരാതിയുണ്ട്.  വെളുത്ത അരി റെഡ് ഓക്‌സൈഡ് ചേർത്തു കുത്തരിയാക്കുന്ന രീതി വ്യാപകമാണ്.

മട്ടയ്ക്കും ചമ്പാവരിക്കുമൊക്കെ നിറം കൂട്ടാനും നിറം ചേർക്കാറുണ്ട്. ഇടുക്കിയോടു ചേർന്നു കിടക്കുന്ന തേനി, മധുര അടക്കമുള്ള മധ്യ തമിഴ്‌നാട്ടിൽ നിന്നു റേഷനരി കേരളത്തിലെത്തുന്നത് ജില്ലയിലെ ചെക്ക് പോസ്റ്റിലൂടെയാണ്.  പാലക്കാട്, കാലടി പ്രദേശങ്ങളിലെ അരി മില്ലുകളിലേക്കാണ് തമിഴ്‌നാട്ടിൽ നിന്നുള്ള  റേഷൻ അരി എത്തിക്കുന്നത്. ഈ അരി റെഡ് ഓക്‌സൈഡ് അടക്കമുള്ള മാരക വിഷം ചേർത്ത് നിറം മാറ്റി നല്ല അരിയിൽ നിന്നു സോർട്ട് ചെയ്തു മാറ്റുന്ന അരിയും ചേർത്താണ് തിരിച്ച് റേഷൻ കടകളിൽ എത്തുന്നത്. 

ലാഭം കൊയ്യാൻ  മില്ലുടമകൾ

റേഷൻ അരി സംഭരിച്ച് കുത്തരി ആക്കി റേഷൻ കടകളിലെത്തിക്കുന്നതിനു കരാർ എടുത്തിട്ടുള്ള മില്ലുടമകളാണ് ഇത്തരത്തിൽ മായം ചേർന്ന അരി റേഷൻ കടകളിലെത്തിക്കുന്നത്.റേഷനരിക്കായി കേരളത്തിലെ പാടങ്ങളിൽ നിന്നു വാങ്ങുന്ന നെല്ലു കുത്തി മുന്തിയ ബ്രാൻഡ് അരിയായി പൊതുവിപണിയിൽ വിൽക്കുകയും ഈ അരി അരിക്കുമ്പോൾ കിട്ടുന്ന പൊടിയും കേടായ അരിയും നിറം ചേർത്ത വെള്ളയരിയും കൂട്ടിക്കലർത്തിയാണ് റേഷൻ കടകളിൽ എത്തിക്കുന്നത്. 

ഉപയോഗിക്കാൻ കൊള്ളാത്ത അരി ആയതിനാൽ കാര്യമായി റേഷൻ അരി വാങ്ങാതെ  സാധാരണക്കാർ പോലും മറ്റു വ്യാപാരസ്ഥാപനങ്ങളെ ആശ്രയിക്കുന്നതുമൂലം അരി വില അടിക്കടി ഉയർത്തി വൻ ലാഭം കൊയ്യുന്നതിനും മില്ലുടമകൾക്ക് കഴിയും. ഇതിനു സഹായികളായ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്കു ലക്ഷങ്ങൾ മാസപ്പടി കിട്ടുന്നതോടെ റേഷൻ കടകൾ മായം നിറഞ്ഞ അരികൊണ്ടു നിറയുന്ന സാഹചര്യമാണ്.

അരിയിൽ വണ്ടും പുഴുവും

അടിമാലി ∙ കൊരങ്ങാട്ടി ആദിവാസി കുടിയിൽ പ്രവർത്തിച്ചു വരുന്ന റേഷൻ കടയിൽ നിന്നു ലഭിക്കുന്ന ഭക്ഷ്യ വസ്തുക്കളിൽ വണ്ടും പുഴുവും എന്ന് ആക്ഷേപം. കുത്തരി, ചാക്കരി, ഗോതമ്പ് തുടങ്ങിയവയിൽ ആണ് വണ്ട്, പുഴു ശല്യം രൂക്ഷമായിരിക്കുന്നത്. ഭക്ഷ്യ ധാന്യങ്ങൾ വീട്ടിൽ എത്തിച്ചാൽ മുറ്റത്തു വച്ചുതന്നെ ഇവയെ നീക്കം ചെയ്യേണ്ട സാഹചര്യമാണ് ഉള്ളത്. റേഷൻ കടയിലും ഇവയുടെ ശല്യം ഉണ്ടെന്ന് ആദിവാസികൾ പറഞ്ഞു.

പരിശോധനയ്ക്ക് സംവിധാനമില്ല

വിതരണത്തിന് എത്തുന്ന അരിയിലെ മായം പരിശോധിക്കാറുണ്ടെങ്കിലും റേഷൻ കടകളിൽ നിന്നു സാംപിൾ പരിശോധിക്കുന്നതിനു ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർക്ക് തടസ്സമുണ്ട്. ഇതു മൂലം റേഷൻ കടകളിൽ നിന്നു അരിയടക്കമുള്ള ഒരു ഭക്ഷ്യവസ്തുക്കളുടെയും സാംപിൾ എടുക്കാറില്ല. അഥവാ റേഷനരി സാംപിളായി എടുത്തു മായം കണ്ടുപിടിച്ചാൽ തന്നെ കടക്കാരുടെയോ, മില്ലുടമയുടെയോ പേരിൽ കേസ് ചാർജ് ചെയ്യാറില്ല. ഇതാണ് റേഷൻ അരിയിൽ മായം ചേർത്തു വിൽപന നടത്തുന്നതിനു മില്ലുടമകൾ തയാറാകുന്നത്.

എന്നാൽ മില്ലുകളിൽ നിന്നു വിതരണത്തിനു റേഷൻ കടകളിലെത്തുന്ന അരി കൃത്യമായി പരിശോധന നടത്തുന്നതിനും ഇതിൽ മായം ചേർത്തിട്ടുണ്ടോ എന്നു പരിശോധിക്കുന്നതിനും സംവിധാനമില്ലാത്തതിനാലാണ് റേഷൻ കടകളിൽ മായം ചേർന്ന അരിയെത്തുന്നത്. അരിയിൽ കളർ ചേർത്തു കുത്തരിയുടെ നിറം ആക്കുന്നതിനു സംവിധാനമുണ്ട്. ചൂടുവെള്ളത്തിൽ അരി കഴുകിയാൽ ഈ നിറം ഇളകിവരുന്നതു കാണാം. എത്ര കഴുകിയാലും റെഡ് ഓക്‌സൈഡിന്റെ അംശം അരിയിൽ അവശേഷിക്കും. ഈ അരിയുടെ സ്ഥിരം ഉപയോഗം  കാൻസർ അടക്കമുള്ള മാരകരോഗങ്ങൾക്കു കാരണമാകും. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama