go

കുളമാവ് ഡാമിനു സമീപം റോഡിൽ വലിയ ഗർത്തം; റോഡ് ഇടിഞ്ഞാൽ...

idukki-before-after-flood
കുളമാവ് ഡാമിനു സമീപം തൊടുപുഴ പുളിയന്‍മല റോഡിൽ രൂപപ്പെട്ട ഗർത്തം.
SHARE

കുളമാവ് ∙ ഡാമിന് സമീപം ഇടുക്കി റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. തൊടുപുഴ– പുളിയന്‍മല റോഡ് ഇടിയത്തക്ക നിലയിലാണ് ഗർത്തം. റോഡ് ഇടിഞ്ഞാൽ മണ്ണും കല്ലും കുളമാവ് ഡാമിലേക്കു പതിക്കും. കുളമാവ് അണക്കെട്ടിനു സമീപം ഉണ്ടായ ഭീമൻ ഗർത്തത്തെക്കുറിച്ച് പഠനം നടത്തണമെന്നും ഇവിടെ സുരക്ഷാ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായി. കുളമാവ് അണക്കെട്ടിനു സമീപം ചാലാട്ട് ഹോട്ടലിനു സമീപത്തെ കലുങ്കിനോടു അനുബന്ധിച്ചാണ് ഗർത്തം.

മൂന്നാറിൽ തെളിഞ്ഞു

മൂന്നാറിൽ ഞായറാഴ്ച ഉച്ചവരെ തെളിഞ്ഞ അന്തരീക്ഷമായിരുന്നു. അതിനു ശേഷം ചാറ്റൽ മഴ പെയ്തു. മറയൂരിൽ പകൽ മഴ പെയ്തില്ല. കട്ടപ്പന മേഖലയിൽ പകൽ ചെറിയ തോതിൽ മാത്രമാണ് മഴ. പീരുമേട്, കുമളി, നെടുങ്കണ്ടം മേഖലകളിൽ മുൻ ദിവസങ്ങളെ അപേക്ഷിച്ചു ഞായറാഴ്ച മഴ കുറഞ്ഞു. രാജകുമാരി, രാജാക്കാട്, സേനാപതി, ചിന്നക്കനാൽ, ബൈസൺവാലി, ശാന്തൻപാറ മേഖലകളിൽ മഴ കുറഞ്ഞതോടെ ആശങ്ക ഒഴിവായി. അതേസമയം, ചിന്നക്കനാലിൽ നിർമാണം നടക്കുന്ന ഗ്യാപ് റോഡിൽ ഉൾപ്പെടെ മണ്ണ് ഇടിച്ചിൽ ഭീഷണിയുണ്ട്. ഉയർന്ന സ്ഥലങ്ങളിൽ നിന്ന് ഒഴുകുന്ന ഉറവ ഭീഷണിയാവുന്നു. പന്നിയാർ പുഴയിലെ ജലനിരപ്പ് താഴ്ന്നു. മുള്ളൻതണ്ട്, എസ്റ്റേറ്റ് പൂപ്പാറ പ്രദേശങ്ങളിൽ അപകടാവസ്ഥയിലുള്ള വീടുകളിൽ താമസിച്ചിരുന്ന 8 കുടുംബങ്ങളിലെ 25 പേർ പൂപ്പാറയിലെ ക്യാംപിൽ തുടരുകയാണ്.

idk-rain
മാസം 8 ന് പെയ്ത കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങിയ വീടും കൃഷിയിടവും മറുകരയിൽ നിസ്സഹായരായി നോക്കുന്ന തൊടുപുഴ കോടിക്കുളം പാറപ്പുഴയിൽ ചാത്തോത്ത് അമ്മിണിയും കൊച്ചുമകൻ സൂര്യയും. മഴ മാറി വെള്ളമിറങ്ങിയതോടെ ഇന്നലെ ദുരിതാശ്വാസ ക്യാംപിൽ നിന്ന് വീട്ടിലേക്കു മടങ്ങുന്ന അമ്മിണി. ഒരേ സ്ഥലത്തു നിന്നു പകർത്തിയ ദൃശ്യങ്ങൾ. ചിത്രം: റെജു അർനോൾഡ് ∙ മനോരമ

ഭീതി വിതച്ച കനത്ത മഴയ്ക്കു ശമനം

ജില്ലയിൽ ഭീതി വിതച്ച കനത്ത മഴയ്ക്കു ശമനം. ആശങ്ക ഒഴിയുന്നു. മഴക്കെടുതികളിൽ നിന്നു കരകയറാനുള്ള ശ്രമത്തിൽ ഹൈറേഞ്ച് ജനത. വരും ദിവസങ്ങളിൽ മഴയുടെ തീവ്രത കുറയുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം ആശ്വാസം പകരുന്നു. ദിവസങ്ങൾക്കു ശേഷം പലയിടങ്ങളിലും കുറച്ചു നേരം വെയിൽ തെളിഞ്ഞു. മിക്ക പ്രദേശങ്ങളിലും പകൽ മഴ മാറി നിന്നു. മഴ കുറഞ്ഞെങ്കിലും, ജനങ്ങളുടെ ദുരിതത്തിനു അറുതിയായില്ല. മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും തകർന്ന റോഡുകൾ പലതും ഗതാഗത യോഗ്യമല്ല.

തൊടുപുഴയിൽ കുറഞ്ഞു

തൊടുപുഴ മേഖലയിൽ മഴ കുറവായിരുന്നു. കാളിയാർ പുഴ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പാറപ്പുഴ സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാംപ് ഇപ്പോഴും തുടരുന്നു. 6 കുടുംബങ്ങളിലെ 19 അംഗങ്ങളാണ് ക്യാംപിൽ. പുഴയിൽ ജലനിരപ്പ് താഴ്ന്നതിനാൽ അടുത്ത ദിവസം ഇവർക്ക് സ്വന്തം വീടുകളിലേക്ക് പോകാൻ കഴിഞ്ഞേക്കുമെന്ന് റവന്യു അധികൃതർ പറഞ്ഞു. ആദ്യം 11 വീട്ടുകാരാണ് ഉണ്ടായിരുന്നത്. 5 വീട്ടുകാർ കഴിഞ്ഞ ദിവസം വീടുകളിലേക്ക് മടങ്ങി. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ് തകർന്ന മുതിയാമല– കൈപ്പ റോഡിന്റെ താഴ് ഭാഗത്ത് താമസിക്കുന്ന 4 വീട്ടുകാരെ മുതിയാമല ഗവ.എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയതായി തഹസിൽദാർ കെ.എം.ജോസ്കുട്ടി പറഞ്ഞു. ഇവിടത്തെ ക്യാംപിൽ 16 പേരാണുള്ളത്.

ചെറുതോണിയിൽ മഴ

തുടർച്ചയായ ഒരാഴ്ചത്തെ മഴയ്ക്ക് ശേഷം ചെറുതോണി ഉൾപ്പെടെയുള്ള ജില്ലാ ആസ്ഥാന മേഖലയിൽ രാവിലെ മുതൽ ഇടവിട്ട് വെയിൽ തെളിഞ്ഞെങ്കിലും ഉച്ചയ്ക്ക് ശേഷം മഴ വീണ്ടും ആരംഭിച്ചു. എന്നാൽ ശക്തമായ മഴയ്ക്ക് സാധ്യത ഇല്ലാത്തതിനാൽ ഭയപ്പെടാനില്ല. മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും തകർന്ന റോഡുകളിൽ തടസ്സങ്ങൾ നീക്കുന്ന ജോലികൾ ഇന്നലെയും തുടർന്നു. അപകട ഭീഷണിയുള്ള ഇടുക്കി –നേര്യമംഗലം റോഡിൽ ചുരുളിക്ക് സമീപം ഒലിച്ചു പോയ ഭാഗത്ത് ഭാഗികമായി മാത്രമേ ഗതാഗതം പുന:രാരംഭിച്ചിട്ടുള്ളു. വൈദ്യുതി തകരാറുകൾ പലയിടങ്ങളിലും പരിഹരിക്കുന്നതിന് ഇന്നലെയും ശ്രമം തുടർന്നു. എന്നാൽ ഇനിയും വൈദ്യുതി എത്താത്ത പ്രദേശങ്ങൾ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama