go

ഒന്നു തെന്നിയാൽ അപകടം; ഏതു നിമിഷവും താഴേക്കു പതിക്കാവുന്ന രീതിയിൽ കല്ലുകൾ

idukki-danger-rock
സംസ്ഥാന പാതയുടെ ഭാഗമായ കട്ടപ്പന - പുളിയൻമല റോഡിലെ കൊടുംവളവിൽ അപകട ഭീഷണി ഉയർത്തി സ്ഥിതി ചെയ്യുന്ന പാറക്കല്ല്.
SHARE

കട്ടപ്പന ∙ കനത്ത മഴയിൽ ഉണ്ടായ മണ്ണിടിച്ചിൽ മൂലം റോഡിന്റെ അരികിൽ ഏതു നിമിഷവും താഴേക്കു പതിക്കാവുന്ന രീതിയിൽ സ്ഥിതി ചെയ്യുന്ന കല്ലുകളും മരങ്ങളും ഭീഷണിയാകുന്നു. ദേശീയ-സംസ്ഥാന-ഗ്രാമീണ പാതകളിൽ എല്ലാം നൂറുകണക്കിന് സ്ഥലങ്ങളിലാണ് ഇത്തരം അപകട ഭീഷണി നിലനിൽക്കുന്നത്. 

തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയുടെ ഭാഗമായ കട്ടപ്പന-പുളിയൻമല റൂട്ടിലെ കൊടും വളവിനു മുകൾ ഭാഗത്തു സ്ഥിതി ചെയ്യുന്ന പാറക്കല്ല് ഏതുനിമിഷവും താഴേക്കു പതിക്കുന്ന നിലയിലാണ്. ഈ ഭാഗത്തു റോഡിലെ ടാറിങ് തകർന്നു കുഴികൾ രൂപപ്പെട്ടിരിക്കുന്നതിനാൽ പലപ്പോഴും വാഹനങ്ങളുടെ തിരക്കും അനുഭവപ്പെടാറുണ്ട്. വാഹനങ്ങൾ കടന്നുപോകുന്ന സമയത്ത് പാറക്കല്ല് താഴേക്കു പതിച്ചാൽ വൻ ദുരന്തത്തിന് ഇടയാക്കും.

കട്ടപ്പന-ഇരട്ടയാർ റോഡിൽ എലൈറ്റു പടിക്കു സമീപത്തെ തിട്ടയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനാൽ 2 കവുങ്ങുകളും ഒരു തെങ്ങും ഭീഷണി ഉയർത്തുന്നു. അടിമാലി-കുമളി ദേശീയപാതയുടെ ഭാഗമായ കട്ടപ്പന മുതൽ ചെറുതോണി വരെയുള്ള ഭാഗത്ത് ഒട്ടേറെ സ്ഥലങ്ങളിലാണു മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളത്. ഇത്തരം സ്ഥലങ്ങളിൽ ഒട്ടേറെ മരങ്ങളാണ് യാത്രക്കാർക്കു ഭീഷണിയായി നിൽക്കുന്നത്.

കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലങ്ങളിൽ ഗതാഗതം പുനഃസ്ഥാപിച്ചിരുന്നെങ്കിലും പലയിടത്തും മണ്ണ് റോഡിലേക്കു വീണു കിടക്കുന്നത് ഭീഷണി ഉയർത്തുന്നു. പലയിടത്തും വലിയ മരങ്ങൾ ഉൾപ്പെടെ റോഡിലേക്കു ചരിഞ്ഞു നിൽക്കുന്ന സ്ഥിതിയുണ്ട്. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama