go

ടണൽ മുഖത്ത് ഭീമൻ പാറക്കഷണം; നഷ്ടം ദശലക്ഷക്കണക്കിനു വൈദ്യുതി !

idukki-kallar-dam
ഷട്ടർ തുറന്നതോടെ ജലനിരപ്പ് താഴ്ന്ന കല്ലാർ ഡാം
SHARE

നെടുങ്കണ്ടം ∙ കഴിഞ്ഞ പ്രളയകാലത്ത് ടണൽ മുഖത്തെ ഭീമൻ പാറക്കഷണം പതിച്ചതിനെ തുടർന്നു കല്ലാർ ഡാമിൽ നിന്ന് ഒഴുക്കി ക്കളഞ്ഞത് ദശലക്ഷക്കണക്കിനു വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം. ഇടുക്കി ഡാമിലേക്ക് എത്തേണ്ട വെള്ളമാണ് കല്ലാർ ഡാം തുറന്നു ഒഴുക്കിയത്. കല്ലാറ്റിൽ നിന്ന് ഇടുക്കി ഡാമിലേക്കു വെള്ളം എത്തിക്കുന്ന മന്നാക്കുടി ടണൽ മുഖത്തു കഴിഞ്ഞ പ്രളയകാലത്താണ് മലയിടിഞ്ഞു കൂറ്റൻ പാറക്കഷണം പതിച്ചത്.

ടണലിനു മുന്നിൽ വീണ പാറ നീക്കം ചെയ്യാൻ ശ്രമം ആരംഭിച്ചെങ്കിലും പൊട്ടിച്ച് മാറ്റാൻ ഇനിയും നടപടി തുടങ്ങിയിട്ടില്ല. ടണൽ മുഖത്തും പുഴ ഒഴുകുന്ന ഭാഗത്തും കൂനയായി കിടന്നിരുന്ന കരിങ്കൽ ചില്ലുകളും മണ്ണും മറ്റ് അവശിഷ്ടങ്ങളും കഴിഞ്ഞയാഴ്ച നീക്കി. തുടർന്ന് പാറ 2 ദിവസത്തിനകം പൊട്ടിച്ച് മാറ്റുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ നടപടികളൊന്നും തുടങ്ങിയില്ല.

കഴിഞ്ഞ ഒരു വർഷമായി ഇത് മാറ്റാനുള്ള നടപടികൾ ഡാം ടണൽ സേഫ്റ്റി വകുപ്പ് അധികൃതർ സ്വീകരിക്കാതായതോടെ ഇതിലെ ഉദ്യോഗസ്ഥ വീഴ്ച മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെയാണ് ഇ-ടെണ്ടർ നടപടികൾ പൂർത്തീകരിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ച ഉദ്യോഗസ്ഥർ നേരിട്ടെത്തി നിർദേശങ്ങൾ നൽകിയാണ് പണികൾ ആരംഭിച്ചത്. കൂറ്റൻ പാറക്കഷണം വീണ് ടണലിലൂടെയുള്ള വെള്ളമൊഴുക്ക് തടസപ്പെട്ടിരുന്നു.

idukki-kallar-dam
ഷട്ടർ തുറന്നതോടെ ജലനിരപ്പ് താഴ്ന്ന കല്ലാർ ഡാം

ഈ തടസം മൂലം മഴ ശക്തി പ്രാപിച്ചതോടെ കല്ലാർ പുഴയുടെ ഭാഗമായ താന്നിമൂട്, തൂക്കുപാലം, കൊമ്പയാർ, മുണ്ടിയെരുമ, ബാലഗ്രാം, കൂട്ടാർ തുടങ്ങി നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായി. പ്രതിസന്ധി പരിഹരിക്കാൻ കല്ലാർ ഡൈവേർഷൻ ഡാം അനധികൃതമായി തുറക്കാൻ നീക്കം നടത്തിയതും കഴിഞ്ഞ മാസം വിവാദമായിരുന്നു.

ഡാമിൽ ജലനിരപ്പ് ഉയരുന്നു എന്ന് അധികൃതർ വ്യാജ റിപ്പോർട്ട് നൽകിയതിനാൽ ഡാം തുറക്കാൻ കലക്ടർ അനുമതിയും നൽകിയതോടെ ഡാം തുറക്കും എന്ന് മാധ്യമങ്ങളിലടക്കം അറിയിപ്പ് വന്നു. ഇതോടെ ബഥേൽ, ചിന്നാർ, തൂവൽ മേഖലകളിലെ ജനങ്ങൾ ഭീതിയിലായി. അന്വേഷണം വേണമെന്നാവശ്യപ്പെട്ടു നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് എസ്.ജ്ഞാനസുന്ദരം കലക്ടർക്ക് പരാതിയും നൽകിയിരുന്നു. ഇതിനെ തുടർന്നാണ് പാറ പൊട്ടിച്ച് നീക്കാനുള്ള ജോലികൾ തുടങ്ങിയത്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama