go

വീടു കയറി ആക്രമിച്ചയാൾ അടിയേറ്റ് മരിച്ചു; ദമ്പതികൾ അറസ്റ്റിൽ

idukki news
ശിവൻ, ഭാര്യ ജഗദമ്മ
SHARE

രാജാക്കാട് ∙  വീടു കയറി ആക്രമിച്ച മുൻ മരുമകനെ ഭാര്യാ പിതാവും മാതാവും ചേർന്ന് ഇരുമ്പ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയതായി കേസ്.   എറണാകുളം  ആലങ്ങാട് ചിറയം പള്ളത്തുനാട് സ്വദേശി  കൂട്ടുങ്കൽ ഷിബു (49) ആണു മരിച്ചത്.  സംഭവത്തിൽ  മമ്മട്ടിക്കാനം മാരാർ സിറ്റി കൈപ്പള്ളിൽ ശിവൻ,  ഭാര്യ ജഗദമ്മ എന്നിവർ അറസ്റ്റിലായി.   ശിവൻ ഒന്നാം പ്രതിയും ജഗദമ്മ രണ്ടാം പ്രതിയുമാണ്. സംഭവം നടക്കുമ്പോൾ വീട്ടിൽ വേറെ ആരും ഉണ്ടായിരുന്നില്ല. 

ഷിബുവും ശിവന്റെ മകൾ ഷീജയും തമ്മിലുള്ള വിവാഹ ബന്ധം വർഷങ്ങൾക്ക് മുൻപ്  വേർപെടുത്തിയിരുന്നു.  ഈ ബന്ധത്തിൽ ഒരു കുട്ടിയുണ്ട്. ഷീജയുടെ ബന്ധുവിനൊപ്പമാണു കുട്ടി താമസിക്കുന്നത്. തിരുവനന്തപുരത്ത് സ്വകാര്യ സ്ഥാപനത്തിലാണു ഷീജയ്ക്കു ജോലി.  ബന്ധം വേർപിരിഞ്ഞതോടെ ഇരു കുടുംബങ്ങളും കടുത്ത ശത്രുതയിലായി.  കഴിഞ്ഞ വർഷം ഷിബു 3 സുഹൃത്തുക്കളുമായി എത്തി ഷീജയുടെ വീട് ആക്രമിച്ചിരുന്നു. അന്നു നിലവിളക്കു കൊണ്ടുള്ള അടിയേറ്റ് ഷിബുവിനും, സംഘത്തിന്റെ ആക്രമണത്തിൽ ഷീജയ്ക്കും ശിവനും ജഗദമ്മയ്ക്കും ഗുരുതര പരുക്കേറ്റിരുന്നു.  രക്ഷപ്പെടാൻ ശ്രമിച്ച ഷിബുവിനെയും സംഘത്തെയും നാട്ടുകാർ  പൊലീസിൽ ഏൽപിച്ചിരുന്നു. 

ഈ കേസിൽ ശിവനും ഷിബുവും കൂട്ടാളികളും അറസ്റ്റിലായി.  ശിവന് അന്നു തന്നെ കോടതിയിൽ നിന്നു ജാമ്യം ലഭിച്ചെങ്കിലും ഷിബു റിമാൻഡിലായി. ഏതാനും മാസം മുൻപാണു ഷിബു ജാമ്യത്തിലിറങ്ങിയത്.    ശിവൻ ആക്രമിച്ചതിന്റെ വൈരാഗ്യം തീർക്കാനും, ഷീജയെയും മകനെയും കൊണ്ടു പോകാനുമാണ് ഷിബു ഇന്നലെ രാവിലെ മമ്മട്ടിക്കാനത്തെ വീട്ടിൽ എത്തിയത്. കൈവശമുണ്ടായിരുന്ന വാക്കത്തി എടുത്ത് ഇരുവരെയും ആക്രമിച്ചു. ചെറുത്തുനിൽക്കുന്നതിനിടെ  ജഗദമ്മ മുളകരച്ച വെള്ളം ഷിബുവിന്റെ മുഖത്തൊഴിച്ചു.  ഈ സമയം ചുറ്റിക എടുത്ത് ശിവൻ ഷിബുവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. 

അടിയേറ്റ് വീണ ഷിബു തൽക്ഷണം മരിച്ചു.  ഷിബുവിനെ കൊലപ്പെടുത്തിയത് തനിയെ ആണെന്നും  ഭാര്യയ്ക്ക് പങ്കില്ലെന്നുമാണു ശിവന്റെ മൊഴി.  മുളകരച്ച വെള്ളം ഷിബുവിന്റെ മുഖത്തൊഴിച്ചതായി ജഗദമ്മ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.  കോട്ടയത്ത് നിന്നുള്ള ഫൊറൻസിക് വിദഗ്ധർ ഇന്ന്  ശാസ്ത്രീയ പരിശോധന നടത്തും.  രാജാക്കാട് സിഐ: എച്ച്. എൽ. ഹണി, എസ്ഐ: പി.ഡി.അനൂപ്‌മോൻ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി ഷിബുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama