go

സർക്കാർ ശമ്പളത്തിൽ അരിക്കച്ചവടം, പണമിടപാട്

idukki news
SHARE

തൊടുപുഴ ∙ സർക്കാർ ചെലവിൽ കച്ചവടം. ഇടയ്ക്ക് സംഘടനാ പ്രവർത്തനം. നഗരസഭ ഓഫിസിലെ ചില ജീവനക്കാർ വർഷങ്ങളായി തുടരുകയാണ് ഇത്.  രാവിലെ 10 ന് എത്തേണ്ട ഓഫിസിൽ ഇവർ എത്തുന്നത് 10.45 ന്. പിന്നെ ഫീൽഡ് വിസിറ്റ് എന്ന പേരിൽ പുറത്തിറങ്ങും. സംഘടനാ പ്രവർത്തനത്തിനു പുറമേ ചിലർക്ക് സ്വന്തമായി ബിസിനസുമുണ്ട്. മേലധികാരികൾ പോലും അറിയാതെയാണു ചിലർ പുറത്തിറങ്ങുന്നത്.    വിവിധ സെക്‌ഷനുകളിൽ ജോലി ചെയ്യുന്ന ചില ക്ലാർക്ക്, അറ്റൻഡർ തുടങ്ങിയവരാണ് രാവിലെ തന്നെ ഒപ്പിട്ട ശേഷം മുങ്ങുന്നത്. ഇതേക്കുറിച്ച് ബന്ധപ്പെട്ട വകുപ്പിൽ അന്വേഷിച്ചാൽ ജീവനക്കാർ ചായ കുടിക്കാൻ പോയെന്ന മറുപടിയാണു ലഭിക്കുക. ഇവരെ ഫോൺ വിളിച്ചാൽ പോലും കിട്ടില്ലത്രെ. 

ഫീൽഡ് വിസിറ്റ് എന്ന പേരിൽ ഓഫിസിൽ നിന്നു മുങ്ങുന്നവർ,  മറ്റ് ഓഫിസിലെ ജീവനക്കാർക്കൊപ്പം ഏതെങ്കിലും സർവീസ് സംഘടന  നടത്തുന്ന സമര വേദിയിലാകും പൊങ്ങുക. ജില ജീവനക്കാർക്ക് പണമിടപാട് ബിസിനസുമുണ്ട്.  നഗരസഭയിലെ ഒരു സംഘടന പ്രവർത്തകനായ ജീവനക്കാരൻ തിങ്കളാഴ്ച ദിവസങ്ങളിൽ സ്ഥിരമായി അവധിയിലാണ്. കാലടിയിൽ നിന്ന് അരി കൊണ്ടു വന്ന് തൊടുപുഴ മേഖലയിൽ വ്യാപാരികൾക്ക് എത്തിച്ചു കൊടുക്കുന്ന പണിയുടെ തിരക്കിലാണ് ഇദ്ദേഹം.  പിന്നീട് വിവിധ ആവശ്യങ്ങൾക്ക് എന്നു പറഞ്ഞ് ഓഫിസ് സമയത്ത് പുറത്തു പോയ ശേഷം, കൊടുത്ത അരിയുടെ പണം പിരിക്കുമത്രെ.

വിവിധ ആവശ്യങ്ങൾക്ക് ഓഫിസിൽ എത്തുന്നവർ,  ജീവനക്കാർ ഓഫിസിൽ ഇല്ലാത്തതിനാൽ കാര്യം നടക്കാതെ തിരികെ മടങ്ങുകയാണ് പതിവ്.  മറ്റ് പ്രദേശങ്ങളിൽ നിന്നു അവധി എടുത്തും, പണി ഉപേക്ഷിച്ചും വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരാണ് ജീവനക്കാരുടെ ‘മുങ്ങലിനെ’ തുടർന്ന് ബുദ്ധിമുട്ടുന്നത്.  നഗരസഭയിൽ നിന്നു  മുങ്ങുന്ന ചില അറ്റൻഡർമാർ പൊങ്ങുന്നത് സമര വേദിയിലാണ്. സമരത്തിന് പ്രവർത്തകരുടെ എണ്ണം കൂട്ടുന്നതിനും സർക്കാർ ചെലവിൽ നഗരസഭാ ഓഫിസിലെ ചിലരെ ഉപയോഗിക്കുന്നുണ്ട്. 

വിസിറ്റിങ് ‘പ്രഫസർമാർ’

നഗരത്തില്ലെ മറ്റ് ഓഫിസുകളിൽ ജോലി ചെയ്യുന്ന ചില സംഘടന നേതാക്കളും ഇത്തരത്തിൽ ഓഫിസിൽ വന്ന് ഒപ്പിട്ട ശേഷം മറ്റ് ഓഫിസുകളിൽ എത്തി ജീവനക്കാരെ സംഘടനയിൽ ചേർക്കാനും സമരത്തിന് ആളെക്കൂട്ടാനും റോന്തു ചുറ്റുന്നതും പതിവാണ്. ഒരു സംഘടനയുടെ വനിതാ നേതാവ് ഉൾപ്പെടെയുള്ള നേതാക്കൾ അവരുടെ ഓഫിസിൽ എത്തുന്നത് വിസിറ്റിങ് പ്രഫസർമാരെ പോലെയാണെന്നാണ് ജീവനക്കാർ പറയുന്നത്.  രാവിലെ ഒപ്പിടാൻ എത്തുന്ന ഇവരെ പിന്നെ പിറ്റേ ദിവസമാകും കാണുക. ഇവർ ജോലിക്കെത്താത്ത ദിവസങ്ങളിലെ ഹാജർ രേഖപ്പെടുത്താൻ, ഉന്നത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സന്ദർഭങ്ങളും ഒട്ടേറെയാണ്. 

 നഗരത്തിൽ അനധികൃതമായി സ്ഥാപിച്ച യൂണിയന്റെ ഫ്ലെക്സ് എടുത്തു മാറ്റിയതിന്റെ പേരിൽ കഴിഞ്ഞ വർഷം നഗരസഭ ഓഫിസിൽ കയറി ജീവനക്കാരനെ കയ്യേറ്റം ചെയ്തത് ഈ സംഘടന നേതാക്കളുടെ നേതൃത്വത്തിലാണ്.   അന്ന് കേസ് എടുത്തെങ്കിലും ഭരണ കക്ഷിയുടെ പിൻബലത്തിൽ ഇത് പ്രഹസനമായി മാറുകയായിരുന്നു.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama