go

കൃഷ്ണഗീതികളിൽ മുങ്ങി, വീഥികൾ അമ്പാടിയായി

idukki-sreekrishna
ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ നടന്ന ശോഭായാത്ര.
SHARE

കട്ടപ്പന ∙ കാർവർണൻമാർ നഗരത്തിൽ ആനന്ദനൃത്തം ആടിയപ്പോൾ കാർമേഘങ്ങൾ ചാറ്റൽ മഴയായി പെയ്തിറങ്ങി. കൃഷ്ണ ഗീതികളിൽ മുങ്ങി നാട് ഭക്തിസാഗരമായി. രാധാ-ഗോപിക വേഷധാരികൾ ഉണ്ണിക്കണ്ണൻമാർക്കൊപ്പം ആടിയും പാടിയും കുസൃതി കാട്ടിയും കാഴ്ചക്കാരുടെ മനം കവർന്നു.

ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഹൈറേഞ്ചിന്റെ വിവിധ മേഖലകളിൽ നടന്ന ശോഭായാത്രകളിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. മയിൽപ്പീലി ചൂടി ആടയാഭരണങ്ങൾ ധരിച്ച് ഓടക്കുഴലുമായി കൃഷ്ണവേഷധാരികൾ നഗര-ഗ്രാമ വീഥികളിൽ നിറഞ്ഞു. ബാലഗോകുലത്തിന്റെയും വിവിധ ക്ഷേത്രങ്ങളുടെയും നേതൃത്വത്തിലാണ് ശോഭായാത്രകൾ സംഘടിപ്പിച്ചത്.

ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ സംഘടിപ്പിച്ച മഹാശോഭായാത്രയിൽ നൂറുകണക്കിന് വിശ്വാസികൾ അണിചേർന്നു. ശ്രീകൃഷ്ണന്റെയും രാധയുടെയും വേഷം ധരിച്ച കുരുന്നുകൾ നഗരത്തെ അമ്പാടിയാക്കി മാറ്റി. നിർമലാസിറ്റി, കല്യാണത്തണ്ട്, കൊങ്ങിണിപ്പടവ്, വെള്ളയാംകുടി, സുവർണഗിരി, കൈരളി, വലിയകണ്ടം, ഇരുപതേക്കർ, വള്ളക്കടവ്, മേട്ടുക്കുഴി, അമ്പലക്കവല, കുന്തളംപാറ, പൂവേഴ്സ്മൗണ്ട്, കൊച്ചുതോവാള, പേഴുംകവല, പാറക്കടവ് ഗുരുമന്ദിരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ആരംഭിച്ച ശോഭായാത്രകൾ ടിബി ജംക്ഷനിൽ സംഗമിച്ചു.

തുടർന്ന് മഹാശോഭായാത്രയായി നഗരം ചുറ്റി ഇടുക്കിക്കവല ലക്ഷ്മീനാരായണ ക്ഷേത്രാങ്കണത്തിലേക്കു പുറപ്പെട്ടു. നിശ്ചല ദൃശ്യങ്ങളും ഉറിയടിയുമെല്ലാം മഹാശോഭായാത്രക്കു മിഴിവേകി. ശബരിഗിരി അയ്യപ്പ-മഹാവിഷ്ണു-ദേവീ ക്ഷേത്രത്തിന്റെയും ബാലഗോകുലത്തിന്റെയും നേതൃത്വത്തിൽ നരിയമ്പാറ സ്‌കൂൾക്കവലയിൽ ശോഭായാത്ര നടന്നു.

കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ഒട്ടേറെ പേർ ശോഭായാത്രയിൽ അണിചേർന്നു. സ്‌കൂൾ കവലയിലെ ഉപക്ഷേത്രാങ്കണത്തിൽ നിന്ന് ആരംഭിച്ച ശോഭായാത്ര മലമുകളിലുള്ള ക്ഷേത്രാങ്കണത്തിൽ സമാപിച്ചു. വണ്ടൻമേട് മഹാഗണപതി ക്ഷേത്രാങ്കണത്തിൽ നിന്ന് ആരംഭിച്ച ശോഭായാത്ര ആമയാറിൽ സമാപിച്ചു. കൃഷ്ണ-രാധാ വേഷധാരികളായ കുട്ടികൾ ഉൾപ്പെടെ ഒട്ടേറെപേർ പങ്കെടുത്തു.

നെടുങ്കണ്ടം ∙ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെയും, വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിൽ നെടുങ്കണ്ടം മേഖലയിലെ വിവിധ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മഹാശോഭായാത്രകൾ സംഘടിപ്പിച്ചു. വൈകിട്ട് നാലിന് താന്നിമൂട് തിരുവല്ല പടി, പാറയിൽ ദേവി ക്ഷേത്രം, കല്ലാർ, ആശാരികണ്ടം, ചക്കക്കാനം, മൈനർസിറ്റി, കൽക്കൂന്തൽ എന്നിവിടങ്ങളിൽ നിന്നെത്തിയ ശോഭായാത്രകൾ നെടുങ്കണ്ടം ഉമാ മഹേശ്വര ഗുരുദേവ ക്ഷേത്രത്തിൽ സംഗമിച്ചു.

തുടർന്ന് നടന്ന സമ്മേളനം നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് എസ്.ജ്ഞാനസുന്ദരൻ ഉദ്ഘാടനം ചെയ്തു. എം.എസ്.മഹേശ്വരൻ അധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ആർ.സുരേഷ്, എസ്എൻഡിപി നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത്, രജീഷ് ശാന്തികൾ, പി.കെ.പുഷ്പരാജ്, ബിനു വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നടന്ന മഹാശോഭായാത്ര 6 നു നെടുങ്കണ്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു.

തേർഡ്ക്യാംപ്, ബാലഗ്രാം, സന്യാസിയോട, നിർമ്മലാപുരം, തൂക്കുപാലം, ഊന്നുകൽ, ശൂലപാറ, ചോറ്റുപാറ, പുഷ്പകണ്ടം, മുണ്ടിയെരുമ എന്നിവിടങ്ങളിൽ നിന്നും എത്തിയ ശോഭായാത്രകൾ തൂക്കുപാലം എസ്എൻഡിപി ജംക്‌ഷനിൽ സംഗമിച്ചു. തുടർന്ന് മഹാശോഭയാത്രയായി 6 നു  മുണ്ടിയെരുമ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു.

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഉറിയടി, ചെണ്ടമേളം, പ്രസാദ വിതരണം എന്നിവയും ഒരുക്കിയിരുന്നു. തോവാളപടി, കോംബമുക്ക്, രാമക്കൽമേട്, കൃഷ്ണപുരം, കാറ്റാടിപാടം എന്നിവിടങ്ങളിൽ നിന്നെത്തിയ ശോഭയാത്രകൾ ബാലൻപിള്ളസിറ്റിയിൽ സംഗമിച്ച് മഹാശോഭായാത്രയായി ബാലൻപിള്ള സിറ്റി അന്നപൂർണ്ണേശ്വരീ ദേവി ക്ഷേത്രത്തിൽ സമാപിച്ചു. ശോഭായാത്രയിൽ കൃഷ്ണവേഷധാരികളായ നൂറുകണക്കിന് കുട്ടികളും, താലപ്പൊലിയേന്തിയ ആയിരക്കണക്കിന് സ്ത്രീകളും അണിനിരന്നു. നിശ്ചല ദൃശ്യങ്ങൾ, ബാൻ്ഡമേളം, കാവടി എന്നിവയും ശോഭായാത്രകൾക്ക് മിഴിവേകി.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama