go

കല്ലാർ സ്കൂളിൽ സാമൂഹിക വിരുദ്ധരുടെ അക്രമം

idukki news
1. ക്ലാസ് മുറിയിലെ മേശകൾ സാമുഹിക വിരുദ്ധർ തകർത്ത നിലയിൽ. 2. കല്ലാർ ഗവ. ഹൈസ്കൂളിലെ ക്ലാസ് മുറിയുടെ പൂട്ട് തകർത്ത നിലയിൽ
SHARE

നെടുങ്കണ്ടം ∙ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന നെടുങ്കണ്ടം കല്ലാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിനു നേരെ രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധരുടെ അക്രമം. ക്ലാസ് മുറിയുടെ പൂട്ട് തകർത്ത് അകത്തു കടന്ന സംഘം ബെഞ്ചും ഡസ്കുകളും അടിച്ചൊടിക്കുകയും മദ്യക്കുപ്പികൾ പൊട്ടിച്ചിടുകയും മലമൂത്ര വിസർജനം നടത്തുകയും ചെയ്തു. ഇന്നലെ രാത്രിയിലാണ് സംഭവം. വെള്ളിയാഴ്ച സ്കൂൾ അവധിയായിരുന്നതിനാൽ സ്‌കൂളിനടുത്ത് താമസിക്കുന്ന അധ്യാപകർ ആരും സ്ഥലത്തുണ്ടായിരുന്നില്ല.

ഇത് മനസ്സിലാക്കിയവരാവാം അക്രമം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ രീതിയിൽ ശല്യമുണ്ടായിരുന്നു. സ്കൂൾ പരിസരത്തെ  കെട്ടിടങ്ങളിൽ നിന്നും മുട്ടത്തോടുകളും, മദ്യക്കുപ്പിയും കണ്ടെത്തി. സ്കൂളിൽ കയറിയ സംഘത്തെക്കുറിച്ച് ഇ‌ന്റലിജൻസിന് നിർണായക സൂചന ലഭിച്ചു. ക്ലാസ് റൂമിന്റെ പുട്ടു തകർത്ത സംഘം കുട്ടികൾ പഠിക്കുന്ന ഉപകരണങ്ങൾ പൂർണമായും അടിച്ചൊടിച്ചു. സ്കൂളിനു പിൻഭാഗത്ത് 4 ലീറ്ററോളം വരുന്ന മദ്യക്കുപ്പികൾ കണ്ടെത്തിയിട്ടുണ്ട്. രാവിലെ സ്‌കൂളിലെത്തിയ വിദ്യാർഥികളാണു സംഭവം അധ്യാപകരെ അറിയിച്ചത്. 

മലമൂത്ര വിസർജനവും ചർദ്ദിലും മൂലം പ്രദേശമാകെ ദുർഗന്ധം വ്യാപിച്ചിരുന്നു. അധ്യാപകരുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്ലാസ് മുറി വൃത്തിയാക്കിയത്. കുട്ടികൾക്ക് ഇതുമൂലം ഒരു ദിവസത്തെ പഠനം മുടങ്ങി. രാജ്യാന്തര നിലവാരത്തിലേയ്ക്ക് ഉയരുന്ന സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുന്ന സംഘമായിരിക്കാം ആക്രമണത്തിന് പിന്നിലെന്നും കുറ്റക്കാരെ ഉടൻ തന്നെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും സ്കൂൾ അധികൃതർ ആവശ്യപ്പെട്ടു. 

സ്കൂൾ അധികൃതർ നൽകിയ പരാതിയിൽ നെടുങ്കണ്ടം പൊലീസ്  അന്വേഷണമാരംഭിച്ചു.  സ്കൂളുകളുടെ സമീപം തമ്പടിച്ചിരുന്ന ലഹരി വിൽപനക്കാർക്കെതിരെ പൊലീസും എക്സൈസും ശക്തമായ നടപടിയാണ് കഴിഞ്ഞ കാലങ്ങളിൽ കൈക്കൊണ്ടത്.  ഇവരുടെ സംഘത്തിൽപ്പെട്ടവരാണോ ആക്രമണത്തിന് പിന്നിലെന്ന് അന്വേഷിക്കുമെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama