go

ദേവികുളം ഗ്യാപ് റോഡ്; വിദഗ്ധ സംഘം എന്നെത്തും

idukki-munnar-devikulam-gamg-road
മലയിടിച്ചിൽ മൂലം ഗതാഗതം തടസ്സപ്പെട്ട ദേവികുളം ഗ്യാപ് റോഡ്. (ഫയൽ ചിത്രം)
SHARE

മൂന്നാർ ∙ ദേവികുളം ഗ്യാപ് റോഡിൽ വിദഗ്ധ സംഘം പരിശോധനയ്ക്ക് എത്തുന്നത് വൈകുന്നു. കഴിഞ്ഞ മാസം 8 ന് ഉണ്ടായ വൻ മലയിടിച്ചിലിനെ തുടർന്ന് ഇവിടെ പരിശോധനയ്ക്ക് എത്തിയ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ ആണ് കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയെ  (എൻഐടി) വിദഗ്ധ പരിശോധനയ്ക്ക് ചുമതലപ്പെടുത്തിയത്. 

എന്നാൽ സംഘം എന്ന് എത്തും എന്നത് സംബന്ധിച്ച് ദേശീയപാത അധികൃതർക്കും നിശ്ചയമില്ല.വീതി കൂട്ടുന്നതിന്റെ ഭാഗമായി ചെങ്കുത്തായ മലനിരകളിൽ അശാസ്ത്രീയമായി വൻ സ്ഫോടനങ്ങൾ നടത്തിയതാണ് തുടർച്ചയായ മലയിടിച്ചിലിനു കാരണമായതെന്ന് ഉടുമ്പൻചോല തഹസിൽദാരും ദേവികുളം സബ് കലക്ടറും സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ഇവിടെ റോഡിന്റെ വീതി കൂട്ടൽ ജോലികൾ നിർത്തിയത്. ജൂലൈ 28 ന് ഉണ്ടായ കനത്ത മലയിടിച്ചിലിനെ തുടർന്നാണ് റവന്യു അധികൃതർ സർക്കാരിന് റിപ്പോർട്ട് നൽകിയത്. 

ഇതിനിടെ കഴിഞ്ഞ മാസം 8 ന് വീണ്ടും ഉണ്ടായ മലയിടിച്ചിലിൽ ഒരാൾ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്ത സംഭവത്തെ തുടർന്ന് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ജോലികളും നിർത്തി വച്ചു. ഗ്യാപ് റോഡിന്റെ തകർച്ച മൂന്നാർ ടൂറിസം മേഖലയെയും തകർത്തു. തമിഴ്നാട്ടിൽ നിന്ന് മൂന്നാറിലേക്ക് സഞ്ചാരികൾ എത്തുന്ന പ്രധാന മാർഗം ആണ് കൊച്ചി–ധനുഷ്കോടി ദേശീയ പാത. ഇതു വഴി ഗതാഗതം തടസ്സപ്പെട്ടതിന്റെ പ്രത്യാഘാതം കഴിഞ്ഞ ദീപാവലി നാളുകളിൽ മൂന്നാറിൽ ദൃശ്യമായിരുന്നു.

ഒറ്റപ്പെട്ട് ചിന്നക്കനാലും ദേവികുളവും

ചിന്നക്കനാൽ പഞ്ചായത്ത് വേലിക്കെട്ടിൽപെട്ടത് പോലെ ഒറ്റപ്പെട്ട സ്ഥിതിയിൽ ആണ്. യാത്രാ മാർഗം അടഞ്ഞതിനാൽ ഇവരുടെ ജീവിതം ദുസഹമായിക്കഴി‍ഞ്ഞു. മൂന്നാർ മേഖലയിൽ പഠിക്കുന്ന ഇവിടെ നിന്നുള്ള കുട്ടികൾ പുലർച്ചെ 6 ന് വീട്ടിൽ നിന്ന് ഇറങ്ങി രാത്രി ആണ് തിരിച്ചെത്തുന്നത്. ടൂറിസം ആണ് ചിന്നക്കനാൽ പഞ്ചായത്തിന്റെ പ്രധാന വരുമാന സ്രോതസ്. എന്നാൽ ഇപ്പോൾ  റിസോർട്ടുകൾ ആളൊഴിഞ്ഞു കിടക്കുകയാണ്.

നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ 50 ശതമാനം വരെ വർധന ഉണ്ടായതായി നാട്ടുകാർ പറയുന്നു.ഗ്യാപ് റോഡിന് ഇപ്പുറം ആണെങ്കിലും ഗ്യാപ്പിലെ മലയിടിച്ചിൽ ദേവികുളം നിവാസികൾക്കും തിരിച്ചടിയായി. 

മൂന്നാറിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള ബസുകളെ ആണ് ദേവികുളം നിവാസികൾ ആശ്രയിച്ചിരുന്നത്. ഈ ബസുകൾ ആനച്ചാൽ വഴി ആയതോടെ ദേവികുളത്തേക്ക് സമാന്തര സർവീസുകൾ മാത്രമാണ് ആശ്രയം.  

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama