go

തൂക്കുപാലം കണ്ണീർപ്പാലമായ ദിനം

Idukki News
SHARE

തൊടുപുഴ ∙ കുരുന്നുകളുടെ കണ്ണീർവീണ മൂന്നാർ തൂക്കുപാലം ദുരന്തത്തിന് ഇന്ന് 35 വയസ്സ്. ജീവിതത്തിൽ ആദ്യമായി ഒരു ഹെലികോപ്റ്റർ അടുത്തു കാണാൻ ഓടിക്കൂടിയ കുട്ടികളിൽ 14 പേരാണു തൂക്കുപാലം തകർന്നു മരിച്ചത്. 1984 നവംബർ 7ന് രാവിലെ 10.30 നായിരുന്നു നാടിനെ നടുക്കിയ ദുരന്തം.  

പറന്നിറങ്ങിയ മരണം

ഇന്ത്യൻ നാവികസേനയുടെ ഒരു ഹെലികോപ്റ്റർ മൂന്നാറിനു മുകളിൽ വലം വച്ച ശേഷം ഹൈറേഞ്ച് ക്ലബ്ബിനു സമീപം ഇറങ്ങുന്നതു കാണാൻ പാലത്തിൽ തിങ്ങിക്കൂടിയ വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. ക്ലാസ് നടക്കുന്നതിനിടെ ആണു 50 ലേറെ കുട്ടികൾ പുറത്തേക്കോടി,   മുതിരപ്പുഴയാറിനു കുറുകെയുള്ള, അര നൂറ്റാണ്ടിലേറെ പഴക്കമുള്ള തൂക്കുപാലത്തിൽ കയറിയത്. 

പാലത്തിന്റെ ഒരു ഭാഗത്ത് മാത്രം കുട്ടികൾ നിലയുറപ്പിച്ചതോടെ, ഭാരം കൂടി പാലം തകർന്നു. വെള്ളത്തിൽ വീണ 24 കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും 12 കുട്ടികൾ മരിച്ചു. 2 മൃതദേഹങ്ങൾ കൂടി പിന്നീടു കണ്ടെടുത്തു.  ക്ലാസ് സമയത്ത് കുട്ടികൾ പുറത്തേക്കോടിയത് സ്കൂൾ അധികൃതരുടെ ഗുരുതര വീഴ്ചയായി  സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിഷൻ കണ്ടെത്തി. ക്ലാസ് സമയത്ത്, ആരെയും ചുമതല ഏൽപിക്കാതെ പ്രധാന അധ്യാപകൻ മസിലാ മണി പുറത്തു പോയെന്നും നടപടി എടുക്കണം എന്നും അന്വേഷണ കമ്മിഷൻ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. 

ഓടിക്കൂടിയ നാട്ടുകാരാണു രക്ഷാപ്രവർത്തനം നടത്തിയത്. മൂന്നാർ സെവൻ എസ്റ്റേറ്റിലെ 5 കുട്ടികളെയാണ് മരണം തട്ടിയെടുത്തത്.  കച്ചവട ആവശ്യത്തിനായി മൂന്നാറിലെത്തിയ പെരുമ്പാവൂർ സ്വദേശി മുഹമ്മദ്, അപകട സ്ഥലത്ത് എത്തിയെങ്കിലും കുഴഞ്ഞു വീണു മരിച്ചു.  ദുരന്തത്തിനു ശേഷം പാലത്തിന്റെ രണ്ടറ്റത്തും കോൺക്രീറ്റ് ബീമുകൾ സ്ഥാപിച്ച്, നടപ്പാതയുടെ ഭാഗത്ത് കോൺക്രീറ്റ് സ്ലാബുകളും പാകി. ഈ പാലം 2018 ലെ പ്രളയത്തിൽ പൂർണമായി തകർന്നു. തൂക്കുപാലത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും മൂന്നാറിലുണ്ട്.  

Idukki News
ജി. മോഹൻകുമാർ

'മൂന്നാർ മുരുകൻ ക്ഷേത്രത്തിനു മുന്നിൽ നിൽക്കുകയായിരുന്നു ഞാൻ. കുട്ടികൾ അപകടത്തിൽപെട്ട വിവരം അറിഞ്ഞ് അവിടേക്ക് ഓടി. വെള്ളത്തിൽ മുങ്ങിത്താഴുന്ന കുട്ടികളെ കണ്ട് എടുത്തു ചാടി. ഞാനും സുഹൃത്തുക്കളും കൂടി 20 പേരെ എങ്കിലും രക്ഷപ്പെടുത്തി. ഹെലികോപ്റ്ററിനെ ആദ്യമായി കണ്ടതിന്റെ ആഹ്ലാദം നിമിഷങ്ങൾക്കുള്ളിൽ കണ്ണീരായി പടരുന്നതു കണ്ടു. 10 നും 12 നും ഇടയ്ക്കുള്ള കുട്ടികളാണ് ഏറെയും മരിച്ചത്. ആ കുട്ടികളുടെ മുഖങ്ങൾ ഇപ്പോഴും മനസ്സിൽ നിന്നു മായുന്നില്ല'-തൂക്കുപാലം തകർന്നപ്പോൾ രക്ഷാപ്രവർത്തനം നടത്തിയ മൂന്നാർ നല്ലതണ്ണി റോഡിൽ ജി. മോഹൻകുമാർ 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama