go

എങ്ങനെയെങ്കിലും എന്റെ മാല കണ്ടെത്തി തരണേ....

Idukki News
1. അരിക്കുഴ–പാറക്കടവ് റോഡിൽ മാല മോഷണത്തിന് ഇരയായ നടുത്തൊട്ടിയിൽ അനിത രാജു ആശുപത്രിയിൽ ചികിത്സയിൽ., 2.അരിക്കുഴയിൽ വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിലെ പ്രതികളുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യം പൊലീസ് പുറത്തുവിട്ടപ്പോൾ
SHARE

തൊടുപുഴ ∙ ‘ഒരു വർഷം പണിതാലും എന്നെക്കൊണ്ട് അതുപോലൊരു മാല വാങ്ങാൻ ആവില്ല. എല്ലാവരും സഹായിച്ച് എങ്ങനെയെങ്കിലും എന്റെ മാല കണ്ടെത്തി തരണേ...’ കഴിഞ്ഞദിവസം രാവിലെ അരിക്കുഴ–പാറക്കടവ് റോഡിൽ മാല മോഷണത്തിന് ഇരയായ പാറക്കടവ് നടുത്തൊട്ടിയിൽ അനിത രാജുവിന്റെ(44) വാക്കുകളാണിത്. മോഷ്ടാക്കളെ ചെറുക്കുന്നതിനിടെ റോഡിൽ തലയിടിച്ചു വീണ അനിതയുടെ വലതു കാലിന് മുകളിലൂടെ കാറിന്റെ ചക്രം കയറിയിറങ്ങി. പരുക്കേറ്റ ഇവർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

സംഭവത്തെക്കുറിച്ചു അനിത പറയുന്നു....

‘‘ തൊടുപുഴയിൽ ചെറിയ ജോലി ചെയ്താണ് കുടുംബം നോക്കുന്നത്.  രാവിലെ ബസ് കയറാൻ അരിക്കുഴ മഠം ജംക്‌ഷനിലേക്ക് നടന്നു പോകുകയായിരുന്നു. കുറച്ചു ചെന്നപ്പോഴാണു സ്കൂട്ടറിൽ എത്തിയ രണ്ടുപേരിൽ പിന്നിലിരുന്ന ആൾ എന്റെ കഴുത്തിലെ മാലയിൽ പിടിച്ചു വലിച്ചത്. പേടിച്ചു പോയ ഞാൻ തടയാൻ നോക്കി.

മാലയിൽ ഞാൻ മുറുകെ പിടിച്ചെങ്കിലും അയാൾ മാല വലിച്ചു പൊട്ടിച്ചെടുത്തു.മോഷ്ടാവ് തള്ളിയപ്പോൾ  റോഡിൽ തലയിടിച്ചു വീണു. ഈ സമയം പാറക്കടവ് ഭാഗത്തു നിന്നെത്തിയ കാർ കാലിലൂടെ കയറിയിറങ്ങി.  ഇനി ജോലിക്കു പോകണമെങ്കിലും കുറെ നാൾ വേണ്ടി വരും. ഏറെ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായപ്പോഴും ആകെയുള്ള ഈ ഒരു സ്വർണമാല പണയം വയ്ക്കാതെ വരികയായിരുന്നു...’’ 

∙ അന്വേഷണം ഊർജിതം

അന്വേഷണം ഊർജിതമാക്കിയതായി എസ്ഐ എം.പി.സാഗർ. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. എന്നാൽ ഇതിൽ രണ്ടു പേരും ഹെൽമറ്റും കോട്ടും ധരിച്ചിരുന്നതിനാൽ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. സ്കൂട്ടറിന്റെ മുൻവശത്ത് നമ്പർ പ്ലേറ്റും ഇല്ലായിരുന്നു. റോഡിൽ വീണ അനിതയുടെ കാലിലൂടെ ചക്രം കയറിയിട്ടും നിർത്താതെ പോയ കാറിനെക്കുറിച്ചും അന്വേഷണം നടത്തിവരികയാണെന്നും എസ്ഐ പറഞ്ഞു.

ജാഗ്രത പാലിക്കണം

ഇരുചക്രവാഹനത്തിൽ എത്തി മാല പൊട്ടിച്ചു കടന്നു കളയുന്ന മോഷണ സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്നു പൊലീസ്. തനിച്ചു നടന്നുപോകുന്ന സ്ത്രീകളെയാണു  പ്രധാനമായും മോഷ്ടാക്കൾ ലക്ഷ്യമിടുന്നത്.  രാവിലെയും വൈകുന്നേരവും സ്ഥിരമായി യാത്ര നടത്തുന്ന സ്ത്രീകൾ സ്വർണാഭരണങ്ങൾ കുറയ്ക്കുക.

വിജനമായ റോഡിലൂടെ നടക്കുമ്പോൾ അപരിചിതർ വഴി ചോദിച്ചു വന്നാൽ പരമാവധി മാറി നടക്കുക. ഇരുചക്ര വാഹനങ്ങളിൽ അപരിചിതർ പിന്തുടരുമ്പോൾ ശ്രദ്ധിക്കണം. മോഷണം നടന്നാൽ ഉടൻ തന്നെ കൺട്രോൾ റൂമിലോ (നമ്പർ 100)  അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണം.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama