ആ കടൽക്കുതിരയുടെ കണ്ണീർ ചിത്രം...

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kannur-kadalkkuthira

എല്ലാ വർഷത്തെയും പോലെ ഇത്തവണയും ഏറ്റവും മികച്ച വന്യജീവി ഫൊട്ടോഗ്രഫറെ തേടിയുള്ള മത്സരം ആരംഭിച്ചു കഴിഞ്ഞു. ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന മത്സരത്തിനുള്ള ഫൈനലിസ്റ്റുകളെയും തിരഞ്ഞെടുത്തു. പക്ഷേ അവാർഡ് പ്രഖ്യാപിക്കും മുൻപേ അവയിലൊരു ഫോട്ടോ ലോകമെമ്പാടും ചർച്ചയായിക്കഴിഞ്ഞു. 

കലിഫോർണിയയിൽ നിന്നുള്ള ജസ്റ്റിന്‍ ഹോഫ്മേൻ എന്ന ഫൊട്ടോഗ്രഫറെടുത്ത ചിത്രത്തെപ്പറ്റിയാണ് പറഞ്ഞു വരുന്നത്. ഒറ്റക്കാഴ്ചയിൽ ഒരു സാധാരണ ചിത്രം. പക്ഷേ അത്തരമൊരു കാഴ്ച തന്റെ കണ്മുന്നിൽ ഉണ്ടായിരുന്നില്ലെങ്കിലെന്ന് ആഗ്രഹിച്ചു പോയെന്നാണ് ഇതിനെപ്പറ്റി ഈ മുപ്പത്തിമൂന്നുകാരൻ പറഞ്ഞത്. ചെവി തോണ്ടി എന്നു നമ്മള്‍ വിളിക്കുന്ന ‘ഇയർ ബഡി’ൽ ഒരു കുഞ്ഞൻ കടൽക്കുതിര ചുറ്റിപ്പിടിച്ചിരിക്കുന്നതാണ് ചിത്രം. ഇതിലെന്താണ് ഇത്ര വലിയ സംഗതിയെന്ന് ചിലരെങ്കിലും ആലോചിച്ചേക്കാം. 

ഒന്നര മുതൽ 35 സെന്റിമീറ്റർ വരെ മാത്രം വളർച്ചയുള്ള ജീവികളാണ് കടൽക്കുതിരകൾ. ഹോഫ്മാനെടുത്ത ചിത്രത്തിലെ കടൽക്കുതിരയ്ക്കാകട്ടെ കഷ്ടിച്ച് നാലു സെന്റിമീറ്റർ വരും വലുപ്പം. അടുത്ത 20– 30 വർഷത്തിനകം കടൽക്കുതിരകൾക്ക് വംശനാശം സംഭവിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. കാരണം, കടലിലുണ്ടാകുന്ന മലിനീകരണം ഏറ്റവുമധികം ബാധിക്കുന്ന ജീവികളിലൊന്ന് ഇവയാണ്. ചുരുണ്ടു കിടക്കുന്ന വാൽ ഏതെങ്കിലും കടൽച്ചെടികളിൽ ചുറ്റിവരിഞ്ഞാണ് പലപ്പോഴും ഇവയുടെ നിൽപ്. അല്ലെങ്കിൽ, ഒരു ചെറിയ അടിയൊഴുക്കോ വേലിയേറ്റമോ ഒക്കെയുണ്ടായാൽ മതി ഇവ ഒലിച്ചങ്ങു പോകും. ഉണക്കി കൗതുകവസ്തുവായി സൂക്ഷിക്കാനും ഇവയെ വൻതോതിൽ പിടികൂടുന്നുണ്ട്. ചെടികൾക്കിടയിൽ ഒളിച്ചിരുന്നാണ് ശത്രുക്കളിൽ നിന്നു രക്ഷപ്പെടുന്നത്. ഇന്തൊനീഷ്യയിലെ സംബാവ ദ്വീപിലെ കടൽത്തീരത്തു വച്ചാണ് ഈ ചിത്രം ഹോഫ്മാൻ പകർത്തുന്നത്. 

സമുദ്രമലിനീകരണത്തിന്റെ കാര്യത്തിൽ കുപ്രസിദ്ധമാണ് ഇന്തൊനീഷ്യ. ലോകത്ത് ഏറ്റവുമധികം സമുദ്രമലിനീകരണമുണ്ടാക്കുന്നതിൽ രണ്ടാം സ്ഥാനത്ത് ഈ ദ്വീപുരാഷ്ട്രമാണ്. വൻതോതിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇവിടെ കടലിലേക്ക് തള്ളിവിടുന്നത്. അതിനാൽത്തന്നെ സമുദ്രത്തിലെ ജീവികളുടെ കാര്യവും കഷ്ടത്തിലാണ്. ഒരു വേലിയേറ്റ സമയത്താണ് ഹോഫ്മാൻ ചിത്രമെടുത്തത്. നല്ല പോലെ കാറ്റും വീശുന്നുണ്ടായിരുന്നു. തുടക്കത്തില്‍ ഒരു ചെടിയിലാണ് കടൽക്കുതിര വാൽ ചുറ്റിവരിഞ്ഞു നിന്നത്.

 ഒഴുക്ക് ശക്തമായതോടെ കൂടുതൽ മാലിന്യങ്ങൾ ഒഴുകി വരാന്‍ തുടങ്ങി. പ്ലാസ്റ്റിക് സഞ്ചികളിൽ വാൽ ചുറ്റാൻ നോക്കി പരാജയപ്പെട്ടിരിക്കുമ്പോഴാണ് കടൽക്കുതിരയ്ക്കു മുന്നിൽ ഇയർ ബഡ് എത്തുന്നത്. ഒരുവിധത്തിൽ അതിൽ വാൽ ചുറ്റി നിന്നു. പക്ഷേ ആ പാവത്തിനറിയില്ലല്ലോ, കാറ്റിനും ഒഴുക്കിനുമനുസരിച്ച് ആ ഇയർബഡിനൊപ്പം താനും നീങ്ങിപ്പോകുമെന്ന്. മലിനീകരണം കാരണം കടൽച്ചെടികളുടെ നാശവും കടൽജീവികൾക്ക് സ്വാഭാവിക ആവാസസ്ഥാനം നഷ്ടപ്പെടുന്നതുമെല്ലാം ചർച്ചയാകുന്ന കാലത്ത് ഇതെല്ലാം ഓർമിപ്പിക്കുന്നതാണ് ഈ ചിത്രം. അതിനാൽത്തന്നെ ചിത്രം കണ്ട് മനുഷ്യന്റെ പ്രവൃത്തികളോർത്ത് ദേഷ്യപ്പെട്ടും സങ്കടപ്പെട്ടും  ഒട്ടേറെപ്പേരാണ്  ഹോഫ്മാന് സന്ദേശങ്ങളയച്ചത്. 

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനും കിട്ടി ഒട്ടേറെ പ്രതികരണം. ‘ഈ ചിത്രം എല്ലാവരും കാണണം. എല്ലാവരും ഇതിനെപ്പറ്റി പ്രതികരിക്കണം...അതു കൊണ്ടാണ് ഞാനീ ചിത്രമെടുത്തതും പ്രചരിപ്പിക്കുന്നതും...’– ഹോഫ്മാൻ പറയുന്നു. സമുദ്രമലിനീകരണം എത്ര വലിയ ഭീഷണിയാണ് കടൽജീവികൾക്ക് സൃഷ്ടിക്കുന്നത് എന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് ചിത്രത്തിലുള്ളതെന്ന് ഒട്ടേറെ പ്രകൃതി സ്നേഹികളും പറയുന്നു. ഒരു പര്യവേഷണത്തിന്റെ ഭാഗമായുള്ള യാത്രയ്ക്കിടെ കഴിഞ്ഞ വർഷം ഡിസംബറിലാണ് ഹോഫ്മാൻ ഈ ചിത്രം പകർത്തുന്നത്. ഒക്ടോബർ 17നാണ് ലോക വൈൽഡ്‌ലൈഫ് ഫൊട്ടോഗ്രഫി പുരസ്കാരങ്ങൾ പ്രഖ്യാപിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.