go

ജാഗ്രത വേണം, കള്ളൻമാരല്ല അവർ കൊള്ളക്കാർ; സംഭവിച്ചത് ഇങ്ങനെ...

kannur-theft-
മോഷ്ടാക്കളുടെ അക്രമത്തിൽ പരുക്കേറ്റ കെ.വിനോദ്ചന്ദ്രനും ഭാര്യ പി.സരിതയും
SHARE

ജില്ലയിൽ വർധിച്ചുവരുന്ന കവർച്ചകളുടെ  തുടർച്ചയായി ഇന്നലെ പുലർച്ചെ ആയുധങ്ങളുമായി നഗരത്തിലെ വീട്ടിൽ അതിക്രമിച്ചു കയറി വൻകൊള്ള. വീട്ടുകാരെ കെട്ടിയിട്ടു മർദിച്ചു കവർന്നത് 30 പവനും 15000 രൂപയും മൊബൈൽ ഫോണുകളും ഇലക്ട്രോണിക്സ് സാധനങ്ങളും

പുലർച്ചെ 2.00 മണി. മുൻവാതിൽ തകർക്കുന്ന ശബ്ദം കേട്ടാണു കണ്ണൂർ സൗത്ത് റെയിൽവേ ഗേറ്റിനു സമീപത്തെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന പത്രപ്രവർത്തകനായ വിനോദ് ചന്ദ്രനും ഭാര്യ സരിതയും ഞെട്ടിയെഴുന്നേറ്റത്. കിടപ്പുമുറിയുടെ വാതിലിൽ മുട്ടുകേട്ടു തുറന്നപ്പോൾ മുഖംമൂടിധരിച്ച നാലു പേർ മുറിയിലേക്ക് ഇരച്ചെത്തി. ആരാണെന്നു ചോദിക്കും മുൻപു മുഖമടച്ച് ആദ്യ അടി. പിന്നെ ക്രൂരമർദനം. രണ്ടു പേരുടെയും കണ്ണു കെട്ടി വായിൽ തുണിതിരുകി കിടപ്പുമുറിയിലെ കട്ടിലിനോടു ചേർത്തു കെട്ടിയിട്ടു. രണ്ടു മണിക്കൂർ വീട്ടിനുള്ളിൽ അഴിഞ്ഞാടിയ നാലംഗ സംഘം 30 പവനും 15000 രൂപയും മൂന്നു മൊബൈൽ ഫോണുകളും ലാപ്ടോപ്, ഇലക്ട്രോണിക്സ് സാധനങ്ങളും മോഷ്ടിച്ചു കടന്നുകളഞ്ഞു. 

അകത്തു കയറിയ സംഘം രണ്ടു മണിക്കൂർ വീട്ടിനുള്ളിലുണ്ടായിരുന്നു. വീട്ടിലെ എല്ലാമുറിയും കയറിയിറങ്ങി മുക്കും മൂലയും പരിശോധിച്ചു. കിട്ടാവുന്നതെല്ലാം കൈക്കലാക്കിയതിനു പുറമേ വീട്ടിലുണ്ടായിരുന്ന പഴം കൂടി കഴിച്ചാണു സംഘം മടങ്ങിയത്. ആക്രമണത്തിലും തിരിച്ചു പോക്കിലും സംശയമില്ലാത്തവിധം കൃത്യമായ നീക്കങ്ങൾ.  പോകാൻ നേരം വിനോദ് ചന്ദ്രന്റെ കഴുത്തിനു വീണ്ടും മർദനം.

kannur-theft---

പുലർച്ചെ 4.00 രണ്ടു മണിക്കൂർ നീണ്ട കൊടും പീഡനങ്ങൾക്കു ശേഷം വിനോദ് ചന്ദ്രൻ പണിപ്പെട്ടു സ്വന്തം കയ്യിലെ കെട്ടഴിച്ചു. പിന്നെ കാലിലെയും. ജീവൻ നഷ്ടപ്പെട്ടില്ല എന്ന സമാധാനം മാത്രം. ഉടൻ സഹപ്രവർത്തകരെ വിളിച്ചു വിവരമറിയിച്ചു. സിറ്റി പൊലീസ് വീട്ടിലെത്തിയപ്പോഴാണു കവർച്ച പുറംലോകമറിയുന്നത്. വീടിന്റെ സുരക്ഷയിൽ സമാധാനിച്ചു കഴിയുന്നവരെ നടുക്കുന്നതാണു വെളുപ്പിനുണ്ടായ വൻ കവർച്ച. കൊള്ളയ്ക്കിടയിൽ അക്രമികളുടെ മർദനമേറ്റ വിനോദ് ചന്ദ്രനും ഭാര്യ സരിതയും ആശുപത്രിയിൽ ചികിൽസയിലാണ്. പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുന്നു.

തൊപ്പി മുതൽ ലൈറ്റർ വരെ

വിനോദ് ചന്ദ്രനും ഭാര്യ സരിതയും തനിച്ചാണു താമസമെന്നു മനസ്സിലാക്കിയതു പോലെ തീർത്തും പ്രഫഷനലായിരുന്നു കവർച്ച. വീട്ടുമുറ്റത്തെ മതിലിനോടു ചേർന്നു കിട്ടിയ ചുവപ്പ്, ഇളംനീല നിറങ്ങളിൽ രണ്ടു തൊപ്പികൾ, വീട്ടിനകത്തു നിന്നു ലഭിച്ച ലൈറ്റർ, മുൻവാതിൽ തകർക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന മരത്തടി എന്നിവയാണ് കവർച്ചക്കാർ അവശേഷിപ്പിച്ചു പോയ തെളിവുകൾ. കവർച്ച നടന്നതായി സംശയിക്കുന്ന സമയത്ത് പ്രദേശത്തുണ്ടായിരുന്ന പൊലീസ് വാഹനത്തിന്റെ ക്യാമറയിൽ പതിഞ്ഞ നീല ഇൻഡിക്ക കാറിനെ ചുറ്റിപ്പറ്റിയും അന്വേഷണം പുരോഗമിക്കുന്നു.

ഈ കാർ പല തവണ കടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വീട്ടുകാരെ കെട്ടിയിടാൻ ഉപയോഗിച്ച തുണിയുടെ മണം പിടിച്ചു പൊലീസ് നായ താഴെചൊവ്വ റെയിൽവേ ഗേറ്റ് കടന്നു ദേശീയപാത വരെ വന്നു നിൽക്കുകയായിരുന്നു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തു നിന്നു തെളിവുകൾ ശേഖരിച്ചു. അന്വേഷണത്തിനായി പ്രത്യേകസംഘം രൂപീകരിച്ചിട്ടുണ്ട്. 

കണ്ണൂർ സൗത്ത് റെയിൽവേ ഗേറ്റിനു സമീപം മോഷണം നടന്ന വീട്ടിലെ മുറി ഡിവൈഎസ്പി പി.പി.സദാനന്ദൻ പരിശോധിക്കുന്നു. 						ചിത്രം:മനോരമ
കണ്ണൂർ സൗത്ത് റെയിൽവേ ഗേറ്റിനു സമീപം മോഷണം നടന്ന വീട്ടിലെ മുറി ഡിവൈഎസ്പി പി.പി.സദാനന്ദൻ പരിശോധിക്കുന്നു. ചിത്രം:മനോരമ

സംസാരിച്ചത് പ്രാദേശിക  ഹിന്ദിയും മുറി ഇംഗ്ലിഷും

തീർത്തും പ്രാദേശികമായ ഹിന്ദി ഭാഷയിലാണ് കവർച്ചക്കാർ സംസാരിച്ചിരുന്നതെന്ന് ആക്രമിക്കപ്പെട്ട കുടുംബം പൊലീസിനു മൊഴി നൽകി. മർദിക്കുന്നതിനിടയിൽ ‘‘വേർ ഈസ് ഗോൾഡ്, വേർ ഈസ് മണി’’ എന്നു ചോദിച്ചതായും കവർച്ചയ്ക്കു ശേഷം പുറത്തേക്കു നോക്കി ജൽദി, ജൽദി ഗാഡി ആവോ(വേഗം, വേഗം, വണ്ടി കൊണ്ടു വാ) എന്നും സരിതയുടെ കമ്മൽ ഊരിയെടുക്കുന്ന വേളയിൽ ‘കൂൾ ഡൗൺ’ എന്നും പറഞ്ഞതായാണു മൊഴി. ഇവരുടെ കവർച്ചാ രീതി ഉത്തരേന്ത്യൻ അതിർത്തി ഗ്രാമങ്ങളിലെ മോഷണസംഘങ്ങളുടെ രീതിയാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവരുടെ കൈവശം നീളമുള്ള കത്തിയും മറ്റ് ആയുധങ്ങളുമുണ്ടായിരുന്നു.

ജാഗ്രത വേണം ; കള്ളൻമാരല്ല, ഇവർ കൊള്ളക്കാർ

ഓടു പൊളിച്ചും പൂട്ടു തകർത്തും മോഷണം നടത്തുന്ന ലോക്കൽ കള്ളൻമാരല്ല ഇവർ. പാതിരാത്രി വീട്ടിലേക്ക് ഇരച്ചുകയറി വീട്ടുകാരെ ആക്രമിച്ചു കയ്യിൽ കിട്ടിയതെല്ലാം കൊണ്ടുപോകുന്ന കൊള്ളക്കാർ തന്നെയാണ്. കൂടുതൽ ക്രൂരരായ സംഘങ്ങൾ  വീട്ടുകാരെ കൊലപ്പെടുത്താനും മടിക്കാറില്ല. 

ഒരുകാലത്ത് തമിഴ്നാട്ടിലെ തിരുട്ടുഗ്രാമങ്ങളിലെ കള്ളന്മാരായിരുന്നു കേരളത്തിന്റെ പേടിസ്വപ്നം. എന്നാൽ അവരേക്കാൾ ക്രൂരൻമാരാണ് ഇപ്പോൾ രംഗത്തുള്ളത്. ഭൂരിഭാഗവും ലഹരിക്ക് അടിമപ്പെട്ടവർ. ബംഗ്ലദേശിൽ നിന്നു പോലും സംഘമായെത്തി കേരളത്തിലെത്തി കവർച്ച നടത്തി മടങ്ങുന്ന കുപ്രസിദ്ധ സംഘങ്ങളുണ്ട്. വലിയ സംഘം ഒരുമിച്ചെത്തി ചെറിയ സംഘങ്ങളായി തിരിഞ്ഞ് ഓരോ ഭാഗത്തുമായി കവർച്ച നടത്തുന്നതാണ് ഇവരുടെ രീതി. 

മലയാളികളുടെ വീട്ടിൽ എപ്പോഴുമുണ്ടാകാൻ സാധ്യതയുള്ള  സ്വർണം തന്നെയാണ് കൊള്ളക്കാരെ കേരളത്തിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം. ഒരു വീട്ടിൽ കയറിയാൽ തന്നെ ഇരുപതും മുപ്പതും പവൻ കിട്ടും. ഒറ്റ രാത്രി കൊണ്ടു തന്നെ വൻകൊള്ള നടത്തി മടങ്ങാം. 

രാത്രിയിൽ ട്രെയിനുകളിൽ ഉൾപ്രദേശങ്ങളിലെ റെയിൽവേ ട്രാക്കിനോടു ചേർന്ന സ്ഥലത്തെത്തി വീടുകൾ കൊള്ളയടിച്ച് അതേ രാത്രിയിൽ തന്നെ മടങ്ങുന്നവരുമുണ്ട്. ഉത്തരേന്ത്യയിലെ അതിർത്തി ഗ്രാമങ്ങളിലേക്കു മടങ്ങുന്ന അവരെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കുക എന്നതു പൊലീസിനെ സംബന്ധിച്ച് അതീവ ദുഷ്കരം.  പൊലീസ് ഉദ്യോഗസ്ഥർ ജീവൻ പണയംവച്ചാണ് പലപ്പോഴും ഇത്തരക്കാരെ അവരുടെ നാട്ടിൽ ചെന്നു പിടികൂടാറുള്ളത്. 

പന്തിയല്ല; തിരനോട്ടക്കാഴ്ചകൾ

കവർച്ചയ്ക്കിടെ കൊലപാതകവും

വളപട്ടണത്തെ വ്യാപാരിയും ഒഡിഷ സ്വദേശിയുമായ പ്രഭാകർദാസിനെ ഭാര്യയുടെ മുന്നിൽ കൊലപ്പെടുത്തിയത് കവർച്ചയ്ക്കായി ഒഡിഷയിൽ നിന്നെത്തിയ സംഘമാണ്. ശനിയാഴ്ചകളിൽ തൊഴിലാളികൾക്കു നൽകാനുള്ള പണം കൈവശം സൂക്ഷിക്കുന്ന പതിവുണ്ടെന്നു തിരിച്ചറിഞ്ഞാണ് അഞ്ചു പേർ ചേർന്നു കവർച്ചയ്ക്കെത്തിയത്. മുൻപു കൂടെയുണ്ടായിരുന്ന ഗണേഷ് എന്ന തൊഴിലാളിയെ കവർച്ചയ്ക്കിടെ പ്രഭാകർദാസ് തിരിച്ചറിഞ്ഞതാണു കൊലപാതകത്തിനു കാരണമായത്.

കൊലപാതകം നടത്തിയ വീടിനു സമീപത്തെ സിസിടിവിയിൽ മുഖം മറച്ചു കടന്നുപോകുന്ന അക്രമിസംഘത്തിന്റെ ദൃശ്യം ലഭിച്ചിരുന്നു. ഈ സംഘത്തിന്റെ മറ്റൊരു വ്യക്തമായ ദൃശ്യവും എവിടെ നിന്നും ലഭിച്ചില്ല. ഇവർ മുഖംമൂടാൻ ഉപയോഗിച്ച അതേ തുണി കഴുത്തിലൂടെ ചുറ്റിയ നിലയിൽ ഒരാൾ അടങ്ങുന്ന സംഘത്തിന്റെ ദൃശ്യങ്ങൾ പുതിയതെരുവിലെ ഹോട്ടലിൽ നിന്നു ലഭിച്ചു. അക്രമികളുടെ വ്യക്തമായ ചിത്രം പതിഞ്ഞ ഏക സിസിടിവി ദൃശ്യമായിരുന്നു അത്. ഈ ചിത്രം കൊല്ലപ്പെട്ടയാളിന്റെ ബന്ധുവിനെ കാണിച്ചതോടെയാണ് ഗണേശിനെ തിരിച്ചറിഞ്ഞത്. പൊലീസ് ഒഡിഷയിൽ ഇവരുടെ താമസസ്ഥലത്തു ചെന്നാണു പ്രതികളെ പിടികൂടിയത്. 

kannur-theft

ബാങ്കുകളെ വിറപ്പിച്ച ‘അയ്യനാർ ഗ്യാങ്’

സംഘം ചേർന്നു കൊള്ള നടത്തി വിറപ്പിക്കുന്ന സംഭവങ്ങൾ ജില്ലയിൽ സമീപകാലത്തായി കുറഞ്ഞിരുന്നു. വർഷങ്ങൾക്കു മുൻപു കേരളത്തിലുടനീളം ബാങ്ക് മോഷണം പതിവാക്കിയ ‘അയ്യനാർ ഗ്യാങ്’ എന്നറിയപ്പെടുന്ന തമിഴ്നാട്ടിലെ കള്ളന്മാരാണ് സംഘമായി കവർച്ചയ്ക്കെത്തിയത്. ഒട്ടേറെ സഹകരണ ബാങ്കുകളിൽ നിന്നു കിലോക്കണക്കിനു സ്വർണം മോഷ്ടിച്ചു കടന്ന ഇവരെ പിന്നീട് മോഷണ രീതിയിൽ നിന്നാണു തിരിച്ചറിഞ്ഞത്. 

കവർച്ചയ്ക്കിടയിൽ ആരെങ്കിലും തടയാൻ ശ്രമിച്ചാൽ കല്ലെറിഞ്ഞോടിക്കാൻ സംഭവസ്ഥലത്തു ശേഖരിക്കുന്ന കല്ലുകൾ, വാതിൽ തകർക്കാൻ ഉപയോഗിക്കുന്ന പ്രത്യേകതരം ഉളി, കവർച്ചയ്ക്കു ശേഷം തെളിവു നശിപ്പിക്കാൻ വെള്ളമൊഴിക്കുന്ന രീതി ഇതൊക്കെയായിരുന്നു അവരുടെ പ്രത്യേകതകൾ. 

കുറ്റകൃത്യങ്ങൾ പെരുകുന്നു

ഇതരസംസ്ഥാന തൊഴിലാളികൾക്കു ജില്ലയിലുണ്ടായിരുന്ന തൊഴിൽ അവസരങ്ങൾ കുറഞ്ഞതോടെ കുറ്റകൃത്യങ്ങളുടെ എണ്ണം കൂടിയതായി പൊലീസിന്റെ കണക്കുകൾ. 

അടിപിടി, ബൈക്ക് മോഷണം, മൊബൈൽ മോഷണം, പിടിച്ചുപറി തുടങ്ങിയവ സ്ഥിരമായിക്കഴിഞ്ഞു. ബംഗാൾ, ബിഹാർ, അസം എന്നീ മേഖലകളിൽ നിന്നുള്ളവർ കൂടുതൽ അക്രമാസക്തരാണെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. 

എത്ര ഇതരസംസ്ഥാന തൊഴിലാളികൾ ജില്ലയിലുണ്ട്, ഇവരിൽ എത്ര പേർക്കു കുറ്റകൃത്യത്തിന്റെ പൂർവചരിത്രമുണ്ട് തുടങ്ങിയ കണക്കുകളൊന്നും ലഭ്യമല്ല. 

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama