go

കണ്ണൂരിന്റെ ചിറകിൽ കേരളത്തിന്റെ കുതിപ്പ്

Kannur News
SHARE

ഉത്തരകേരളത്തിനു മാത്രമല്ല, കേരളത്തിനാകെ വികസനക്കുതിപ്പു നൽകാൻ കഴിയുന്ന കണ്ണൂർ രാജ്യാന്തര വിമാനത്താവളം 9നു തുറക്കുകയാണ്. ഉത്തരകേരളത്തിലെ ജനങ്ങളുടെ ഏറെക്കാലത്തെ അഭിലാഷമാണു പൂർത്തിയാകുന്നത്. രാജ്യത്തെ ഏതു വിമാനത്താവളത്തോടും കിടപിടിക്കുന്ന ആധുനിക സൗകര്യങ്ങളാണു കണ്ണൂരിൽ ഒരുക്കിയിട്ടുള്ളത്.

കൊച്ചി മെട്രോയ്‌ക്കു ശേഷം ഉദ്‌ഘാടനം ചെയ്യപ്പെടുന്ന വൻകിട അടിസ്ഥാനസൗകര്യ പദ്ധതിയാണു കണ്ണൂർ വിമാനത്താവളം. ദേശീയപാത വികസനം, ഗെയിൽ പ്രകൃതിവാതക പൈപ്പ്‌ലൈൻ, കൂടംകുളം വൈദ്യുത ലൈൻ, കോവളം – ബേക്കൽ ദേശീയ ജലപാത, മലയോര – തീരദേശ ഹൈവേകൾ തുടങ്ങിയ പദ്ധതികളും 2 വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണു ശ്രമിക്കുന്നത്. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ആദ്യഘട്ടവും അടുത്തവർഷം പൂർത്തിയാകും.

1996ലെ നായനാർ സർക്കാരാണു കണ്ണൂർ വിമാനത്താവളത്തിനു നടപടികൾ ആരംഭിച്ചത്. വിമാനത്താവളത്തിന്റെ നടപടികൾ ത്വരിതപ്പെടുത്താൻ അന്നു രൂപീകരിച്ച കമ്മിറ്റിയുടെ ചെയർമാൻ എന്ന നിലയിൽ ഈ പദ്ധതി പൂർത്തിയാകുമ്പോൾ എനിക്ക് ഏറെ സന്തോഷമുണ്ട്. സിവിൽ വ്യോമയാന മന്ത്രിയായിരുന്ന സി.എം.ഇബ്രാഹിം വിമാനത്താവളം അനുവദിക്കുന്നതിൽ പ്രത്യേകം താൽപര്യമെടുത്തത് ഈ അവസരത്തിൽ ഓർക്കുന്നു. തുടർന്നുവന്ന യുഡിഎഫ് സർക്കാരിന്റെ (2001–2006) കാലത്തു കാര്യമായൊന്നും ചെയ്തില്ല. 2006ൽ അധികാരത്തിലേറിയ എൽഡിഎഫ് സർക്കാരിന്റെ കാലത്താണു വീണ്ടും പ്രവർത്തനം ആരംഭിച്ചത്. 2011ൽ അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ തുടർന്നു ചില നടപടികൾ സ്വീകരിച്ചു. 2016ൽ ഈ സർക്കാർ വന്ന ശേഷമാണു നിർമാണം പൂർത്തിയായത്. റൺവേ 3,050 മീറ്ററാണ്. 4,000 മീറ്ററായി നീട്ടാൻ തീരുമാനമെടുത്തിട്ടുണ്ട്. ഇന്ത്യയിൽ ഇപ്പോൾ 3 വിമാനത്താവളങ്ങൾക്കു മാത്രമേ 4,000 മീറ്റർ റൺവേയുള്ളൂ. 

കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളുടെയും കർണാടകയിലെ കുടകിന്റെയും ടൂറിസം വികസനത്തിനു പുതിയ വിമാനത്താവളം വലിയ പ്രയോജനം ചെയ്യും. ഈ മേഖലയിൽ കൂടുതൽ വ്യവസായ നിക്ഷേപം ഉണ്ടാകാനും വിമാനത്താവളം സഹായിക്കും. വിമാനത്താവളത്തിന് ആവശ്യമായ അനുമതികൾ ലഭ്യമാക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നു സഹായകരമായ നിലപാടാണുണ്ടായത്. ഒട്ടേറെ വിമാന കമ്പനികൾ കണ്ണൂരിൽനിന്നു സർവീസ് തുടങ്ങാൻ മുന്നോട്ടുവന്നിട്ടുണ്ട്.

വിമാനത്താവളം യാഥാർഥ്യമാക്കുന്നതിനു സഹായവും പിന്തുണയും നൽകിയ ഒട്ടേറെ പേരുണ്ട്. അവരെയെല്ലാം ഈ അവസരത്തിൽ സ്‌മരിക്കുകയാണ്. ആരുടെയും പേര് എടുത്തു പറയുന്നില്ലെങ്കിലും അന്തരിച്ച ക്യാപ്‌റ്റൻ കൃഷ്‌ണൻ നായരെ പ്രത്യേകം ഓർക്കുന്നു. ഭൂമി ഏറ്റെടുക്കലിനു രാജ്യത്തിനു തന്നെ മാതൃകയാകുന്ന പാക്കേജാണ് ഇവിടെ നടപ്പാക്കിയത്.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama