go

കണ്ണുംപൂട്ടി സിക്സർ!

Kannur News
മുനാസ്
SHARE

ഒരു ക്രിക്കറ്റ് പിച്ചിന്റെ അങ്ങേയറ്റം കാണാൻ മുനാസിന്റെ കണ്ണുകൾക്കാവില്ല. ഓരോ പന്തും പാഞ്ഞുവരുന്നത് ഇരുട്ടിൽ നിന്ന്. എങ്കിലും മുനാസ് തന്റെ ഇച്ഛാശക്തിയുടെ ബാറ്റ് ഉറപ്പിച്ചുകഴിഞ്ഞു. നാളെ മുതൽ 14 വരെ തൊടുപുഴയിൽ നടക്കുന്ന കാഴ്ചപരിമിതർക്കുള്ള നാഗേഷ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തെ നയിക്കാനുള്ള ചുമതല മുനാസിനെ തേടിയെത്തിയതു വെറുതെയല്ല.

നാളെ ഉത്തരാഖണ്ഡിനെതിരെയാണ്​ ആദ്യത്തെ മത്സരം. 13നു​ മധ്യപ്രദേശിനോടും, 14നു തെലുങ്കാന​യോടുമാണ്​​ മറ്റു മത്സരങ്ങൾ. പൈവളികയിലെ മുഹമ്മദി​​െന്റയും ഫാത്തിമയുടെയും മകനാണ്​ മുനാസ്​. സഹോദരങ്ങളായ സക്കീനയ്ക്കും ഖലീലിനും കാഴ്ചതീരെയില്ല. 

 ജീവിതത്തിൽ  വാലറ്റമാകില്ല !

ഫാസ്റ്റ് ബോളറും വലംകയ്യൻ ഓപ്പണിങ് ബാറ്റ്സ്മാനുമാണു മുനാസ്. ഇന്ത്യയുടെ ബ്ലൈൻഡ് ക്രിക്കറ്റ് ടീമിലെ ഏക മലയാളി.കോഴിക്കോട് ഫറൂഖ് കോളജിലെ ബിഎ സോഷ്യോളജി അവസാന വർഷ വിദ്യാർഥി. ജന്മനാ പകുതി കാഴ്ചയില്ല. എങ്കിലും ജീവിതത്തിൽ ‘വാലറ്റം’ ആകാൻ ഒരുക്കമല്ലാത്തതിനാൽ നേട്ടങ്ങൾ പൊരുതി നേടി. പുൽമൈതാനവും ആരവങ്ങളും മാത്രം സ്വപ്നം കണ്ടു. ജീവിതം മുനാസിനെ കൈവിട്ടില്ല. കാസർകോട് ജില്ലാ ടീം ക്യാപ്റ്റൻ. പ്രകടനം ശ്രദ്ധ നേടിയതോടെ കേരള ടീം വൈസ് ക്യാപ്റ്റനായി. അധികം വൈകാതെ ദേശീയ ടീമിലേക്കു വിളി വന്നു. 2018 ജൂലൈയിലായിരുന്നു അത്. ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിൽ അംഗം. തുടർന്നു ടീമിൽ സ്ഥിരസാന്നിധ്യം. 

 സമർപ്പണ കഥ

ഏഴാം ക്ലാസ് വരെ വിദ്യാനഗറിലെ ബ്ലൈൻഡ് സ്കൂളിലായിരുന്നു മുനാസ്. തുടർന്നു പ്ലസ്ടു വരെ കോഴിക്കോട് കൊളത്തറ ബ്ലൈൻഡ് സ്കൂളിൽ. കാസർകോട്ടെ കാഴ്ചപരിമിതരുടെ ക്രിക്കറ്റ് കൂട്ടായ്മയായ നോർത്ത് മലബാർ ക്രിക്കറ്റ് അസോസിയേഷൻ ഫോർ സൈറ്റ്‍ലെസ്  പ്രവർത്തകരാണു മുനാസിന്റെ മികവു തിരിച്ചറിഞ്ഞത്. കാഴ്ച പരിമിതർക്കായി ജില്ലയിൽ നല്ലൊരു ഗ്രൗണ്ടു പോലുമില്ല.

താളിപ്പടുപ്പിലേയും വിദ്യാനഗറിലെയും മൈതാനങ്ങളിലാണു പരിശീലനം. ജില്ലയിലെ കാഴ്ചപരിമിതരുടെ ടീമായ റെയിൻബോ സ്റ്റാറിനു വേണ്ടി ഒട്ടേറെ ടൂർണമെന്റുകളിൽ കിരീടമുയർത്തിയിട്ടുണ്ട്.  

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama