go

റെഡ് അലർട്ടിന്റെ ആശങ്ക നീങ്ങി; കണ്ണൂർ ജില്ലയിൽ നേരിയ ആശ്വാസം

kannur-meekuzhi
കുത്തൊഴുക്കിൽ 2 തൂണുകളും സ്ലാബും തകർന്ന മീങ്കുഴി അണക്കെട്ട്. പൊട്ടിയ തൂണിന്റെയും സ്ലാബിന്റെയും ഭാഗങ്ങളാണ് ഉയർന്ന് കാണുന്നത്.
SHARE

കണ്ണൂർ∙ റെഡ് അലർട്ടിന്റെ ആശങ്ക നീങ്ങി മഴ കുറഞ്ഞതിനാൽ ജില്ലയിൽ ഇന്നലെ നേരിയ ആശ്വാസം. ഇതിനിടയിലും രണ്ടു മരണങ്ങൾ നോവായി. കണ്ണപുരം പുഞ്ചവയൽ സ്വദേശി സി.പി സുബൈറും(40), പെരളശ്ശേരി പരിയാരം ബാവോട് കൊന്നേരിവീട്ടിൽ ഇക്ബാൽ (34) എന്നിവരാണു മരിച്ചത്. മഴ ഏറ്റവുമധികം നാശം വിതച്ച ഇരിട്ടി, കൊട്ടിയൂർ മേഖലകളിൽ ഇന്നലെ കാര്യമായി മഴ പെയ്തില്ല. ഇതോടെ വെള്ളമിറങ്ങി.

വെള്ളക്കെട്ടിൽനിന്നു ശ്രീകണ്ഠപുരവും ഒരു പരിധി വരെ മോചനം നേടി. ആലക്കോട് മഴയുടെ ശക്തി കുറഞ്ഞെങ്കിലും ആലക്കോട് തേർത്തല്ലിയിലും എരുവാട്ടിയിലും മണ്ണിടിച്ചിലുണ്ടായി. 

തേർത്തല്ലിത്തോടിനു കുറുകെയുണ്ടായിരുന്ന നടപ്പാലം ഒലിച്ചുപോയി. ഭൂരിഭാഗം മേഖലകളിലും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും നാലു ദിവസമായി വൈദ്യുതി ഇല്ലാത്ത മേഖലകളുമുണ്ട്. ശുചീകരണ പ്രവർത്തനങ്ങളിലാണ് ഇന്നലെ ജില്ല ശ്രദ്ധയൂന്നിയത്.

140 ക്യാംപുകള്‍ 

ജില്ലയിൽ വിവിധ താലൂക്കുകളിലായി 140 ദുരിതാശ്വാസ ക്യാംപുകളാണു പ്രവർത്തിക്കുന്നത്. 4911 കുടുംബങ്ങളിൽ നിന്നായി 19922 പേരാണ് ഇവിടെയുള്ളത്. ഇരിട്ടി താലൂക്കിൽ 22 ക്യാംപുകളിലായി 3364 പേരും തളിപ്പറമ്പ് താലൂക്കിൽ 47 ക്യാംപുകളിലായി 8441 പേരും കണ്ണൂർ താലൂക്കിൽ 24 ക്യാംപുകളിലായി 3595 പേരും തലശ്ശേരി താലൂക്കിൽ 30 ക്യാംപുകളിലായി 3698 പേരും പയ്യന്നൂർ താലൂക്കിൽ 17 ക്യാംപുകളിലായി 824 പേരും കഴിയുന്നു.

ഇനി പുനരധിവാസം

ജില്ലയിൽ പ്രളയത്തിന് ശമനം ഉണ്ടായിതുടങ്ങിയതോടെ പുനരധിവാസ നടപടികളിലേക്കു കടക്കാൻ ജില്ലാ ഭരണകൂടം. വെള്ളം കയറിയ വീടുകൾ, കിണറുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവ ശുചീകരിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കും. ശുചിത്വ മിഷൻ, കുടുംബശ്രീ, സന്നദ്ധ പ്രവർത്തകർ എന്നിവരും പങ്കാളികളാകും. ഇതിനായി തദ്ദേശസ്ഥാപനങ്ങളിൽ ഇന്നലെ യോഗം ചേർന്നു. ശുചീകരണത്തിന് ആവശ്യമായ ഹെൽത്ത് കിറ്റ് തയാറാക്കി നൽകും. 

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama