go

വെള്ളമിറങ്ങിയാലും വേണം ജാഗ്രത; സൂക്ഷിച്ചുപയോഗിക്കാം കിണർ വെള്ളം

kannur-farook
വെള്ളം കുറഞ്ഞതിനു ശേഷം കക്കാട് പുല്ലൂപ്പിക്കടവിലെ വി.പി.ഫാറൂഖും ഭാര്യ ഫൗസിയയും വീട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നു.
SHARE

കണ്ണൂർ∙ കനത്ത മഴയ്ക്ക് ആശ്വാസമുണ്ടായതോടെ ദുരിതാശ്വാസ ക്യാംപുകളിൽ നിന്നും ബന്ധുവീടുകളിൽ നിന്നും ആളുകൾ തിരികെ വെള്ളം കയറിക്കിടന്ന സ്വന്തം വീടുകളിലെത്തി. എന്നാൽ, ശുചീകരണം നടത്താതെ തിരികെക്കയറാനാകില്ല. ശുചീകരിക്കുമ്പോളും കിണർ വെള്ളം ഉപയോഗിക്കുമ്പോഴും സൂക്ഷിക്കണമെന്നു അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

സൂക്ഷിച്ചുപയോഗിക്കാം കിണർ വെള്ളം

കിണർ വെള്ളം മലിനമാണെങ്കിൽ ജാഗ്രത വേണം. വെള്ളക്കെട്ടുണ്ടായ എല്ലാ പ്രദേശങ്ങളിലും കിണറുകളിൽ മലിനജലം എത്തിയിട്ടുണ്ട്. മഴ കുറയാത്ത സാഹചര്യത്തിൽ ഇപ്പോൾ വെള്ളം വറ്റിച്ച് കിണർ വൃത്തിയാക്കുന്നത് പൂർണമായും പ്രായോഗികമല്ല. വെള്ളത്തിന് ദുർഗന്ധമില്ലെങ്കിൽ കലങ്ങിയ വെള്ളം തെളിയാനായി കാത്തിരിക്കാം. തെളിഞ്ഞു കാണുന്ന എല്ലാ വെള്ളവും സുരക്ഷിതമല്ല.

കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്ത് മാത്രം ഉപയോഗിക്കുക. ക്ലോറിനേഷൻ പ്രായോഗികവും ഫലപ്രദവുമായ അണു നശീകരണ മാർഗമാണ്. ബ്ലീച്ചിങ് പൗഡർ ആണ് ക്ലോറിനേഷന് ഉപയോഗിക്കുന്നത്. വെള്ളം പാത്രത്തിൽ എടുത്തുവച്ച് ഊറി കഴിഞ്ഞതിന് ശേഷം ഉപയോഗിക്കാം. ആവശ്യത്തിനുള്ള ബ്ലീച്ചിങ് പൗഡർ ഒരു പ്ലാസ്റ്റിക് ബക്കറ്റിലെടുത്ത് മുക്കാൽ ഭാഗം വെളളം ഒഴിച്ച് ഒരു ഉണങ്ങിയ വൃത്തിയുള്ള കമ്പു കൊണ്ട് നന്നായി ഇളക്കി ചേർക്കുക. ശേഷം 5 മിനിറ്റ് ഊറാൻ അനുവദിക്കുക.

പിന്നീട് തെളിഞ്ഞ വെള്ളം മാത്രം കിണറ്റിലേക്ക് ഒഴിച്ച് കിണർ വെള്ളം നന്നായി ഇളക്കുക. അര മണിക്കൂറിനു ശേഷം ഉപയോഗിക്കാം. കിണറിലെ വെള്ളത്തിന് ക്ലോറിന്റെ നേരിയ ഗന്ധം വേണം അതാണ് ശരിയായ അളവ്. ഒട്ടും ഗന്ധം ഇല്ലെങ്കിൽ അൽപം കൂടി ബ്ലീച്ചിങ് പൗഡർ ഒഴിക്കുക. രൂക്ഷ ഗന്ധമാണെങ്കിൽ ഒരു ദിവസത്തിനു ശേഷം കുറഞ്ഞോളും.

മഴക്കാലം കഴിയുന്നതുവരെയെങ്കിലും ഇടയ്ക്കിടെ (ജലസ്രോതസ്സിൽ നിന്നും ബ്ലീച്ചിങ് പൗഡറിന്റെ ഗന്ധം ഇല്ലാതായാൽ ഉടനെ) ക്ലോറിനേഷൻ ചെയ്യുന്നതാണ് ഉത്തമം. ക്ലോറിൻ ചേർത്ത വെള്ളത്തിനുണ്ടാകുന്ന അരുചി ഒരു പാത്രത്തിലെടുത്ത് അൽപനേരം തുറന്നു വച്ചാൽ കുറഞ്ഞോളും. ക്ലോറിനേഷൻ ചെയ്ത കുടിക്കാനുള്ള വെള്ളം ഇരുപത് മിനിറ്റ് തിളപ്പിച്ച ശേഷം ചൂടാറ്റി ഉപയോഗിക്കുക. തിളപ്പിച്ച വെള്ളത്തിലേക്ക് പച്ച വെള്ളം ചേർത്ത് ഉപയോഗിക്കരുത്.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama