go

ബാരാപോൾ: ജനങ്ങളുടെ ഭീതിയകറ്റാൻ നടപടിയുണ്ടാവുമെന്ന് കെ. സുധാകരൻ

കച്ചേരിക്കടവ് സെന്റ് ജോർജ് യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലെത്തിയ കെ.സുധാകരൻ എംപിയും സണ്ണി ജോസഫ് എംഎൽഎയും അയ്യൻകുന്ന് പഞ്ചായത്ത് ജനപ്രതിനിധികളും പ്രളയബാധിതരും നാട്ടുകാരുമായി ചർച്ച നടത്തുന്നു.
കച്ചേരിക്കടവ് സെന്റ് ജോർജ് യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലെത്തിയ കെ.സുധാകരൻ എംപിയും സണ്ണി ജോസഫ് എംഎൽഎയും അയ്യൻകുന്ന് പഞ്ചായത്ത് ജനപ്രതിനിധികളും പ്രളയബാധിതരും നാട്ടുകാരുമായി ചർച്ച നടത്തുന്നു.
SHARE

ഇരിട്ടി∙ പ്രളയത്തിൽ ബാരാപ്പുഴ കരകവിഞ്ഞ്  ബാരാപോൾ മിനി ജലവൈദ്യുതി പദ്ധതി കനാലിലേക്ക് പുഴ ഗതിമാറി ഒഴുകിയതിനെ തുടർന്ന് പ്രദേശവാസികൾക്കുണ്ടായ ആശങ്കയകറ്റാനും ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കാനും കലക്ടറുടെ നേതൃത്വത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുന്നതിന് ഇടപെടൽ നടത്തുമെന്ന് കെ.സുധാകരൻ എംപി അറിയിച്ചു. കച്ചേരിക്കടവിലെ ദുരിതാശ്വാസ ക്യാംപിൽ അയ്യൻകുന്ന് പഞ്ചായത്ത് ജനപ്രതിനിധികളുമായും നാട്ടുകാരുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ജനങ്ങളുടെ ഭീതിയകറ്റാൻ വേണ്ടതു ചെയ്യുമെന്ന് എംപി ഉറപ്പു നൽകിയത്. പാലത്തുംകടവിൽ കനാൽ അടച്ചിരുന്ന ഷട്ടറിന് മുകളിൽ കൂടി വെള്ളം കയറിയാണ് പുഴ കനാലിലൂടെ ഒഴുകിയത്.

കനാൽ നിറഞ്ഞുകവിഞ്ഞൊഴുകയും ഫോർബെ ടാങ്കിൽ നിറഞ്ഞ വെള്ളം എയർവെന്റ് വഴി വെള്ളചാട്ടം പോലെ താഴേക്ക് പതിക്കുകയും ചെയ്തതോടെ പദ്ധതി മേഖലയിൽ താമസിക്കുന്നവർ ഭീതിയിലായിരുന്നു. കൃഷിയിടങ്ങളിലടക്കം വെള്ളം നിറഞ്ഞ് ഒഴുകി. സുരക്ഷ കണക്കിലെടുത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇവിടെയുള്ള കുടുംബങ്ങളെ മാറ്റി താമസിപ്പിക്കുകയും ചെയ്തിരുന്നു. കനാലിന്റെ ഉയരം വർധിപ്പിക്കണമെന്നും പുഴ കനാലിലേക്ക് ഗതിമാറി ഒഴുകാതിരിക്കാൻ വേണ്ട നിർമാണങ്ങൾ നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കേരള - കർണാടക അതിർത്തി തർക്കം പരിഹരിക്കാത്തതിനെ തുടർന്നുള്ള ദുരിതവും കച്ചേരിക്കടവിൽ നിരവധി വീടുകൾക്ക് ഭീഷണിയായി പാറ നിരങ്ങി നീങ്ങുന്ന ഭീഷണി പരിഹരിക്കാത്തതും ഭുമി വിണ്ടു കീറുന്നതും നാട്ടുകാർ എംപിയോട് പരാതിയായി അറിയിച്ചു. 

ഈ പ്രശ്‌നങ്ങളെല്ലാം കലക്ടറോടു സംസാരിച്ച് പരിഹരിക്കാമെന്നും എംപി ഉറപ്പു നൽകി. സണ്ണി ജോസഫ് എംഎൽഎ, അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വർഗീസ്, വൈസ് പ്രസിഡന്റ് തോമസ് വലിയതൊട്ടി, സ്ഥിരം സമിതി അധ്യക്ഷരായ ഐസക് ജോസഫ്, മേരിക്കുട്ടി വാഴാംപ്ലാക്കൽ, അംഗം മേരി റെജി, കോൺഗ്രസ് അയ്യൻകുന്ന് മണ്ഡലം പ്രസിഡന്റ് ജെയ്‌സൻ കാരക്കാട്ട് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.മാക്കൂട്ടം വനത്തിലുണ്ടായ ഉരുൾപൊട്ടലുകളെ തുടർന്ന് പുഴ കരകവിഞ്ഞും മണ്ണിടിഞ്ഞും അയ്യൻകുന്നിൽ വ്യാപക നഷ്ടം ഉണ്ടായി. 8 വീടുകൾ പൂർണമായി തകർന്നു.

11 വീടുകൾ ഭാഗികമായും. ഏക്കർകണക്കിന് സ്ഥലത്തെ കൃഷി നശിച്ചു. ഗ്രാമീണ റോഡുകൾ തകർന്നു.വെമ്പുഴയിലും കളപ്പുര ജംക്ഷനിലും ഉള്ള വിസിബി-കം-ബ്രിഡ്ജുകൾ നശിച്ചു. കാപ്പിൽ - പാലയ്ക്കൽ ജംക്ഷനിലെയും കമ്പിനിനിരത്ത് - കന്നുതൊട്ടി ജംക്ഷനിലെയും ചെറിയ പാലങ്ങളും തകർന്നു. പാലത്തിൻകടവിൽ ഭൂമി 20 സെന്റീമീറ്ററോളം വിണ്ടുകീറി നിൽക്കുന്നതിന്റെ ആശങ്കയും ജനങ്ങൾക്കുണ്ട്. കോൺക്രീറ്റ് റോഡും കുറുകെ പിളർന്നു. കുഴിമറ്റം ജെയ്മി, ചാക്കോ നെല്ലിയാനി, പ്രകാശൻ കപ്പലുമാക്കൽ, മണ്ഡപത്തിൽ ജോയി, ജെയ്‌സൺ, കുന്നേൽ ജോസഫ്, സുധീർ ചാമക്കാല എന്നിവരുടെ വീടുകൾക്ക് നാശനഷ്ടം ഉണ്ടായി. തങ്കച്ചൻ പാണ്ടിയപുരയിലിന്റെ കിണർ ഇടിഞ്ഞുതാഴ്ന്നു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama