go

പ്രളയബാക്കി മാലിന്യം

പയ്യാമ്പലം കടപ്പുറത്ത് അടിഞ്ഞുകൂടിയ മരക്കമ്പുകളും മാലിന്യങ്ങളും.
പയ്യാമ്പലം കടപ്പുറത്ത് അടിഞ്ഞുകൂടിയ മരക്കമ്പുകളും മാലിന്യങ്ങളും.
SHARE

കണ്ണൂർ∙ മഴയിറങ്ങിയപ്പോൾ ജില്ലയിൽ പ്രളയം ബാക്കി വച്ച മാലിന്യം സംസ്കരിക്കുകയെന്നതു കീറാമുട്ടിയായി മാറുന്നു. ശുചിത്വമിഷൻ ഉൾപ്പെടെയുള്ളവർ മാലിന്യശേഖരണം ആരംഭിച്ചിട്ടുണ്ടെങ്കിലും ടൺകണക്കിനു ജൈവ, അജൈവ മാലിന്യങ്ങൾ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.ഇന്നലെ വരെയുള്ള കണക്ക് പ്രകാരം ജില്ലയിലെ നഗരസഭകളിൽനിന്നു മാത്രം 90 ടൺ അജൈവ മാലിന്യം ശേഖരിച്ചു. പ്രളയ ബാധിത മേഖലയിൽ കെട്ടിക്കിടക്കുന്ന അജൈവ മാലിന്യങ്ങളായ പ്ലാസ്റ്റിക്കുകൾ, പ്ലാസ്റ്റിക് കുപ്പികൾ, ഗ്ലാസ്, മെറ്റൽ, റബർ, പാത്രം, ലെതർ, മെത്ത, ഇ– മാലിന്യങ്ങൾ എന്നിവ ശേഖരിക്കലാണു വലിയ വെല്ലുവിളി. ഹരിത കർമസേനയുടെ നേതൃത്വത്തിൽ ശേഖരിക്കുന്ന ഇവ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒരു കേന്ദ്രം എന്ന നിലയിൽ എത്തിക്കും.

കരകവിഞ്ഞ് ഒഴുക്കിയ പുഴയുടെ ജലനിരപ്പു കുറഞ്ഞശേഷം ആയിപ്പുഴ പമ്പ് ഹൗസിനു സമീപം മാലിന്യം കെട്ടിക്കിടക്കുന്ന നിലയിൽ.
കരകവിഞ്ഞ് ഒഴുക്കിയ പുഴയുടെ ജലനിരപ്പു കുറഞ്ഞശേഷം ആയിപ്പുഴ പമ്പ് ഹൗസിനു സമീപം മാലിന്യം കെട്ടിക്കിടക്കുന്ന നിലയിൽ.

തുടർന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ക്ലീൻ കേരളയുടെ എറണാകുളം പ്ലാന്റിലേക്ക് ജില്ലയിൽ നിന്നുള്ള അജൈവ മാലിന്യങ്ങൾ കൊണ്ടുപോകും.അഴുകുന്ന മാലിന്യങ്ങൾ, വീടിനു സമീപത്തു നനവില്ലാത്ത ഇടങ്ങളിൽ കിണറിൽ നിന്നു 3 മീറ്റർ മാറി കമ്പോസ്റ്റ് കുഴി നിർമിച്ച് സംസ്കരിക്കണം. ഈർപ്പമുള്ള ഇടങ്ങളിൽ ബക്കറ്റ്, മറ്റു കണ്ടെയ്നറുകൾ ഇവ ഉപയോഗിച്ച് അഴുകുന്ന മാലിന്യങ്ങൾ കമ്പോസ്റ്റിങ് നടത്തണം. ഇത്തരത്തിൽ നടത്തുമ്പോൾ കമ്പോസ്റ്റിങ് പാത്രത്തിൽ ഈർപ്പം അധികമുണ്ടെങ്കിൽ കരിയില പൊടിയോ പേപ്പർ കഷണങ്ങളോ ഈർപ്പം കുറയ്ക്കുന്നതിനു ഉപയോഗിക്കാം. 

ശുചീകരണം ഈ വിധം

തദ്ദേശസ്വയംഭരണ സ്ഥാപന പ്രദേശങ്ങളിലെ വീടുകളും സ്ഥാപനങ്ങളും ശുചീകരിക്കേണ്ടതിന്റെ ചുമതല തദ്ദേശസ്വയംഭരണ സെക്രട്ടറിക്കാണ്. ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ഹരിത കർമസേന, സന്നദ്ധ സേവകർ, സാങ്കേതിക വിദഗ്ധർ, ക്ലബുകൾ, കുടുംബശ്രീ, രാഷ്ട്രീയ–സാമൂഹിക പ്രവർത്തകർ ഉൾപ്പെട്ടാണ് ശുചീകണം നടക്കുന്നത്. ഓരോ 10 വീടുകളുടേയും ചുമതല ഒരു വ്യക്തിക്ക് എന്ന നിലയിലാണ് ശുചീകരണം. ഓരോ വാർഡിന്റേയും ചുമതല ഓരോ ഉദ്യോഗസ്ഥനും.

മൃഗങ്ങളുടെ ജഡം സംസ്കരിക്കേണ്ടത്

ജലസ്രോതസുകളിൽ നിന്നും 10 മീറ്റർ മാറി 6 അടി താഴ്ച്ചയിൽ കുഴിയെടുത്ത് കരിയില വിതറി അതിനു മുകളിൽ ജഡം മണ്ണിട്ട് മൂടണം. മൃഗസംരക്ഷണ വകുപ്പിന്റെ ഉപദേശവും തേടണം. ഇതുവരെ 1651 മൃഗങ്ങളുടെ ജഡം സംസ്കരിച്ചതായാണു കണക്ക്.

വൈദ്യുതി പുനഃസ്ഥാപിക്കാൻ ദ്രുതകർമസംഘം

പ്രളയ ബാധിത പ്രദേശങ്ങളിൽ വൈദ്യുതി പുനഃസ്ഥാപനത്തിനായി തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നു കണ്ണൂരിലെത്തിയ ദ്രുതകർമ സംഘം പ്രവൃത്തി ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്ന് 45 പേരും കൊല്ലം ജില്ലയിൽ നിന്ന് 33 പേരുമാണ് രാവിലെ കണ്ണൂരിലെത്തിയത്.കേളകം, മട്ടന്നൂർ, ചപ്പാരപ്പടവ്, ആലക്കോട്, ചെറുപുഴ, കൊളച്ചേരി, മയ്യിൽ എന്നിവിടങ്ങളിലാണു ഇവർ സേവനം നടത്തിയത്. 

   വ്യാപാരനഷ്ടമളക്കാൻ നോഡൽ ഓഫിസർ

കാലവർഷക്കെടുതിയിൽ നാശനഷ്ടം സംഭവിച്ച വ്യാപാര സ്ഥാപനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിലെ പ്രയാസങ്ങൾ പരിഹരിക്കുന്നതിനു അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മിഷണ (ജനറൽ)റെ നോഡൽ ഓഫിസറായി നിയമിച്ചു.മഴക്കെടുതിയിൽ മത്സ്യകൃഷിയിലുണ്ടായ നാശനഷ്‌ടങ്ങളുടെ വിവരങ്ങൾ ഫിഷറീസ് ഡപ്യൂട്ടി ഡയറക്‌ടറെ അറിയിക്കണം. ഫോൺ: 0497 2732340, 2731081.

   കൃഷിനാശം:  കണക്കെടുപ്പ് ഉടൻ

കണ്ണൂർ ∙ ഒരാഴ്ചയ്ക്കിടെ ജില്ലയിൽ 1400 ഹെക്ടറിലേറെ സ്ഥലത്തു കൃഷിനാശമുണ്ടായതായി പ്രാഥമിക നിഗമനം. കർഷകർക്ക് 50 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായാണു കണക്കാക്കുന്നത്. നഷ്ടപരിഹാരം തിട്ടപ്പെടുത്താൻ കൃഷി ഉദ്യോഗസ്ഥർ സന്ദർശനം നടത്തും. കണിച്ചാർ, കേളകം, ഉദയഗിരി, മയ്യിൽ, ആലക്കോട്, കുന്നോത്തുപറമ്പ്, തൃപ്പങ്ങോട്ടൂർ തുടങ്ങിയ മേഖലകളിലെല്ലാം വ്യാപക നാശനഷ്ടമുണ്ട്.

കൃഷിവകുപ്പിന്റെ മാനദണ്ഡങ്ങളനുസരിച്ചു നഷ്ടപരിഹാരം നൽകാനുള്ള നടപടിക്രമങ്ങളും തുടങ്ങിയിട്ടുണ്ട്. വിള ഇൻഷുറൻസ് എടുത്തവർക്ക് ഇതനുസരിച്ചുള്ള തുകയും ഒപ്പം ലഭിക്കും. 500 ഹെക്ടറിലേറെ നെൽക്കൃഷി ഇപ്പോഴും വെള്ളത്തിലാണ്. റബർ, വാഴ, തെങ്ങ്, കവുങ്ങ് തുടങ്ങിയവയെല്ലാം വ്യാപകമായി നശിച്ചിട്ടുണ്ട്. മണ്ണിടിഞ്ഞ് ഏക്കറുകണക്കിനു ഭൂമി കൃഷിയോഗ്യമല്ലാതായതും സംഘം പരിശോധിക്കും.

വീടുകൾ നന്നാക്കുന്നതിനു മുൻഗണന

ഭാഗികമായി തകർന്ന വീടുകൾ വാസയോഗ്യമാക്കുന്നതിനും മാലിന്യം അതിവേഗം സംസ്കരിച്ചു പകർച്ച വ്യാധി സാധ്യത തടയുന്നതിനും അടിയന്തര പ്രാധാന്യം നൽകണമെന്ന് മന്ത്രി ഇ.പി.ജയരാജൻ. ജില്ലയിലെ പ്രളയ ദുരിതാശ്വാസ– പുനരധിവാസ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിലാണു മന്ത്രിയുടെ നിർദേശം.വീടുകൾ പൂർണമായി നഷ്ടമായവരെയും വെള്ളംകയറി വീടുകൾ വാസയോഗ്യമല്ലാതായവരെയും താമസിപ്പിക്കുന്നതിനു ഫ്ലാറ്റുകളിലോ, കെട്ടിടങ്ങളിലോ താൽക്കാലിക സംവിധാനം ഒരുക്കും.

മഴക്കെടുതിയിൽ ജീവൻ നഷ്ടമായവരുടെ ബന്ധുക്കൾക്കും വീടുകൾ, കടകൾ, കൃഷി, വളർത്തുമൃഗങ്ങൾ തുടങ്ങിയവ നഷ്ടമായവർക്കും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നു മന്ത്രി ഉറപ്പുനൽകി.പ്രളയത്തിൽ നഷ്ടമായ ആധാർ ഉൾപ്പെടെയുള്ള രേഖകൾ ലഭ്യമാക്കുന്നതിന് താലൂക്ക്‌ തല അദാലത്തുകൾ നടത്തും. കലക്ടർ ടി.വി.സുഭാഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, എഡിഎം ഇ.പി.മെഴ്സി, ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ എൻ.കെ.ഏബ്രഹാം എന്നിവർ പങ്കെടുത്തു.

പ്രളയം: നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാം

കണ്ണൂർ∙ പ്രളയബാധിതർക്കു സർക്കാർ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നഷ്ടപരിഹാരത്തിനുള്ള അപേക്ഷകൾ ഇപ്പോൾ തന്നെ നൽകാം. തകർന്ന വീട്, വാസയോഗ്യമല്ലാത്ത വിധം കേടുപാട് വന്ന വീട്, ഭാഗികമായി കേട് സംഭവിച്ച വീട് എന്നിവയ്ക്കെല്ലാമുള്ള അപേക്ഷാ ഫോം വില്ലേജ് ഓഫിസ് വഴി ലഭിക്കും. നാശനഷ്ടത്തിന്റെ സ്വഭാവമെന്തെന്നു നിശ്ചിത കോളത്തിൽ രേഖപ്പെടുത്താം. ചിത്രമുണ്ടെങ്കിൽ അതും ഉൾപ്പെടുത്താം. വില്ലേജ് ഓഫിസർക്കാണ് അപേക്ഷ നൽകേണ്ടത്. ഉദ്യോഗസ്ഥരുടെ പക്കൽ ഇപ്പോൾ പ്രാഥമിക കണക്കുണ്ട്. സംഘം നേരിട്ടു വീടുകളിലെത്തി പരിശോധന നടത്തിയാണു വിശദമായ നഷ്ടപരിഹാരക്കണക്ക് തയാറാക്കുന്നത്.

വീട്ടുടമസ്ഥൻ നൽകിയ അപേക്ഷയിലെ വിവരങ്ങളും കൂടി പരിശോധിച്ച ശേഷമേ നഷ്ടപരിഹാരത്തിനു ശുപാർശ ചെയ്യുകയുള്ളൂ.ക്യാംപിൽ കഴിഞ്ഞവരെ മാത്രമല്ല, സ്വന്തം വീടുകളിൽനിന്നു ബന്ധുവീടുകളിലേക്കു മാറിയവരെയും ദുരിതബാധിതരായി കണക്കാക്കുമെന്നു ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ഇവർക്കും നഷ്ടങ്ങൾ പരിഹരിച്ചു തരാനായി അപേക്ഷ സമർപ്പിക്കാം. കൃഷിനാശം സംഭവിച്ചതിന്റെ നഷ്ടപരിഹാരം തിട്ടപ്പെടുത്തുന്നതു കൃഷിവകുപ്പാണ്. ഇതിനായി സമീപത്തെ കൃഷി ഭവനുകളിൽ അപേക്ഷ നൽകണം. ഇതിനും പ്രത്യേക ഫോമുണ്ട്.  കാർഷിക വിളകൾക്കാണു നഷ്ടപരിഹാരം ലഭിക്കുക. അപേക്ഷ ലഭിച്ചതിനു ശേഷം കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്കെത്തും.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama