go

തുടരണം ജാഗ്രത, ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്

ചന്ദനക്കാംപാറ ഷിമോഗ നഗറിൽ പ്രളയത്തിന്റെ ഭാഗമായി ഭൂമിയിൽ 750 മീറ്റർ നീളത്തിൽ രൂപപ്പെട്ട വിള്ളൽ. 7 വീട്ടുകാരെ പരിസരത്തു നിന്ന് മാറ്റിപ്പാർപ്പിച്ചു
ചന്ദനക്കാംപാറ ഷിമോഗ നഗറിൽ പ്രളയത്തിന്റെ ഭാഗമായി ഭൂമിയിൽ 750 മീറ്റർ നീളത്തിൽ രൂപപ്പെട്ട വിള്ളൽ. 7 വീട്ടുകാരെ പരിസരത്തു നിന്ന് മാറ്റിപ്പാർപ്പിച്ചു
SHARE

കണ്ണൂർ∙ രണ്ടുദിവസമായി മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ എങ്ങും ജാഗ്രത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ, അതിശക്തമായതോ (115 മി.മീ മുതൽ 204.5 മി.മീ വരെ) ആയ മഴയ്‌ക്കും സാധ്യതയുണ്ട്. ജില്ലയിൽ ഇനി അവശേഷിക്കുന്നതു 35 ദുരിതാശ്വാസ ക്യാംപുകൾ മാത്രമാണ്.1818 കുടുംബങ്ങളിൽ നിന്നായി 7007 പേർ ക്യാംപിൽ കഴിയുന്നു.

കാവുമ്പായി മാവില ചാത്തോത്ത് ടി.കെ.പ്രഭാകരന്റെ വീടിന്റെ സിറ്റൗട്ടിൽ വിള്ളലുകൾ വീണ നിലയിൽ.
കാവുമ്പായി മാവില ചാത്തോത്ത് ടി.കെ.പ്രഭാകരന്റെ വീടിന്റെ സിറ്റൗട്ടിൽ വിള്ളലുകൾ വീണ നിലയിൽ.

തളിപ്പറമ്പ് താലൂക്കിൽ 11, കണ്ണൂരിൽ 9, തലശ്ശേരിയിൽ 8, ഇരിട്ടിയിൽ 6, പയ്യന്നൂരിൽ 1 എന്നിങ്ങനെയാണു ക്യാംപുകൾ. ക്യാംപിൽനിന്നു വീടുകളിലേക്കു മടങ്ങിയവർക്കു ജില്ലാ ഭരണകൂടത്തിന്റെ വകയായി ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുന്ന അവശ്യസാധന കിറ്റ് നൽകി. ഏതാണ്ട് അയ്യായിരത്തോളം കിറ്റുകൾ ഇതുവരെ വിതരണം ചെയ്തു.

വെള്ളമിറങ്ങിയിട്ടും മടങ്ങാനാകാതെ

പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാൻ വൈകുന്നതിനാൽ ക്യാംപ് പിരിച്ചുവിടാനാകാതെ ഉദ്യോഗസ്ഥർ. പരിശോധന നടത്തി വീടുകൾ വാസയോഗ്യമാണോ എന്നു കണ്ടെത്താനാകാത്തതും ക്യാംപിലുള്ളവരെ തിരികെ വീടുകളിലേക്ക് അയയ്ക്കുന്നതിൽ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.

ജില്ലയിൽ പരിശോധന ഇതുവരെ തുടങ്ങിയിട്ടില്ല. താമസിക്കാൻ പറ്റാത്ത നിലയിലാണു പല വീടുകളും. എന്നാൽ, വീട്ടിലേക്കു മടങ്ങാൻ കഴിയാത്തവരെ താമസിപ്പിക്കാൻ പകരം എന്തു സംവിധാനം ഒരുക്കുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ശേഷിക്കുന്ന ക്യാംപുകളെല്ലാംതന്നെ സ്കൂളുകളിലാണ്. ക്യാംപുകൾ നിർത്തലാക്കാതെ ഈ സ്കൂളുകളിൽ അധ്യയനം പുനരാരംഭിക്കാനുമാകില്ല.

മഴ മാറിയതോടെ വിള്ളലുകൾ  

ശ്രീകണ്ഠപുരം∙ ജില്ലയിൽ മഴ മാറിയിട്ടും പ്രകൃതി കനിയുന്നില്ല. മഴ കനത്തു പെയ്ത പല പ്രദേശങ്ങളിലും ഭൂമിക്കു വിള്ളലുണ്ടായതായാണു വിവരം. ശ്രീകണ്ഠപുരം മേഖലയിൽ രണ്ടിടത്താണു വിള്ളൽ റിപ്പോർട്ട് ചെയ്തത്. 

ഷിമോഗ നഗറിൽ 750 മീറ്റർ നീളത്തിൽ

ചന്ദനക്കാംപാറ ഷിമോഗ നഗറിൽ 750 മീറ്റർ നീളത്തിൽ ഭൂമിയിൽ വിള്ളൽ. 7 വീട്ടുകാരെ ഇവിടെ നിന്ന് മാറ്റിപ്പാർപ്പിച്ചു.10നാണു ഭൂമിയിൽ വിള്ളൽ കണ്ടത്.ജില്ലാ ജിയോളജിസ്റ്റ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പിന്നീട് വിശദമായ പരിശോധന നടത്തിയിട്ടില്ല.

ഉരുൾ പൊട്ടലിന്റെ ലക്ഷണമാണെന്ന സംശയത്തിലാണ് പരിസരത്തെ വീട്ടുകാരെ പഞ്ചായത്ത് ഇടപെട്ട് മാറ്റിപ്പാർപ്പിച്ചത്. ഭൂമിയിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടതിനു താഴെ 200 വീടുകളും മറ്റ് സ്ഥാപനങ്ങളും ഉണ്ട്. വിദഗ്ധ പരിശോധനയ്ക്ക് സംവിധാനം ഉണ്ടാക്കാത്തത് കൊണ്ട് ഉടൻ ഇടപെടണമെന്നാവശ്യപ്പെട്ട് പയ്യാവൂർ പഞ്ചായത്ത് ഭരണസമിതി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

 വീട്ടുമുറ്റത്തും പോർച്ചിലും വിള്ളൽ

ശ്രീകണ്ഠപുരം– ചെമ്പേരി റൂട്ടിൽ കാവുമ്പായിയിൽ വെള്ളപ്പൊക്കമുണ്ടാകാത്ത പ്രദേശത്തും ഭൂമിക്കു വിള്ളൽ. കാവുമ്പായി മാവില ചാത്തോത്ത് ടി.കെ.പ്രഭാകരന്റെ വീടിനുള്ളിലും പുരയിടത്തിലുമാണു വിള്ളൽ കണ്ടത്. വീടിരിക്കുന്നതു കുന്നിൻ ചെരിവിലാണ്. മൂന്നു ദിവസം തുടർച്ചയായി മഴ പെയ്തതൊഴിച്ചാൽ ഇവിടെ വെള്ളപ്പൊക്കമുണ്ടായിരുന്നില്ല.

അതുകൊണ്ടു വീട്ടുകാർ മാറിത്താമസിച്ചിരുന്നില്ല. എന്നാൽ, മഴ തോർന്നതിനു ശേഷമാണ് വീടിനു പിന്നിലും മുൻപിലുമായി പുരയിടത്തിൽ വിള്ളൽ കണ്ടെത്തിയത്. വീടിരിക്കുന്ന ചെരിവായ പ്രദേശം അൽപം നിരങ്ങി നീങ്ങിയ നിലയിലായിരുന്നു. ഇതോടെ വീട്ടുകാരെ മാറ്റി.തുടർന്നു നടത്തിയ പരിശോധനയിലാണു മുറ്റത്തും പോർച്ചിലും സിറ്റൗട്ടിലും വീടിനുള്ളിലും വിള്ളൽ കണ്ടെത്തിയത്. 

സഹായം ഔദ്യോഗിക സംവിധാനത്തിലൂടെ

പ്രളയ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമുള്ള സഹായം ഔദ്യോഗിക സംവിധാനങ്ങളിലൂടെ നൽകാൻ ശ്രദ്ധിക്കണമെന്നു കലക്ടർ ടി.വി.സുഭാഷ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ടോ, ജില്ലാഭരണകൂടം വഴിയോ സംഭാവനകൾ നൽകാം. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ്, യുപിഐ തുടങ്ങിയ സൗകര്യങ്ങളുപയോഗിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാം.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama