go

പയ്യന്നൂരിലെ കോൺഗ്രസുകാരുടെ കാരണവർ

knr-av-narayana-pothuwal
‘‘പയ്യന്നൂരിലെ കോൺഗ്രസുകാരുടെ കാരണവരാണു ഞാൻ. ആ സ്ഥാനം അവരെനിക്കു സ്നേഹപൂർവം നൽകിയതാണ്. നേതാവാകണമെന്നു കൊതിച്ചിട്ടില്ല. ആരെയും കഠിനമായി എതിർത്തിട്ടുമില്ല. എന്നെ കോൺഗ്രസുകാർ ഇഷ്ടപ്പെടുന്നത് അതുകൊണ്ടായിരിക്കണം.’’– എ.വി.നാരായണ പൊതുവാൾ
SHARE

അണികളാണു പാർട്ടികളുടെ കരുത്ത്. പോസ്റ്റർ പതിക്കാനും മുദ്രാവാക്യം വിളിക്കാനുമെല്ലാം അവർ വേണം. അത്തരക്കാർ എത്രയോ പേരുണ്ട് പാർട്ടികളിൽ. അതിൽ ഒരാളാണു പയ്യന്നൂർ കാനായിയിലെ എ.വി.നാരായണ പൊതുവാൾ.

അടിയുറച്ച കോൺഗ്രസുകാരൻ.

പാർട്ടി കമ്മിറ്റികളിലോ നേതൃസ്ഥാനങ്ങളിലോ അദ്ദേഹം ഒരിക്കലും ഉണ്ടായിരുന്നില്ല. ജീവിക്കാൻ തിരഞ്ഞെടുത്ത മാർഗം കൃഷിയാണ്. അതുകഴിഞ്ഞുള്ള സമയത്താണു രാഷ്ട്രീയ പ്രവർത്തനം. നൂറുകണക്കിനു പ്രകടനങ്ങളിൽ പങ്കെടുത്തു. നേതാക്കളുടെ പ്രസംഗങ്ങൾ കേൾക്കാൻ പൊതുയോഗങ്ങളിൽ മുൻനിരയിൽ തന്നെ സ്ഥാനം പിടിക്കും.

ഏഴുപതിറ്റാണ്ടായി തുടരുന്ന ഈ ശീലം കാരണം പൊതുവാളിനെ അറിയാത്ത നേതാക്കളില്ലെന്നായി. സദസ്സിലിരിക്കുന്ന പൊതുവാളിനെ അഭിവാദ്യം ചെയ്താണു കഴിഞ്ഞ കുറെക്കാലമായി കോൺഗ്രസ് നേതാക്കൾ പയ്യന്നൂരിലും പരിസരത്തും വേദിയിലേക്കു കയറുന്നത്.

അച്ചംവീട്ടിൽ നാരായണ പൊതുവാൾ എന്നാണു മുഴുവൻ പേര്. പ്രായം 85. കാര്യമായ രോഗമൊന്നുമില്ലെങ്കിലും കലശലായ ക്ഷീണമുണ്ട്. അതിനാൽ കുറച്ചു നാളുകളായി അധികമൊന്നും പുറത്തിറങ്ങാറില്ല. പണി പൂർത്തിയായിട്ടില്ലാത്ത വീടും പഴയ കാർഷിക പ്രതാപത്തെ ഓർമപ്പെടുത്തുന്ന ഒരു തൊഴുത്തുമുണ്ട്. ഷർട്ട് ധരിച്ചു പൊതുവാളിനെ ആരും കണ്ടിട്ടില്ല. മുട്ടിനു താഴെ ഇറങ്ങി നിൽക്കുന്ന തോർത്താണു ധരിക്കുക. വിശേഷാവസരങ്ങളിൽ അരക്കയ്യൻ ബനിയനും ഒരു തലേക്കെട്ടുമുണ്ടാകും. ഇതു രണ്ടുമാണു പൊതുവാളിന്റെ ആഡംബരം!

കോൺഗ്രസുകാരനാക്കിയത് പൊലീസുകാരൻ

പൊതുവാൾക്കു പതിനഞ്ചോ പതിനാറോ വയസ്സുള്ളപ്പോഴത്തെ കഥയാണ്. അക്കാലത്തു വീട്ടു പറമ്പിൽ നിറയെ വെറ്റിലക്കൊടിയുണ്ടായിരുന്നു. വെറ്റില വാങ്ങാൻ കാനായിയിലെ വീട്ടിൽ ഒരാൾ വരുമായിരുന്നു. അയാൾ ഉറച്ച കോൺഗ്രസുകാരനാണ്. അദ്ദേഹം വന്നാൽ വെറ്റില നുള്ളുന്നതിനിടെ രാഷ്ട്രീയം പറഞ്ഞു തുടങ്ങും. കോൺഗ്രസിലേക്ക് ആകർഷിക്കാൻ തക്ക കഥകളാണു പറയുക. അതുകേട്ടു കേട്ടു പൊതുവാളും കോൺഗ്രസുകാരനാവുകയായിരുന്നു.

വെറ്റില വാങ്ങാൻ വീട്ടിലെത്തിയിരുന്ന ആൾ വിരമിച്ച പൊലീസുകാരനായിരുന്നുവെന്നു പൊതുവാൾ മനസ്സിലാക്കിയതു പിന്നീടാണ്. കാനായി പ്രദേശത്തുകാരെല്ലാം കമ്യൂണിസ്റ്റുകാരായിരുന്നപ്പോഴും പൊതുവാൾ കോൺഗ്രസായി തന്നെ ജീവിച്ചു. ആരെയും എതിർക്കാനോ പ്രകോപിപ്പിക്കാനോ പോയില്ല.

പഠിച്ചത് കൃഷി മാത്രം

സ്കൂളിൽ പോയി പഠിച്ചിട്ടില്ല. കൃഷി ചെയ്യാൻ നിലമുണ്ടായിരുന്നതിനാൽ പഠനം അത്യാവശ്യമായി തോന്നിയിരുന്നില്ല. അക്കാലത്ത് നാട്ടിൽ ഏതാണ്ട് എല്ലാവരും അങ്ങനെ തന്നെയായിരുന്നു. പിന്നീടാണു സ്വയം എഴുത്തും വായനയും പഠിച്ചത്.കാലി വളർത്തും കൃഷിയുമായിരുന്നു തൊഴിൽ മേഖല. ചെറുപ്രായത്തിൽ തന്നെ അതിലേക്കു തിരി‍ഞ്ഞു. വീട്ടിൽ ധാരാളം പശുക്കളുണ്ടായിരുന്നു.

തെങ്ങ്, കവുങ്ങ്, കുരുമുകളക് തുടങ്ങിയവയാണു കൃഷി.രാവിലെ എട്ടാകുമ്പോൾ പണിക്കിറങ്ങും. ഉച്ചവരെ കാലിപൂട്ടും. 3 പോത്തുകളുമുണ്ടായിരുന്നു. രണ്ടെണ്ണത്തിനെ നുകം വച്ചു കെട്ടിയാണു നിലം ഉഴുതിരുന്നത്. പോത്തുകളെ നോക്കാനാവാതെ വന്നപ്പോൾ വിൽക്കേണ്ടി വന്നു.

കൊടിപിടിച്ചത് ആദ്യ തിരഞ്ഞെടുപ്പിൽ

ആദ്യ പാർലമെന്റ് തിരഞ്ഞെടുപ്പിലാണു കൊടിപിടിച്ചു പുറത്തിറങ്ങിയത്. കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ എകെജിയും സികെജിയും (കെപിസിസി പ്രസിഡന്റായിരുന്ന സി.കെ.ഗോവിന്ദൻ നായർ) തമ്മിലായിരുന്നു മത്സരം. സികെജിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങിയതാണ് ആദ്യ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഓർമ.

ആ തിരഞ്ഞെടുപ്പിൽ എകെജി ജയിച്ചു. 1971ൽ കാസർകോട് മണ്ഡലത്തിൽ ഇ.കെ.നായനാർക്കെതിരെ രാമചന്ദ്രൻ കടന്നപ്പള്ളിയെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസുകാർക്കിടയിൽ നടത്തിയ അഭിപ്രായ രൂപീകരണത്തിനു മുന്നിൽ പൊതുവാളുമുണ്ടായിരുന്നു. ആ തിരഞ്ഞെടുപ്പിൽ കടന്നപ്പള്ളി സ്ഥാനാർഥിയാവുകയും ജയിക്കുകയും ചെയ്തു. കടന്നപ്പള്ളിയുടെ പ്രചാരണത്തിൽ മുൻപന്തിയിൽ നിന്നു. അക്കാലത്ത് പ്രചാരണത്തിനു വരുന്ന കോൺഗ്രസ് നേതാക്കൾക്കു ഭക്ഷണമൊരുക്കിയിരുന്നതു പൊതുവാളിന്റെ വീട്ടിലായിരുന്നു.

പണി കഴിഞ്ഞാൽ രാഷ്ട്രീയം

പണിയെല്ലാം കഴിഞ്ഞു വൈകിട്ടു കാനായിയിൽ നിന്നു പയ്യന്നൂരിലേക്കു പോകും. ആദ്യകാലത്തു നടന്നാണു പോയിരുന്നത്. വീട്ടിൽ നിന്ന് എളുപ്പവഴിക്കു നടന്നാൽ 7 കിലോമീറ്റർ വേണം പയ്യന്നൂരിലെത്താൻ. രണ്ടും മൂന്നും തവണ ഇത്തരത്തിൽ പയ്യന്നൂരിൽ പോയി വന്ന ദിവസങ്ങളുണ്ട്.

കോൺഗ്രസിന്റെ എന്തെങ്കിലും പരിപാടിയുണ്ടെങ്കിൽ നേതാക്കൾ അറിയിക്കും. കാസർകോട്ടും തിരുവനന്തപുരത്തുമെല്ലാം പാർട്ടി പരിപാടികൾക്കു പോയിട്ടുണ്ട്. കോൺഗ്രസ് സമ്മേളനങ്ങളുടെ ഭാഗമായി നടന്നിരുന്ന പ്രകടനത്തിൽ ഒരാളായോ പ്രസംഗം കേൾക്കുന്നവരിൽ ഒരാളായോ പൊതുവാളുണ്ടായിരുന്നു. കെ.കരുണാകരനായിരുന്നു ഇഷ്ടനേതാവ്.

മന്ത്രിയെ കാണാൻ തലസ്ഥാനത്തേക്ക്

കെ.പി.നൂറുദ്ദീൻ മന്ത്രിയായിരുന്ന കാലം. ഒരു ദിവസം രാവിലെ നാരായണ പൊതുവാൾ സെക്രട്ടേറിയറ്റ് നടയിലെത്തി. പൊതുവാളിന്റെ വേഷം കണ്ടപ്പോൾ സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് അത്ര പിടിച്ചില്ല. മുട്ടിനു താഴെ ഇറങ്ങി നിൽക്കുന്ന തോർത്തും അരക്കയ്യൻ ബനിയനും. തലമുഴുവൻ മൂടി ഒരു തലയിൽക്കെട്ടും.

പൊതുവാളിന് അതൊന്നും തടസ്സമായില്ല. നൂറുദ്ദീനേയെന്നു വിളിച്ച് അദ്ദേഹം മന്ത്രിയുടെ മുറിയിലേക്കു കയറിച്ചെന്നു. നാരായണേട്ടനെ കണ്ട സന്തോഷത്തിൽ മന്ത്രി എഴുന്നേറ്റു വന്നു കെട്ടിപ്പിടിച്ചു. കാനായിലെ ശുദ്ധജല ക്ഷാമം പരിഹരിക്കണമെന്ന ആവശ്യവുമായിട്ടാണു വരവെന്നു മനസ്സിലാക്കിയതോടെ വലിയ ആവേശത്തിലാണു നൂറുദ്ദീൻ സ്വീകരിച്ചതെന്നു പൊതുവാൾ ഓർക്കുന്നു. നൂറുദ്ദീനുമായി നല്ല സൗഹൃദത്തിലായിരുന്നു.

പത്താം നമ്പർ തോർത്ത്

പത്താം നമ്പർ തോർത്താണു പൊതുവാൾ ഉടുക്കുന്നത്.  ഇഴയടുപ്പവും ഈടും ഉറപ്പുമുള്ളതാണത്. ചിരകിയ തേങ്ങ പിഴിഞ്ഞു പാലെടുക്കാൻ ഈ തോർത്താണ് ഉപയോഗിക്കുന്നത്. എത്ര പിഴിഞ്ഞാലും പൊട്ടിപ്പോകില്ലെന്നതാണു തോർത്തിന്റെ പ്രത്യേകത. ഏത് ആൾക്കൂട്ടത്തിനു മുന്നിലേക്കു പോകാനും ആ വേഷം മതി അദ്ദേഹത്തിന്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണ രംഗത്തും പൊതുവാളുണ്ടായിരുന്നു. കോൺഗ്രസ് നന്നേ പൊളിഞ്ഞു പോയെന്നാണു മനസ്സിലാകുന്നതെന്നും അതു നേരെയാക്കി എടുത്തെങ്കിലേ രക്ഷയുള്ളുവെന്നും പൊതുവാൾ നിരീക്ഷിക്കുന്നു. ലക്ഷ്മിയാണു പൊതുവാളിന്റെ ജീവിതസഖി. മക്കൾ: രുഗ്മിണി, നാരായണൻ, പരേതനായ ദാമോദരൻ.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama