go

ജോസഫിന്റെ മരണം; ആത്മഹത്യ സാധ്യത തള്ളി ബന്ധുക്കൾ

SHARE

കണ്ണൂർ∙ കെട്ടിടത്തിനു മുകളിൽ മരിച്ച നിലയിൽ കാണപ്പെട്ട നിർമാണ കരാറുകാരനായ ചൂരപ്പടവിലെ മുതുപാറകുന്നേൽ ജോസഫ്(ജോയി മുതുപാറ–56) ആത്മഹത്യ ചെയ്തതല്ലെന്നു പൊലീസിനു ബന്ധുക്കളുടെ മൊഴി. കാണാതായ ദിവസം വീട്ടിൽ നിന്നിറങ്ങുമ്പോൾ ജോസഫ് ഏറെ സന്തോഷവാനായിരുന്നെന്നും അന്നു കൂടെ കൊണ്ടു പോയ ചില രേഖകൾ അപ്രത്യക്ഷമായതിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ പൊലീസിനു മൊഴി നൽകി.

ചെറുപുഴ ഡവലപ്പേഴ്സ്, സിയാദ് കമ്പനി എന്നിവരിൽ നിന്നായി ജോസഫിനു വൻ തുക ലഭിക്കാനുണ്ടായിരുന്നു. 2012ൽ ആരംഭിച്ച കെട്ടിട നിർമാണത്തിന്റെ കുടിശിക ഇപ്പോഴും നൽകിയില്ല.കമ്പനി ഡയറക്ടർമാരോടു പണം ചോദിക്കുമ്പോഴെല്ലാം നിസ്സാര കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടു പോയി. സൗമ്യനായ ജോസഫിനു പണം പിടിച്ചുപറിച്ചു വാങ്ങാൻ കഴിഞ്ഞില്ല. ഇതുമൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. കുടിശിക കിട്ടിയില്ലെങ്കിൽ പിടിച്ചു നിൽക്കാനാകാത്ത സാഹചര്യമായിരുന്നെന്നും ബന്ധുക്കൾ മൊഴി നൽകി.

അതേസമയം ജോസഫിന്റെ മൃതദേഹത്തിലെ വസ്ത്രങ്ങളുടെയും ചെരിപ്പിന്റെയും സ്ഥാനം, കയ്യിലെ മുറിവിന്റെ രീതി, മൃതദേഹം കിടന്ന സ്ഥലത്തെ മറ്റു തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണു ആത്മഹത്യയാണെന്നു പൊലീസ് പ്രാഥമിക നിഗമനത്തിൽ എത്തിയത്. 

ജോസഫിന്റെ കൈവശമുണ്ടായിരുന്നു എന്നു പറയപ്പെടുന്ന രേഖകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോൾ. പണം തിരികെ ലഭിക്കില്ല എന്ന നിരാശയിൽ ജോസഫ് കൈവശമുണ്ടായിരുന്ന രേഖകൾ എവിടെയെങ്കിലും വലിച്ചെറിഞ്ഞതാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

മരണത്തിന്റെ ഏതാനും ദിവസങ്ങൾക്കു മുൻപായി പണം നൽകാനുള്ളവരും ജോസഫും തമ്മിൽ പത്തിലേറെ കൂടിക്കാഴ്ചകൾ നടത്തിയതായും വിവരം ലഭിച്ചു.ജോസഫ് മരിച്ചതിന്റെ അന്ന് ഇത്തരത്തിൽ എന്തെങ്കിലും കൂടിക്കാഴ്ച നടത്തിയിരുന്നോ, ഉണ്ടെങ്കിൽ ആരൊക്കെയാണു പങ്കെടുത്തത് എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണു പൊലീസിന്റെ ശ്രമം. വീട്ടിൽ നിന്നു സന്തോഷവാനായി ഇറങ്ങിയ ജോസഫ് ഈ കൂടിക്കാഴ്ചയ്ക്കു ശേഷമാണു ആത്മഹത്യ ചെയ്തതെങ്കിൽ ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും ചുമത്തും.

ജോസഫിനു നൽകാനുള്ള പണം ഉടൻ നൽകാൻ നടപടി വേണം

കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ നിർമാണ കരാറുകാരൻ ജോസഫിനു പണത്തിനു പകരം നൽകാമെന്നേറ്റ ഫ്ലാറ്റ് കുടുംബത്തിന് എത്രയും പെട്ടെന്നു നൽകാൻ നടപടിയെടുക്കണമെന്നു ബന്ധുക്കൾ ആവശ്യപ്പെട്ടു. അത്താണി നഷ്ടപ്പെട്ടതോടെ കുടുംബത്തിനു മലമുകളിൽ ഒറ്റയ്ക്കു താമസിക്കാൻ പ്രയാസമുണ്ട്. കെ.കരുണാകരൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് മരിച്ച ജോസഫിനു നൽകാനുള്ള 1 കോടി 40 ലക്ഷം രൂപയും ഉടനെ നൽകണം. 

നേരത്തെ കിട്ടാനുള്ള പണത്തിനായി ജോസഫിന്റെ സഹോദരനും ഭാര്യാസഹോദരൻമാരും കെ.കരുണാകരൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളെ സമീപിച്ചിരുന്നു. ഓഗസ്റ്റ് 15ന് പണം നൽകാമെന്നാണ് അവർ പറഞ്ഞിരുന്നത്. കാസർകോട് സ്വദേശിയായ സലിം 43 ലക്ഷം രൂപ നൽകാനുണ്ടെന്നും ഇതു കിട്ടുമെന്നുമാണു പറഞ്ഞത്.

എന്നാൽ പണം ലഭിച്ചില്ലെന്നു ജോസഫിന്റെ സഹോദരനായ മാർട്ടിൻ മുതുപാറകുന്നേൽ, ഭാര്യാ സഹോദരൻമാരായ രാജൻ സെബാസ്റ്റ്യൻ, ആൻസലാം സെബാസ്റ്റ്യൻ, അലക്സിസ് സെബാസ്റ്റ്യൻ എന്നിവർ പറഞ്ഞു.വിവാദത്തെത്തുടർന്ന് ചെറുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.കെ സുരേഷ്കുമാർ രാജിവച്ചു.

ആത്മഹത്യ അന്വേഷിക്കാൻ കെപിസിസി മൂന്നംഗ സമിതി

ജോസഫിന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കെപിസിസി മൂന്നംഗ സമിതിക്ക് രൂപം നൽകിയതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. ജനറൽ സെക്രട്ടറിമാരായ വി.എ.നാരായണൻ, കെ.പി.അനിൽകുമാർ, കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ധിഖ് എന്നിവരാണ് സമിതി അംഗങ്ങൾ.  

സംവാദത്തിന് ജയരാജനെ  വെല്ലുവിളിച്ച് പാച്ചേനി

ആന്തൂരിലെയും ചെറുപുഴയിലെയും ആത്മഹത്യകളുടെ പാശ്ചാത്തലത്തിൽ പരസ്യസംവാദത്തിനു സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജനെ വെല്ലുവിളിച്ചു ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി. എം.വി.ജയരാജൻ പറയുന്ന സ്ഥലത്ത്, മാധ്യമങ്ങൾക്കു മുൻപിൽ ഈ വിഷയങ്ങൾ ചർച്ച ചെയ്യാൻ തയാറാണെന്നു സതീശൻ പാച്ചേനി ഫെയ്സ്ബുക് കുറിപ്പിൽ വ്യക്തമാക്കി.

ചെറുപുഴയിൽ കോൺഗ്രസ് നേതാക്കളുടെ സ്ഥാപനത്തിൽനിന്നു കരാർ തുക ലഭിക്കാത്തതിനെത്തുടർന്നു കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡിസിസി നേതൃത്വത്തെ സിപിഎം വിമർശിച്ചിരുന്നു. ആന്തൂരിലെപ്പോലെ ചെറുപുഴയിലും പദയാത്ര നടത്താൻ ഡിസിസി പ്രസിഡന്റ് തയാറുണ്ടോ എന്നായിരുന്നു എം.വി.ജയരാജന്റെ വെല്ലുവിളി. നെറികേടുകൾക്ക് എതിരെ ഒന്നല്ല നൂറ് പദയാത്രകൾ നടത്താൻ തയാറാണെന്നു കുറിപ്പിൽ പാച്ചേനി പറഞ്ഞു. 

നിർമാണ കരാറുകാരൻ മുതുപാറകുന്നേൽ ജോസഫിന്റെ മരണത്തോടെ കുടുംബത്തിനു ഉണ്ടായ ധനനഷ്ടം പരിഹരിക്കുന്നതിനു നടപടി സ്വീകരിക്കുമെന്നു കെ.സുധാകരൻ എംപി കരാറുകാരന്റെ കുടുംബത്തിനു ഉറപ്പു നൽകിയതായും  സതീശൻ പാച്ചേനി ചെറുപുഴയിൽ പറഞ്ഞു. ഇതിനു കരുണാകരൻ ട്രസ്റ്റ് ഭാരവാഹികളുമായി അടുത്ത ദിവസം തന്നെ ചർച്ച നടത്തി തീരുമാനം എടുക്കുമെന്നും അറിയിച്ചു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama