go

തല ചുവരിൽ ചേർത്തിടിച്ചു കൊലപ്പെടുത്തി;പുറത്തറിഞ്ഞത് 2 ദിവസം കഴിഞ്ഞ്, പ്രതി പിടിയിൽ

kasargod-murder
SHARE

കാസർകോട്∙  ഇതരസംസ്ഥാനക്കാരിയെ കൊലപ്പെടുത്തിയ ആൾ രണ്ടാഴ്ചയ്ക്കു ശേഷം പൊലീസ് പിടിയിലായി. കർണാടക ഗദക് ജില്ലയിലെ അന്തൂർ ബന്തൂർ സ്വദേശി വീരഭദ്രപ്പയുടെ മകൾ സരസ്വതിയെ(സരസു 35) കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് സുനിൽ എന്ന ചന്ദ്രു രമേശ് കാംബ്ലെ (39) ആണ് അറസ്റ്റിലായത്.

വീടിനുള്ളിലുണ്ടായ തർക്കത്തിനിടെ തല ചുവരിൽ ചേർത്തിടിച്ചു കൊലപ്പെടുത്തിയെന്നാണു പൊലീസ് നൽകുന്ന വിവരം. കഴിഞ്ഞ മാസം 20നു വിദ്യാനഗർ ചാല റോഡിലെ വാടക ക്വാട്ടേഴ്സിലാണു സരസുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന ചന്ദ്രുവിനെ അതിനു രണ്ടു ദിവസം മുമ്പ് മുതൽ കാണാനില്ലായിരുന്നു. മൊബൈൽ ഫോൺ വിവരങ്ങൾ ശേഖരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഷിമോഗയ്ക്കടുത്തെ തീർഥഹള്ളിയിൽ നിന്നാണ് ചന്ദ്രു പിടിയിലാകുന്നത്. 

പുറത്തറിഞ്ഞത് 2 ദിവസം കഴിഞ്ഞ്! 

ഡിസംബർ 20 നാണു സരസുവിന്റെ മൃതദേഹം കണ്ടെത്തുന്നതെങ്കിലും 17 നു രാത്രി തന്നെ കൊലപാതകം നടന്നിരുന്നുവെന്നാണു കണ്ടെത്തൽ. ഭർത്താവ് മരിച്ച സരസു കഴിഞ്ഞ 5 മാസമായി ചന്ദ്രുവിനൊപ്പമായിരുന്നു താമസം. ഇവർക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയതാണ് തന്നെ പ്രകോപിതനാക്കിയതെന്നാണു ചന്ദ്രുവിന്റെ മൊഴി. ഡിസംബർ 16 നു ഇക്കാരണത്താൽ ചന്ദ്രുവും സരസുവും തമ്മിൽ വൈകിട്ട് വാക്കേറ്റമുണ്ടായി. അന്നു വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ സരസു പിറ്റേന്നു രാവിലെയാണു തിരിച്ചെത്തിയത്.

അന്നു വൈകിട്ട് വീടിനകത്തിരുന്ന് ഇരുവരും മദ്യപിച്ചു. തുടർന്ന് വീണ്ടും പരസ്പരം തർക്കിച്ചു. വാക്കേറ്റത്തിനൊടുവിൽ ചന്ദ്രു സരസുവിന്റെ തല വീടിന്റെ ചുവരിനോടു ചേർത്ത് ഇടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തറയിലിട്ടു ചവിട്ടുകയും ചെയ്തു. വാരിയെല്ലുകൾ ഒടിഞ്ഞിട്ടുണ്ടെന്നു പോസ്റ്റ്മോർടം റിപ്പോർട്ടിലുണ്ട്. സരസു മരിച്ച വിവരം മദ്യലഹരിയിലായിരുന്ന ചന്ദ്രു അറിഞ്ഞില്ല. സരസു മരിച്ചെന്ന് 18നു രാവിലെ മനസ്സിലാക്കിയ ചന്ദ്രു മുറിയിലെ രക്തക്കറ കഴുകിയ ശേഷം മൃതദേഹം അവിടെ ഉപേക്ഷിച്ചു നാടുവിട്ടു. 

ഫോൺ പിന്തുടർന്ന് പൊലീസ് പട

kasargod-mobile

ചന്ദ്രുവിനെ കുടുക്കാൻ പൊലീസിനെ സഹായിച്ചതു മൊബൈൽ ഫോൺ. ചന്ദ്രുവും സരസുവും ഗദഗ് സ്വദേശികളായിരുന്നുവെന്നല്ലാതെ മറ്റു വിവരങ്ങൾ പൊലീസിന്റെ കയ്യിലില്ലായിരുന്നു. ചന്ദ്രുവിന്റെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം ചെന്നെത്തിയത് ഇയാൾ നിരന്തരം ബന്ധപ്പെടുന്ന ഒരു സുഹൃത്തിൽ. ഇയാളെ പൊലീസ് കേരളത്തിലെത്തിച്ചു.

ദിവസങ്ങൾക്കു ശേഷം മറ്റൊരു ഫോണിൽ നിന്നു ചന്ദ്രു ഇയാളെ വിളിക്കുകയും ജോലി കണ്ടെത്തിത്തരണമെന്നു പറയുകയും ചെയ്തു. ജോലി ശരിയാക്കാമെന്നു പറഞ്ഞ് ചന്ദ്രുവിനെ തീർഥഹള്ളിയിലെത്തിക്കുകയും അവിടെ വച്ചു പൊലീസ് സംഘം പിടികൂടുകയുമായിരുന്നു.  ഇയാളുടെ നാട്ടിലും ശരിയായ മേൽവിലാസം ഇയാൾക്കില്ലെന്ന‌് അന്വേഷണത്തിനു മേൽനോട്ടം വഹിച്ച എഎസ്പി ഡി.ശിൽപ അറിയിച്ചു.

കാസർകോട് സിഐ വി.വി.മനോജ്, എസ്ഐ അജിത്ത്കുമാർ, എഎസ്ഐമാരായ കെ.എം.ജോൺ, സി.പ്രദീപ് കുമാർ, കെ. നാരായണൻ, എസ്‍സിപിഒമാരായ കെ. ലക്ഷ്മീനാരായണൻ,എം.രാജേഷ്, സിപിഓമാരായ കെ.മനു, കെ.വി.ലതീഷ്, പി.ഷിജിത്ത്, വി.കെ.രതീഷ്, പി.ശ്രീകാന്ത്, പി. ശിവകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

kasargod-liquir

ആരു വരുന്നു, പോകുന്നു ? ഒന്നിനും കണക്കില്ല

ജില്ലയിൽ താമസിക്കുന്ന ഇതരസംസ്ഥാനക്കാരെക്കുറിച്ചുള്ള കൃത്യമായ കണക്കില്ലാത്തു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നു പൊലീസ്. പലരും വ്യാജ ആധാർ, തിരിച്ചറിയൽ കാർഡുകളാണ് ഉപയോഗിക്കുന്നത്. ഇവർക്കു താമസിക്കാൻ വീടും ക്വാട്ടേഴ്സും വാടകയ്ക്കു നൽകുന്ന കെട്ടി ഉടമകളും ഇവരുടെ കൃത്യമായ വിവരങ്ങൾ സൂക്ഷിക്കാറില്ല.

ഇപ്പോൾ പിടിയിലായ ചന്ദ്രുവിന്റെ കയ്യിൽ നിന്നു ലഭിച്ചത് ഇയാളുടേതെന്നു തോന്നിപ്പിക്കുന്ന ആധാറിന്റെ പകർപ്പു മാത്രമാണ്. ഇതു വ്യാജനാണോയെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതര സംസ്ഥാനത്തൊഴിലാളികളെ താമസിപ്പിക്കുന്നവരെ ബോധവൽക്കരിക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് എഎസ്പി ഡി.ശിൽപ പറഞ്ഞു.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama