ചെറുവത്തൂർ∙ സ്കൂളിലെ ക്ലാസ് മുറിക്ക് സാമൂഹികദ്രോഹികൾ തീയിട്ടു. മുറിയിലുണ്ടായിരുന്ന അലമാരയിലും മുകളിലും സൂക്ഷിച്ചിരുന്ന പുസ്തകങ്ങളും കുട്ടികളുടെ പ്രോജകട് റിപ്പോർട്ടുകളും കത്തിനശിച്ചു. കാടങ്കോട് ഗവ.ഫിഷറീസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ നെല്ലിക്കാൽ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ യുപി വിഭാഗത്തിലെ 6ാംക്ലാസ് മുറിയിലാണ് ജനാലയുടെ ഗ്ലാസ് തകർത്ത് അതിൽകൂടി മുറിയിലേക്ക് തീ എറിഞ്ഞത്.
ഇന്നലെ രാവിലെ അധികൃതർ സ്കൂൾ തുറക്കാൻ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തീ കത്തുമ്പോൾ പൂഴിയെറിഞ്ഞ് കെടുത്തുവാനുള്ള നീക്കവും നടന്നതായി സംശയിക്കുന്നു. മുറിയിൽ പൂഴി വിതറിയ നിലയിലും മുറിക്ക് പുറത്ത് പൂഴി നിറച്ച കൂട്ടയും കണ്ടെത്തി. ചന്തേര പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.