go

വോട്ടർപട്ടിക പുതുക്കൽ പുരോഗമിക്കുന്നു

SHARE

കാസർകോട് ∙ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജില്ലയിൽ കൂടുതൽ പേരെ വോട്ടർപട്ടികയിൽ ചേർക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ജനുവരി 31 വരെ വോട്ടർ പട്ടികയിൽ 17,376 പേർ വർധിച്ചതായി തിരഞ്ഞെടുപ്പ് വിഭാഗം ഡപ്യൂട്ടി കലക്ടർ എ.കെ.രമേന്ദ്രൻ അറിയിച്ചു. ജില്ലയിലെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ, വിവിപാറ്റ് സംവിധാനം എന്നിവ പരിചയപ്പെടുത്തുന്നതിനു പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ  6147 പേരെയും, കാസർകോട് മണ്ഡലത്തിൽ 2596 പേരെയും, ഉദുമ മണ്ഡലത്തിൽ 3148 പേരെയും കാഞ്ഞങ്ങാട് മണ്ഡലത്തിൽ  2455 പേരെയും തൃക്കരിപ്പൂർ മണ്ഡലത്തിൽ 3030 പേരെയും ആണ് പുതുതായി ഉൾപ്പെടുത്തിയത്. ഇതോടെ ജില്ലയിലെ വോട്ടർമാരുടെ എണ്ണം 9,86,170 ആയി. ഇതിൽ 4,81,967 പുരുഷന്മാരും 5,04,203 സ്ത്രീകളുമാണ്. സ്ഥാനാർഥി നോമിനേഷൻ പിൻവലിക്കുന്ന അവസാന തീയതി വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പൊതുജനങ്ങൾക്ക് അവസരം ലഭിക്കും. 

വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാൻ ഒരു വില്ലേജിൽ അഞ്ചിൽ കുറയാത്ത സ്ഥലങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. പരിപാടിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് പരിശീലനം നൽകിയത്. തിരഞ്ഞെടുപ്പ് നടപടി കൂടുതൽ സുതാര്യമാക്കാൻ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് നടത്തുന്ന മോക് പോളിൽ നിർബന്ധമായും 50 വോട്ട് ചെയ്യേണ്ടതുണ്ടെന്നും വിവിപാറ്റിൽ ലഭിക്കുന്ന സ്ലിപ്പുകൾ വോട്ടുമായി താരതമ്യം ചെയ്ത് ഉറപ്പുവരുത്തി സീൽ ചെയ്ത് സൂക്ഷിച്ചുവയ്ക്കുമെന്നും പരിശീലനത്തിന് നേതൃത്വം നൽകിയ ജില്ലാതല വോട്ടെടുപ്പ് പരിശീലകൻ ഗണേഷ് ഷേണായി പറഞ്ഞു. 

മഞ്ചേശ്വരം തഹസിൽദാർ വി.ജോൺ വർഗീസ്, ജൂനിയർ സൂപ്രണ്ട് എസ്.ഗോവിന്ദൻ, സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, സിപിഎമ്മിലെ കെ.ആർ.ജയാനന്ദ, ടി.നാരായണൻ, ഇ.മനോജ് കുമാർ, കെ.പി.വത്സലൻ, പി.കെ.നിഷാന്ത്, മുസ്‌ലിം ലീഗിലെ ടി.ഇ.അബ്ദുല്ല, സി.എച്ച്.അഹമ്മദ്, എം.എസ്.അബ്ദുൽ ഷുക്കൂർ, ടി.എ.റംസാൻ, അബ്ദുല്ല ചെങ്കള, അബ്ദുൽ ഹക്കീം, കോൺഗ്രസിലെ എം.കുഞ്ഞമ്പു നമ്പ്യാർ, കേരള കോൺഗ്രസ് (ജേക്കബ്) പ്രതിനിധി നാഷനൽ അബ്ദുല്ല എന്നിവർ പ്രസംഗിച്ചു.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama