go

നിങ്ങളുടെ സ്ഥാനാർഥിയുടെ വീട്ടിലും പോയി വോട്ട് ചോദിക്കും, തടയരുത്

   കാസർകോട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ തൃക്കരിപ്പൂർ മടക്കരയിൽ വോട്ട് തേടുന്നു.
കാസർകോട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ തൃക്കരിപ്പൂർ മടക്കരയിൽ വോട്ട് തേടുന്നു.
SHARE

‘ഞാൻ നിങ്ങൾക്കു വോട്ട് ചെയ്യില്ല‌, എന്റെ വോട്ട് എൽഡിഎഫിനാണ്.’ തന്റെ മുന്നിൽ കൈകൂപ്പി വോട്ട് ചോദിച്ച രാജ്മോഹൻ ഉണ്ണിത്താനെ ഒന്നിരുത്താൻ കൂടി വേണ്ടി യുവാവ് പറഞ്ഞു. തെക്കേക്കാട്ടെ പ്രചാരണത്തിനിടെയാണു സംഭവം.

റോക്കറ്റ് പോലെ വന്നു ഉണ്ണിത്താന്റെ മറുപടി – ‘ആയിക്കോട്ടെ, അങ്ങനെ തന്നെ വേണം. പക്ഷേ, നിങ്ങളുടെ സ്ഥാനാർഥി സതീഷ് ചന്ദ്രന്റെ വീട്ടിലും പോയി ഞാൻ വോട്ട് ചോദിക്കും, തടയരുത്. അതു സ്ഥാനാർഥിയുടെ അവകാശമാണ്.’ ഇളിഭ്യനായ യുവാവിന്റെ തോളിൽ തട്ടി ചിരിച്ചുകൊണ്ടു സ്ഥാനാർഥി മുന്നോട്ടു നടന്നു, സ്‍ലോ മോഷനിൽ.

ഇതാണ് ഉണ്ണിത്താൻ സ്റ്റൈൽ. നാക്കു കൊണ്ടു തോൽപിക്കാനാകില്ല. വാക്പയറ്റുകളിൽ കൊണ്ടും കൊടുത്തും തഴമ്പിച്ചയാൾ. കാസർകോട്ടെ കോൺഗ്രസിനെ ഒച്ചവച്ചുണർത്താൻ ഉണ്ണിത്താനെ തേരാളിയാക്കിയ സംസ്ഥാന നേതൃത്വത്തിനു തെറ്റിയില്ല. വാക്കിലും നടത്തത്തിലും ആവേശം നിറച്ചാണു സഥാനാർഥി ഓരോ സ്ഥലത്തുമെത്തുന്നത്. ഒട്ടേറെ പ്രവർത്തകർ, കൂടുതലും യുവാക്കൾ ഓരോ സ്വീകരണ സ്ഥലത്തുമുണ്ടാകും. കൊന്നപ്പൂക്കളും സമ്മാനങ്ങളുമൊക്കെ കൊടുത്ത് അമ്മമാർ അനുഗ്രഹിക്കുന്നു. 30 വർഷത്തിനു ശേഷം കാസർകോട് പിടിക്കാൻ യുഡിഎഫിനു കഴിയുമെങ്കിൽ അത് ഉണ്ണിത്താനിലൂടെയാകുമെന്ന് അണികൾ ഉറച്ചു വിശ്വസിക്കുന്നു. അതിനുവേണ്ടി രാപകലില്ലാത്ത പ്രവർത്തനങ്ങളിലാണ് അവർ.

   കാസർകോട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ തൃക്കരിപ്പൂർ ചക്രപാണി ക്ഷേത്രത്തിൽ വോട്ട് അഭ്യർഥിക്കുന്നു.
കാസർകോട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ തൃക്കരിപ്പൂർ ചക്രപാണി ക്ഷേത്രത്തിൽ വോട്ട് അഭ്യർഥിക്കുന്നു.

എല്ലാം പെട്ടെന്ന്

തൃക്കരിപ്പൂർ മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനത്തിന്റെ തിരക്കിലായിരുന്നു ഇന്നലെ സ്ഥാനാർഥി. രാവിലെ 7.15നു മേൽപറമ്പിലെ വീട്ടിൽനിന്ന് ഇറങ്ങി. പ്രഭാതപ്രാർഥനയും കൃത്യമായ ഭക്ഷണക്രമവും ഒരിക്കലും മ‌ുടക്കാറില്ല. മുറ്റത്തു കാത്തുനിൽക്കുന്ന നേതാക്കളുടെ ഇടയിലേക്കു നടക്കുന്നതിനിടെ ഭാര്യ സുധാകുമാരിയുടെ സ്നേഹപൂർണമായ ഉപദേശം – ‘ഗുളിക മുടക്കരുതേ, വഴിയിലെവിടുന്നെങ്കിലും വാങ്ങിക്കണം’. ശരി എന്ന അർഥത്തിൽ കൈകാണിച്ച് ഉണ്ണിത്താൻ വാഹനത്തിനടുത്തേക്കു നടന്നു. പര്യടനത്തിൽ തന്റെ സഹചാരിയായ കെഎസ്‍യു ജില്ലാ പ്രസിഡന്റ് നോയലിന്റെ തോളിൽ തട്ടി പറഞ്ഞു – ‘കേറിക്കോ, പെട്ടെന്നു പോകാം’. 

ചിരിത്തുടക്കം

തൃക്കരിപ്പൂർ കടപ്പുറത്ത് ആദ്യ സ്വീകരണം നിശ്ചയിച്ചിരുന്നത് 9.30ന്. സ്ഥാനാർഥി 9.10നു തന്നെ ഹാജർ. ആളുകൾ എത്തിത്തുടങ്ങിയതേയുള്ളൂ. ‘എന്നും ഇങ്ങനെയാണ്, രാവിലെ നേരത്തേ തുടങ്ങും. പക്ഷേ തീരുമ്പോൾ പാതിരാത്രിയാകും’ – ജില്ലാ പഞ്ചാായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീറിനോടു ചിരിച്ചുകൊണ്ട് ഉണ്ണിത്താന്റെ കമന്റ്. ആദ്യ യോഗത്തിൽ ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞതു വികസനകാര്യങ്ങൾ മാത്രം – ‘ വലിയപറമ്പ് ടൂറിസം ലോക നിലവാരത്തിലാക്കണം, കുടിവെള്ള പ്രശ്നത്തിനു ശാശ്വത പരിഹാരം വേണം. ഒറ്റത്തവണ എനിക്ക് വോട്ട് ചെയ്യൂ, എംപിക്കു ചെയ്യാനാകുന്നത് എന്തൊക്കെയെന്നു ഞാൻ കാട്ടിത്തരാം.’ ഇടയ്ക്കെവിടെ നിന്നോ ഒരാൾ ഉറക്കെ വിളിച്ചു – ‘രാജ്മോഹൻ ഉണ്ണിച്ചാ കീ ജയ്’. പെട്ടെന്നുള്ള മുദ്രാവാക്യം കേട്ട സ്ഥാനാർഥിക്കും അണികൾക്കും കൂട്ടച്ചിരി പൊട്ടി. 

വിശ്വാസം, അതല്ലേ...

വെയിൽ കൂടിയതോടെ പ്രസംഗത്തിനും ചൂടു കൂടി. വിശ്വാസികൾക്കു വേണ്ടിയുള്ള പൂത്തിരി രാജ്മോഹൻ കത്തിച്ചു. ശബരിമല യുവതീപ്രവേശം, ചർച്ച് ബിൽ തുടങ്ങി അമിത് ഷായും മോദിയും വരെ വാക്കുകൊണ്ടുള്ള ചാട്ടയടി കൊണ്ടു. പെരിയ ഇരട്ടക്കൊലപാതകത്തെ വിമർശിക്കുന്നതിൽ ഇരുതലവാൾ മൂർച്ച – ‘ഞങ്ങളുടെ 2 കുഞ്ഞുങ്ങളെ അവർ കൊന്നു. പേറ്റുനോവറിഞ്ഞ അമ്മമാർ സിപിഎമ്മിനു വോട്ട് ചെയ്യുമോ?’ അക്രമരാഷ്ട്രീയത്തിനു സിപിഎം വില കൊടുക്കേണ്ടി വരുമെന്നു പറഞ്ഞാണു പ്രസംഗം ചുരുക്കുന്നത്.

കൊല്ലം ജോർ; കാസ്രോട് മുത്ത്

കൊല്ലം ജില്ലയിൽനിന്നു കാസർകോട്ട് ലോക്സഭാ സ്ഥാനാർഥിയാകുന്ന മൂന്നാമത്തെയാളാണു രാജ്മോഹൻ ഉണ്ണിത്താൻ. ഇ.ബാലാനന്ദനും ഷാഹിദ കമാലുമാണു മറ്റ് 2 പേർ. തെക്കൻ ജില്ലക്കാരനാണെങ്കിലും കാസർകോടിന്റെ മലയാളത്തെ ഉണ്ണിത്താന് ഇഷ്ടമാണ്. കൗതുകത്തോടെ ഓരോ പ്രയോഗത്തിന്റയും അർഥം കൂടെയുള്ളവരോടു ചോദിച്ചു മനസ്സിലാക്കുന്നു. തുളുനാടിന്റെ രുചികൾ പരീക്ഷിക്കുന്നുണ്ട്.

‘എന്നെ സ്നേഹിക്കുന്നവർ ഇവിടെയാണ്. ഇവരെ ഉപേക്ഷിച്ചു ഞാൻ പോവില്ലെ’ന്ന്  യോഗങ്ങളിൽ ആവർത്തിക്കുന്നു. തെക്കേക്കാട് ദ്വീപിൽ രാവിലെ 10.30നാണു സ്വീകരണം ഒരുക്കിയിരുന്നതെങ്കിലും സ്ഥാനാർഥിക്ക് എത്താനായത് ഒരു മണിക്കാണ്. ദ്വീപ് ചുറ്റിക്കാണണമെന്ന യുവപ്രവർത്തകരുടെ അഭ്യർഥനയ്ക്കു മുൻപിൽ നേതാക്കൾക്കും ഉണ്ണിത്താനും വഴങ്ങേണ്ടി വന്നു. ബൈക്ക് റാലി ഉൾപ്പെടെയുള്ള ആഘോഷ പ്രചാരണത്തിനു ശേഷമാണു ദ്വീപിൽനിന്നു മടങ്ങിയത്.

‘ഞാൻ നിങ്ങളുടെ കാലുതൊട്ടു വന്ദിക്കുന്നു, നിങ്ങളെന്റെ തലയിൽ കൈവച്ച് അനുഗ്രഹിക്കണം’ – കാച്ചിക്കുറുക്കിയ ഈ ഒറ്റവരി വോട്ടഭ്യർഥന കാസർകോട് സ്വീകരിക്കുമോ?, കാത്തിരിക്കാം.

 30 വർഷത്തിനു ശേഷം കാസർകോട് പിടിക്കാൻ യുഡിഎഫിനു കഴിയുമെങ്കിൽ അത് ഉണ്ണിത്താനിലൂടെയാകുമെന്ന് അണികൾ ഉറച്ചു വിശ്വസിക്കുന്നു. അതിനുവേണ്ടി രാപകലില്ലാത്ത പ്രവർത്തനങ്ങളിലാണ് അവർ.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama