go

ഇനി അതിജീവനത്തിന്റെ നാളുകൾ

helping-hand
SHARE

കാസർകോട്∙ ദുരിതാശ്വാസ ക്യാംപുകൾ വിട്ട് ആളുകൾ വീടുകളിലേക്ക് മടങ്ങി. ഇനി മുന്‍പിലുള്ളത് അതിജീവനത്തിന്റെ നാളുകളാണ്  ജില്ലയിലെ 31 ദുരിതാശ്വാസ ക്യാംപുകളിൽ രണ്ടെണ്ണം മാത്രമാണ് ഇപ്പോഴുള്ളത്. പനത്തടി കമ്മാടി കമ്യുണിറ്റി ഹാളിൽ 10 പട്ടികവർഗ കുടുംബങ്ങളിലായി 55 ആളുകളും സൗത്ത് തൃക്കരിപ്പൂർ ഉടുമ്പന്തല അങ്കണവാടിയിലെ 3 കുടുംബങ്ങളിലെ 14 പേർ ഉൾപ്പെടെ 69 അംഗങ്ങളാണ് രണ്ടു ക്യാംപുകളിലായിട്ടുള്ളത്.

പരാതികളും പരിഭവങ്ങളുമില്ലാതെ നാടിന്റെ കൂട്ടായ്മയിലാണ് ക്യാംപുകൾ പ്രവർത്തിച്ചത്. കലക്ടർ ഡി.സജിത് ബാബുവിന്റെ നേതൃത്വത്തിൽ ഹൊസ്ദുർഗ് താലൂക്കിൽ ഒരുക്കിയ താത്കാലിക കൺട്രോൾ റൂം കേന്ദ്രീകരിച്ചാണ് ജില്ലാ ഭരണകൂടം പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ എൻ.എ നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമൻ, എം.രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ, നഗരസഭാധ്യക്ഷരായ ബീഫാത്തിമ, ഇബ്രാഹിം, വി.വി.രമേശൻ, പ്രഫ.കെ.പി.ജയരാജൻ പ്രളയ ബാധിത മേഖലകളിലെ ഗ്രാമ- ബ്ലോക് പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

കൈപിടിച്ച് നാട്

കാസർകോട്∙ തിമർത്തു പെയ്ത മഴയിൽ എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പാൻ ജില്ലാ ഭരണകൂടം തുടങ്ങിയ സംഭരണ കേന്ദ്രങ്ങളിലേക്കു സുമനസുകളുടെ സഹായം സ്‌നേഹ മഴയായി പെയ്യുന്നു. ഹൊസ്ദുർഗ് താലൂക്ക് ഓഫിസ്, പടന്നക്കാട് കാർഷിക കോളജ് എന്നിവിടങ്ങളിലെ സംഭരണ കേന്ദ്രങ്ങളിലേക്കു വിദ്യാർഥികളും ക്ലബുകളും സന്നദ്ധ സംഘടന പ്രവർത്തകരും പൂർവ വിദ്യാർഥി സംഘടനകളും ഉൾപ്പെടെ ഒട്ടേറെപ്പേരാണ് സഹായങ്ങളുമായി എത്തുന്നത്.

കാസർകോട് ഗവ.കോളജിലെ എൻഎസ്എസ് യൂണിറ്റാണു ശേഖരിച്ച ഉൽപന്ന ശേഖരമാണ് ഇന്നലെ ആദ്യമെത്തിയത്. മോട്ടർ വാഹന ഉദ്യോഗസ്ഥർ ഒട്ടേറെ സാധനങ്ങൾ നൽകി. ആർടിഒ, എസ്.മനോജ്, എൻഫോഴ്‌സ്‌മെന്റ് ആർടിഒ ഇ.മോഹൻദാസ് എന്നിവർ നേതൃത്വം നൽകി.

റേഷൻ വിതരണം മുടങ്ങില്ല

ration-card

വൈദ്യുതി തടസപ്പെട്ടതിനാൽ ഇപോസ് സംവിധാനം പ്രവർത്തിക്കാത്തതിനാൽ റേഷൻ വിതരണം നിലച്ച റേഷൻ കടകളിൽ മാന്വൽ രീതിയിൽ റേഷൻ വിതരണം നടത്തും. അർഹരായ ഗുണഭോക്താക്കൾക്ക് റേഷൻ ലഭ്യമാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു കലക്ടർ ഡി.സജിത് ബാബു നിർദേശം നൽകി.

സൗജന്യ റേഷൻ അരി

ari

കാലവർഷക്കെടുതിയിൽ ദുരിതബാധിതരായ മത്സ്യതൊഴിലാളികൾക്ക് കാർഡൊന്നിന് 5 കിലോ സൗജന്യ റേഷൻ അരി അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ സപ്ലൈ ഓഫിസർ, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ എന്നിവർക്കു കലക്ടർ നിർദേശം നൽകി. സൗജന്യ റേഷൻ വിതരണം സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അതത് താലൂക്ക് സപ്ലൈ ഓഫിസർമാർക്കു നൽകണം.

ശുദ്ധജലം ഉപയോഗിക്കണം

water-sketch

ദുരിതാശ്വാസ ക്യാംപുകളിൽ നിന്നു വീടുകളിലേക്കു തിരിച്ചു മടങ്ങി പോകുന്നവർ കുഞ്ഞുങ്ങളെ കുളിപ്പിക്കാൻ തിളപ്പിച്ചാറ്റിയ ശുദ്ധജലം മാത്രമേ ഉപയോഗിക്കണമെന്നും ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

പ്രളയം മൂലം മലിനമായ ഗാർഹിക ആവശ്യത്തിനായി ഉപയോഗിക്കുന്ന കിണറുകളിലെ വെള്ളം സൗജന്യമായി പരിശോധിക്കുന്നതിനായി ജല അതോറിറ്റി ക്വാളിറ്റി കൺട്രോൾ ജില്ലാ ലാബ് കാസർകോടും സബ് ഡിവിഷനൽ ലാബ് കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. പരിശോധനകൾക്ക് എത്തുന്നവർ രാസഭൗതിക ജൈവ പരിശോധനയ്ക്ക് ആയി ഒരു ലീറ്റർ ബോട്ടിലിലും 100 മില്ലി സ്റ്റെറിലൈസ്ഡ് ബോട്ടിലിലും വെള്ളം കൊണ്ടുവരണം. 8289940567

കാഞ്ഞങ്ങാട്ടും ക്യാംപുകൾ ഒഴിഞ്ഞു

കാഞ്ഞങ്ങാട്∙ കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ 3 ദുരിതാശ്വാസ ക്യാംപുകളാണ് ഉണ്ടായിരുന്നത്. അജാനൂർ പഞ്ചായത്തില്‍ ഒന്നും. കൂടുതൽ ആളുകളെ പുനരധിവസിപ്പിച്ചിരുന്നത് മുത്തപ്പനാർ കാവിലെ ക്ഷേത്ര ഓഡിറ്റോറിയത്തിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു. ഇന്നലെ വൈകിട്ട് എല്ലാവരും ഇവിടെ നിന്നു വീടുകളിലേക്കു മടങ്ങി. 

64 കുടുംബങ്ങളിലായി 218 പേരാണ് ഇവിടെ ഉണ്ടായിരുന്നത്. ‌പടന്നക്കാട് അൽ മദ്റസത്തുൾ ബദരിയ മദ്രസയിലായിരുന്നു 103 പേർ താമസിച്ച മറ്റൊരു ക്യാംപ് പ്രവർത്തിച്ചത്. ആവിക്കര മത്സ്യ തൊഴിലാളി സഹകരണ സംഘം ഓഫിസിലൊരുക്കിയ ക്യാംപിൽ 3 കുടുംബങ്ങളിലെ 12 പേരാണ് ഉണ്ടായിരുന്നത്. 

അജാനൂർ പഞ്ചായത്തിന് കീഴിൽ ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂളിൽ തുറന്ന ക്യാംപിൽ 24 കുടുംബങ്ങളിലെ 95 പേരാണ് ഉണ്ടായിരുന്നത്. മുത്തപ്പനാർ കവിലെ ക്യാംപിൽ മുൻപിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് പി.കെ.നിഷാന്ത് കിറ്റുകൾ വിതരണം ചെയ്തു.  വി.ഗിനീഷ് അധ്യക്ഷത വഹിച്ചു. ശബരീശൻ ഐങ്ങോത്ത്, വി.സുകുമാരൻ, എൻ.ഉണ്ണിക്കൃഷ്ണൻ, കെ.കെ.ഗീത, സുശാന്ത്, വിപിൻ ബല്ലത്ത്, അനീഷ് കൊവ്വൽ സ്റ്റോർ, പ്രിയേഷ് കാഞ്ഞങ്ങാട് എന്നിവർ പ്രസംഗിച്ചു. 

ആനുകൂല്യം: നടപടികൾ വേഗത്തിലാക്കും

kasargod-jayaran

കാസർകോട്∙ പ്രളയ ബാധിതരായവരിൽ അർഹരായ ദുരിതബാധിതർക്ക് സർക്കാർ മാർഗനിർദേശങ്ങൾക്കു വിധേയമായി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നടപടി വേഗത്തിലാക്കുമെന്ന് കലക്ടർ ഡി.സജിത് ബാബു അറിയിച്ചു.

താലൂക്ക് തഹസിൽദാർമാരുടെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥരുടെ സ്‌ക്വാഡ് ദുരിതബാധിതരുടെ വീടുവീടാന്തരം പരിശോധന നടത്തി അർഹരായവരുടെ പട്ടിക തയാറാക്കണം.  വെള്ളപ്പൊക്കത്തിനിരയായവരിൽ അർഹരായവർക്ക് ആനുകൂലങ്ങൾ ലഭിക്കുന്നതിന് ദുരിതാശ്വാസ ക്യാംപുകളിൽ റജിസ്റ്റർ ചെയ്യേണ്ടതില്ല.

സ്കൂളുകൾ ഇന്നു മുതൽ

school

ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്ന് മുതൽ അധ്യയനം പുനരാരംഭിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.  എന്നാൽ, ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിച്ചിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി നൽകിയിട്ടുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനായാണ് അവധി നൽകിയത്. നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിനും ക്യാംപ് പ്രവർത്തിച്ച അങ്കണവാടികൾക്കും കോളജുകൾക്കും അവധി ബാധകമാണ്.

വീടുകൾ ശുചീകരിച്ച് നാട്ടുകാർ

kasargod-youth
വെള്ളപ്പൊക്കം ഉണ്ടായ ഗ്രാമങ്ങളിലേക്ക് ശുചീകരണം നടത്താൻ എത്തിയ യുവാക്കൾ ചെറുവത്തൂർ പഞ്ചായത്ത് ഓഫിസിനു മുന്നിൽ ഒത്തുകൂടിയപ്പോൾ.

കാഞ്ഞങ്ങാട്∙ നാട്ടുകാരും യുവാക്കളും നഗരസഭ അധികൃതരും ഒത്തു ചേർന്നപ്പോൾ വെള്ളം കയറി ചെളി നിറഞ്ഞ വീടുകൾ ക്ലീൻ.  കാഞ്ഞങ്ങാട് നഗരസഭയിലും അജാനൂർ പഞ്ചായത്തിലും വെള്ളം കയറിയ വീടുകളാണ് ഒറ്റ പകൽ കൊണ്ട് ക്ലീനാക്കി താമസയോഗ്യമാക്കിയത്. നഗരസഭ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, ഡിവൈഎഫ്ഐ പ്രവർത്തകർ, നാട്ടുകാർ, മറ്റു സന്നദ്ധ സംഘടനകൾ എന്നിവർ ചേർന്നാണു വൃത്തിയാക്കിയത്.

ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 200 പ്രവർത്തകർ ശുചീകരണത്തിന് മുന്നിട്ടിറങ്ങി. ചെളി നിറഞ്ഞ വീടുകൾ ശുചീകരിച്ച ശേഷം സാധനങ്ങൾ യഥാക്രമം തിരികെ വയ്ക്കാൻ കൂടി സഹായിച്ചാണ് ഇവർ വീടുകളിൽ നിന്നു മടങ്ങിയത്. 

cleaning

ആശാ വര്‍ക്കര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും വിവിധയിടങ്ങളില്‍ ശുചീകരണത്തില്‍ പങ്കാളികളായി.  ദുരിതബാധിതരെ താമസിപ്പിച്ച മുത്തപ്പനാർ കാവ് ക്ഷേത്ര ഓ‍ഡിറ്റോറിയവും പരിസരവും വൃത്തിയാക്കാനും എല്ലാവരും മുന്നിട്ടിറങ്ങി.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama