go

മഴയുടെ ശക്തി കുറഞ്ഞെങ്കിലും തൃക്കരിപ്പൂര്‍ ഇപ്പോഴും ദുരിതത്തിൽ

kasargod-car-auto
കവ്വായി കായൽ കരകവിഞ്ഞതിനെ തുടർന്നു വെള്ളത്തിനടിയിലായ മാടക്കാൽ–ഉടുമ്പുന്തല ബണ്ട് റോഡ്.
SHARE

തൃക്കരിപ്പൂർ∙ മഴയ്ക്ക് ശക്തി കുറഞ്ഞെങ്കിലും വെള്ളം ഇറങ്ങാത്തതിനാൽ ഇന്നലെയും കെടുതിക്കു കുറവുണ്ടായില്ല. അതേ സമയം കവ്വായി കായലിൽ ഇന്നലെ ക്രമാതീതമായി ജലനിരപ്പു വർധിച്ചു. ഇതേ തുടർന്നു മാടക്കാൽ–ഉടുമ്പുന്തല ബണ്ട് ഉൾപ്പെടെ വെള്ളത്തിനടിയിലായി. ബണ്ട് വെള്ളത്തിലായതിനെ തുടർന്ന് മാടക്കാൽ തുരുത്തിലെയും വലിയപറമ്പിന്റെ തെക്കൻ മേഖലയിലെ കുടുംബങ്ങൾക്കും ഇതര പ്രദേശങ്ങളുമായി ബന്ധപ്പെടുന്നതിനു പ്രയാസമുണ്ടായി.

തൃക്കരിപ്പൂരിന്റെ വിവിധ മേഖലകളിൽ ദുരിതാശ്വാസ ക്യാംപുകളിലുള്ളവർ അവിടെ തുടരുകയാണ്. ബന്ധു വീടുകളിലേക്കു മാറ്റിപ്പാർപ്പിച്ച കുടുംബങ്ങളിൽ ചില കുടുംബങ്ങൾ ഇന്നലെ അവരവരുടെ വീടുകളിലേക്കു തിരിച്ചു പോയി. ദുരിതത്തിനിരയായവരെ സഹായിക്കാൻ സന്നദ്ധ സംഘടനകൾ ജാഗരൂകരായി രംഗത്തുള്ളതിനാൽ ക്യാംപുകളിൽ വലിയ ബുദ്ധിമുട്ടുകൾ ഇല്ല.

ഓരി വിഷ്ണു മൂർത്തി ക്ഷേത്രത്തിന്റെ ഓഡിറ്റോറിയത്തിൽ ഒരുക്കിയ ക്യാംപിൽ പടന്ന, വലിയപറമ്പ് എന്നീ പഞ്ചായത്തുകളിലെ കുടുംബങ്ങളുണ്ട്. മാടക്കാൽ, തലിച്ചാലം തുടങ്ങിയ പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്നു. റവന്യു ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ രക്ഷാ പ്രവർത്തനത്തിൽ സജീവമാണ്. 

ക്യാംപുകളിൽ ആവശ്യമായ ചികിത്സയൊരുക്കി ആരോഗ്യ പ്രവർത്തകരും മുടങ്ങാതെയുണ്ട്. പടന്നയിലെ പ്രമുഖ ഓരുജല കർഷകൻ ജി.എസ്.ഗുൽമുഹമ്മദ് സ്വന്തം വീട്ടിൽ ദുരിതാശ്വാസ ക്യാംപുണ്ടാക്കി മാതൃക കാട്ടി. വെള്ളം കയറി വീടൊഴിഞ്ഞ വടക്കെകാട്, തെക്കെകാട് എന്നിവിടങ്ങളിലെ 3 കുടുംബങ്ങളിലെ 13 അംഗങ്ങൾക്ക് ഗുൽമുഹമ്മദിന്റെ വീട്ടിൽ താമസ സൗകര്യം ഉണ്ടാക്കി.ഭക്ഷണവും മറ്റു അവശ്യ വസ്തുക്കളും അദ്ദേഹം നൽകി.

വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്നു കുടിവെള്ളം മുടങ്ങിയ വെള്ളച്ചാൽ പ്രദേശത്തെ വീടുകളിൽ ഡിവൈഎഫ്ഐ പ്രവർത്തകർ മൊബൈൽ ജനറേറ്ററുമായി എത്തി കുടിവെള്ളം പമ്പിങ് നടത്തിക്കൊടുത്തു. തുടർച്ചയായി 3 ദിവസം ഇവിടെ വൈദ്യുതി മുടങ്ങി.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama