go

ക്വാറിക്കു മുകളിൽ ഭീതിയോടെ

kasargod-kulam
മുക്കുഴി കളത്തുങ്കാലിലെ ക്വാറിയിൽ അപകട ഭീഷണി ഉയർത്തി കെട്ടിക്കിടക്കുന്ന മഴവെള്ളം.
SHARE

മുക്കുഴി∙ കോടോം ബേളൂർ പഞ്ചായത്തിലെ മുക്കുഴി കളത്തുംങ്കാലിലെ ഉപയോഗിക്കാതെ കിടക്കുന്ന ക്വാറിക്കു മുകളിൽ ജീവൻ കയ്യിലെടുത്ത് ഏഴോളം ആദിവാസി കുടുംബങ്ങൾ. കനത്ത മഴയിൽ പെയ്തിറങ്ങിയ വെള്ളം ക്വാറിയിൽ കെട്ടിക്കിടക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർ‌ന്ന് ക്വാറിക്ക് പ്രവർത്തന അനുമതി നിഷേധിച്ചിരുന്നു. 

കനത്ത മഴയെ തുടർന്ന് ക്വാറികളിൽ കെട്ടിനിൽക്കുന്ന മഴവെള്ളം ഉടമകളോട് തന്നെ പമ്പ് ചെയ്ത് മാറ്റണമെന്ന് ആവശ്യപ്പെടാൻ കലക്ടറുടെ ഉത്തരവുണ്ടായിട്ടും കളത്തുങ്കാലിലെ ക്വാറിയിലെ വെള്ളം മാറ്റാൻ പഞ്ചായത്ത് ഇടപെടാത്തതാണു അപകടത്തിനു കാരണമെന്നും നാട്ടുകാർ പറയുന്നു.

ക്വാറിയിലെ വെള്ളപ്പാച്ചിലിൽ റോഡിൽ വന്നടിഞ്ഞ കല്ലും മണലും ഞായറാഴ്ച വൈകിട്ടോടെ ക്വാറി ഉടമ തന്നെ മാറ്റിയിരുന്നു. ക്വാറിയിൽ ഇപ്പോഴും വെള്ളം കെട്ടിക്കിടക്കുന്ന നിലയിലാണ്. മഴയിൽ വീണ്ടും വെളളം നിറഞ്ഞ് അപകടമുണ്ടാകുമെന്ന ഭീതിയിലാണ് നാട്ടുകാർ.

ഓർമയിൽ നിന്നു മായാതെ  മലവെള്ളപ്പാച്ചിൽ

kasargod-sunny
ക്വാറിയിൽ നിന്നുണ്ടായ മഴവെളളപ്പാച്ചിലിൽ ഒലിച്ചുപോയി മണ്ണിനടിയിലായ സ്കൂട്ടർ ചൂണ്ടിക്കാണിക്കുന്ന സണ്ണി കാരിമുട്ടം.

അപകടം നടന്ന മണിക്കൂറുകൾ കഴിഞ്ഞെങ്കിലും മുക്കുഴിയിലെ കാരിമുട്ടം സണ്ണിയുടെ കണ്ണിൽ നിന്ന് ഇപ്പോഴും ഭീതിയുടെ നിഴൽ മാറിയിട്ടില്ല. ഞായറാഴ്ച രാവിലത്തെ കനത്ത മഴയിലാണു കളത്തുങ്കാലിൽ കുന്നിൻ മുകളിലെ ക്വാറിയിൽ കെട്ടിക്കിടന്ന മഴവെള്ളം ഹൂങ്കാര ശബ്ദത്തോടെ ബണ്ട് തകർത്ത് അരക്കിലോമീറ്റർ ദൂരത്തിൽ സർവതും നശിപ്പിച്ച് കുത്തിയൊലിച്ചത്.

മക്കളെ പള്ളിയിൽ വിട്ട് രാവിലെ 10നു സണ്ണി സ്കൂട്ടറിൽ തിരിച്ച് വരികയായിരുന്നു. കളത്തുങ്കാലിൽ എത്തിയപ്പോഴാണ് റോഡിൽ നിന്നും 300 മീറ്റർ ഉയരത്തിലുള്ള ക്വാറിയിൽ കെട്ടി നിർത്തിയിരുന്ന മഴവെള്ളം മണ്ണു കൊണ്ട് കെട്ടിയ ബണ്ട് തകർത്ത് താഴേക്കു കുത്തിയൊലിച്ചത്.  റോഡിന് മുകൾ ഭാഗത്ത് നിന്നും ശബ്ദം കേട്ടാണ് സണ്ണി സ്കൂട്ടർ നിർത്തിയത്.

സംഭവം എന്താണെന്ന് മനസ്സിലാകും മുൻപേ ക്വാറിയിലെ പാറക്കല്ലുകളും മണ്ണും ഉൾപ്പെടെ റോഡിലെത്തി. വാഹനം മുന്നോട്ടെടുക്കാനുള്ള സമയം ലഭിച്ചില്ല. വാഹനം ഉപേക്ഷിച്ച് മരക്കൊമ്പിൽ പിടി മുറുക്കിയതിനാൽ രക്ഷപ്പെടുകയായിരുന്നു. 

സ്കൂട്ടർ വെള്ളത്തിനൊപ്പം 200 മീറ്റർ താഴെ കൊക്കയിലേക്ക് പതിച്ചു. തെങ്ങ് കയറ്റ തൊഴിലാളിയായ സണ്ണിയുടെ സ്കൂട്ടർ ഇപ്പോൾ ഉപയോഗിക്കാനാവാത്ത വിധം തകർന്ന് മണ്ണിനടിയിലാണ്. പൊട്ടിയ ടയറും സൈലൻസറും മാത്രം പാറക്കല്ലുകൾക്കിടയിൽ കാണാം. സ്കൂട്ടർ നഷ്ടപ്പെട്ടാലും ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് സണ്ണിയും കുടുംബവും.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama