go

സ്റ്റാഫ് നഴ്സ് റാങ്ക് പട്ടിക; ജില്ലയിൽ നിയമനം ലഭിച്ചത് ഒരാൾക്ക്

Kasargod News
SHARE

തൃക്കരിപ്പൂർ∙ ജില്ലയിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 തസ്തികയിൽ റാങ്ക് ലിസ്റ്റ് നിലവിൽ വന്നു 15 മാസം പിന്നിട്ടിട്ടും നിയമനം നടത്താതെ ഉദ്യോഗാർഥികളെ വലയ്ക്കുന്നു. മറ്റു ജില്ലകളിൽ ഇതേ റാങ്ക് ലിസ്റ്റിൽ നിന്നു 550ൽപരം നിയമനങ്ങൾ നടത്തിയപ്പോൾ കാസർകോട് ഒരു നിയമനം മാത്രമാണ് നടത്തിയത്. ‌കഴിഞ്ഞ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഉദ്യോഗാർഥികൾ നിയമനത്തിനായി കോടതിയെ സമീപിച്ചു എന്ന കാരണത്തിലായിരുന്നു ആദ്യ ഘട്ടത്തിൽ നിയമനത്തിനുണ്ടായ തടസ്സം. 

ഈ കേസിൽ ഉൾപ്പെട്ട ഒഴിവുകൾ മാറ്റി വച്ച് ശേഷിക്കുന്ന ഒഴിവുകളിൽ നിയമനം നടത്തുന്നതിനു പിന്നീട് പിഎസ്‌സി തീരുമാനിച്ചിരുന്നു.3 വർഷങ്ങളിലുണ്ടായ ഗ്രേഡ് 1, ഗ്രേഡ് 2 പ്രമോഷൻ വഴിയുള്ള ഒഴിവുകൾ സ്വാഭാവികമായും ഈ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു ലഭിക്കേണ്ടതാണ്. എന്നാൽ, ഈ ഒഴിവുകൾ ഉപയോഗിച്ചു വർഷങ്ങളായി ഇവിടെ താളം തെറ്റിക്കിടക്കുന്ന ഗ്രേഡ് 1, ഗ്രേഡ് 2 അനുപാതം തുല്യമാക്കാനുള്ള ഉത്തരവാണ് സർക്കാർ നൽകിയിട്ടുള്ളത്.

പ്രമോഷൻ ലഭിച്ചാൽ പിന്നാക്ക ജില്ലയായ കാസർകോടേക്കു വരുന്നതിൽ ജീവനക്കാർ കാട്ടുന്ന മടിയാണ് ജില്ലയിൽ അനുപാതം താളം തെറ്റുന്നതിനു കാരണമായത്. ഇത് ഒരു ദിവസം കൊണ്ടു നേരെയാക്കാനുള്ള സർക്കാരിന്റെ ഉത്തരവ് ജോലി പ്രതീക്ഷിച്ചു കഴിയുന്ന ഉദ്യോഗാർഥികൾക്ക് ന്യായമായും അവകാശപ്പെട്ട ഒഴിവുകൾ നിഷേധിക്കലാണ്.

അനുപാതം തുല്യമാക്കാനുള്ള വിദ്യകൾക്കൊപ്പം പുതിയ ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു ലഭിക്കേണ്ട നല്ലൊരു ശതമാനം ഒഴിവുകൾ പിടിച്ചു വയ്ക്കുകയും ചെയ്യുന്നു. അതേ സമയം കരാർ നിയമനം നടത്തുന്നതിൽ ഉൽസാഹം കാട്ടുകയും ചെയ്യുന്നു. കരാർ അടിസ്ഥാനത്തിൽ 728 പേരെ നിയമിക്കാനുള്ള തീരുമാനമുണ്ട്.ആർദ്രം പദ്ധതിയിൽ കരാർ നിയമനങ്ങളാണ് നടത്തി വരുന്നത്. ഈ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 1000 സ്റ്റാഫ് നഴ്സുമാർ എന്ന പ്രഖ്യാപനമായിരുന്നു ആദ്യം. 

പിന്നീടത് 400ൽ ഒതുങ്ങി. ഇതും പ്രഖ്യാപനത്തിൽ മാത്രമായി നിൽക്കുകയാണ്. ഇതിൽ ജില്ലക്ക് എത്ര പേരെ നിയമിക്കാൻ കഴിയും എന്നതിലും തീരുമാനമില്ല. ജോലി പ്രതീക്ഷിച്ചു കഴിയുന്ന ഉദ്യോഗാർഥികൾ നിരാശരാണിപ്പോൾ.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama