go

നശിപ്പിച്ചാലും പെരുകുന്നു; എങ്ങനെ ത‌ടയാം ആഫ്രിക്കൻ ഒച്ചിനെ?

kasargod-sanail
ബദിയടുക്ക കടാർ റോഡിൽ കണ്ടെത്തിയ ഒച്ചുകൾ
SHARE

ബദിയടുക്ക∙പറമ്പിൽ കാലിടാൻ പറ്റാത്ത വിധം പെരുകുകയാണ് ആഫ്രിക്കൻ ഒച്ചുകൾ.കടാർറോഡിലെ വീട്ടകളിലെല്ലാം ഒച്ചുകളാണ്.ഈർപ്പമുള്ള സ്ഥലങ്ങളിൽ പതുങ്ങിയിരിക്കുന്ന ഇവ ഇരുട്ടിലാണ് പുറത്തിറങ്ങുന്നത്.വേനലിൽ അപ്രത്യക്ഷമാവുന്ന ഇവ മഴയത്താണ് കൂടുതൽ കാണുന്നത്. മഴയത്ത് ചീഞ്ഞളിയുന്ന ഓലകൾ,ചെടികൾക്ക് ചുവട്ടിലെ തോലുകൾ,പപ്പായ,വാഴ,തെങ്ങോലകൾ തുടങ്ങി തണുപ്പുള്ളതും മൃതുലമായതുമായ എവിടെയും ഒച്ചുകളാണ്.

ദിവസങ്ങളായി എടുത്തുമാറ്റാത്ത ചീഞ്ഞളിഞ്ഞ വസ്തുക്കളിലാകെ നിരവധി ഒച്ചുകളാണ്.രണ്ടോ മൂന്നോദിവസം വീടുവിട്ടുപോയാൽ ചുമരാകെ ഒച്ചുകളായിരിക്കും.8 വർഷമായി ഇവിടെ ഒച്ചുകളെത്തിയിട്ട്.കാലവർഷം തുടങ്ങുമ്പോൾ ഒച്ചുകളുമെത്തും. ഉപ്പിട്ടാൽ ഉടൻ ചത്തുപോകുന്ന ഇവ ഒരിക്കലും പൂർണമായും നശിക്കുന്നില്ല.

ലോറികളിൽ കൊണ്ടുവരുന്ന,മണൽ എന്നിവയിലൂടെയാണ് ഇവ വരുന്നതെന്നാണ് സംശയിക്കുന്നത്.ദിവസം നശിപ്പിച്ചാലും പിറ്റേ ദിവസം ഇതിനേക്കാൾ കൂടുതലുണ്ടാവും.ഒച്ചുകളെ നശിപ്പിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ മുൻകയ്യെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം

എന്താണ് ആഫ്രിക്കൻ ഒച്ച് ?

ജയ്ന്റ് ആഫ്രിക്കൻ ലാന്റ് സ്നെയിൽ എന്നാണ് ഇതിന്റെ ശരിയായ പേര്. സാധാരണ ഒച്ചുകളേക്കാൾ വളരെ വലുതാണ് ഇവ. പ്രതികൂല കാലാവസ്ഥയെ അതിജീവിക്കുന്നതിനായി കട്ടിയുളള പുറം തോടുണ്ട്. 5 മുതൽ 20 സെന്റിമീറ്റർ നീളമുള്ള ഇവയ്ക്ക് 50 ഗ്രാമിൽ കൂടുതൽ ഭാരമുണ്ടാകും.

ആളുകളുടെ ശബ്ദം കേട്ടാൽ തല തോടിനകത്തേക്ക് വലിക്കുന്നതും ഇവയുടെ സ്വഭാവമാണ്. പച്ചിലകളാണ് പ്രധാന ഭക്ഷണം. വ്യാപകമായി കൃഷി നശിപ്പിക്കുന്നതിനൊപ്പം തന്നെ ഇവയിൽ കാണപ്പെടുന്ന ആൻജിയോസ്ട്രോങിലസ് കാന്റനെൻസിസ് എന്ന വിര മസ്തിഷ്ക വീക്കം ഉൾപ്പെടെയുള്ള രോഗങ്ങൾക്കും കാരണമാകും. കുട്ടികളാണ് ഏറെ ശ്രദ്ധിക്കേണ്ടത്.

SNAIL
ഫയൽചിത്രം

മണ്ണിനടിയിൽ 3 വർഷം വരെ പതുങ്ങിയിരിക്കാൻ ആഫ്രിക്കൻ ഒച്ചുകൾക്ക് കഴിയും. മുൻ വർഷങ്ങളേക്കാൾ കൂടുതലായാണ് ഇക്കുറി ഒച്ചിറങ്ങിയിരിക്കുന്നത്. 6 മാസം കൊണ്ട് പ്രായപൂർത്തിയാകുന്ന ഒരൊച്ച് മാസങ്ങളുടെ വ്യത്യാസത്തിൽ ആയിരം മുട്ടകളെങ്കിലും ഇടും. ഇതിൽ തൊണ്ണൂറു ശതമാനവും വിരിയും. 5 മുതൽ പത്ത് വർഷം വരെയാണ് ഒരൊച്ചിന്റെ ആയുസ്സ്. 3 വർഷം വരെ കട്ടിയുള്ള തോടിനുള്ളിൽ നിന്നു പുറത്തിറങ്ങാതിരിക്കാനും ഇവയ്ക്ക് കഴിയും.

എങ്ങനെ തടയാം?

∙ ഇവയെ ഇല്ലാതാക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം പുകയിലക്കഷായവും തുരിശും ചേർത്ത് തളിക്കുന്നതാണ്.

∙ ചീഞ്ഞ കാബേജുകളോ മറ്റ് പച്ചക്കറികളോ ഒരിടത്ത് കൂട്ടിയിട്ട് അതിൽ മെറ്റാൽഡിഹൈഡ് എന്ന രാസവസ്തു വിതറുക. ഇതിന്റെ മണം അടിച്ചാൽ ഇവ കൂട്ടമായി അവിടേക്ക് എത്തും. അപ്പോൾ കത്തിച്ചു കളയുകയോ കുഴിച്ചിടുകയോ ചെയ്യുക. 10 ദിവസത്തോളം ഇതു തുടരണം.

∙ ഇവ കാണപ്പെടുന്ന എല്ലാ വീട്ടുകാരും ഒരുമിച്ച് ചെയ്താൽ മാത്രമേ ഇത് ഫലപ്രദമാവുകയുള്ളൂ.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama