go

സമയലാഭമേകും കൊല്ലം ബൈപാസ് ; ദീർഘദൂരം, ഹ്രസ്വയാത്ര

kollam-bypass
കൊല്ലം ബൈപാസിൽ കാവനാട് പാലത്തിന്റെ പശ്ചാത്തലത്തിലെ സൂര്യാസ്തമയം
SHARE

കൊല്ലം ∙ ബൈപാസ് റോഡിലൂടെ വാഹനം ഓടിത്തുടങ്ങുമ്പോൾ ദീർഘദൂരയാത്രക്കാർക്കു സമയലാഭം. ആലപ്പുഴ ഭാഗത്തുനിന്നു തിരുവനന്തപുരത്തേക്കും തിരികെയും യാത്ര ചെയ്യുന്നവർക്കു കൊല്ലം നഗരത്തിലെ വാഹനത്തിരക്കിൽപ്പെടാതെ കടന്നുപോകാനാകുമെന്നതാണു വലിയ നേട്ടം. ബൈപാസിന്റെ ദൈർഘ്യം 13.13 കിലോമീറ്റർ ആണ്.

kollam-bypass-light
കൊല്ലം ബൈപാസിൽ സ്ഥാപിച്ച തെരുവുവിളക്കുകൾ പരീക്ഷണാർഥം തെളിയിച്ചപ്പോൾ. കടവൂർ പാലത്തിൽനിന്നുള്ള ദൃശ്യം. പുതിയ പാലത്തിൽ സായാഹ്നം പങ്കിടാനെത്തിയ നാട്ടുകാരെയും കാണാം.

നിലവിലെ ദേശീയപാതയിലൂടെ കാവനാട് ആൽത്തറമൂട്– ചിന്നക്കട വഴി മേവറത്തേക്കുള്ള ദൂരം 13.4 കിലോമീറ്ററും. 300 മീറ്റർ  ദൂരമേ കുറയുകയുള്ളു എങ്കിലും സമയലാഭം ഏറെ.  മിക്കപ്പോഴും പകൽ നേരങ്ങളിൽ കൊല്ലം നഗരത്തിൽ ഗതാഗതക്കുരുക്ക് പതിവാണ്. കലക്ടറേറ്റിലേക്കു ചെറിയ പ്രകടനം ഉണ്ടായാൽ പോലും ഏറെ സമയം കുരുക്ക് ഉണ്ടാകും.

ഉദ്ഘാടന വേദി: തീരുമാനമായില്ല

ബൈപാസ് ഉദ്ഘാടന വേദി സംബന്ധിച്ച് അന്തിമ തീരുമാനമായില്ല. പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ വിഭാഗം ഐജിയും വ്യോമസേനാ ഉദ്യോഗസ്ഥരും ഇന്നു കൊല്ലത്തെത്തും. തുടർന്നായിരിക്കും  തീരുമാനം. ഇന്നലെ പ്രത്യേക സുരക്ഷാ വിഭാഗത്തിലെ എഐജി അരവിന്ദ് സിങ്, കലക്ടർ ഡോ. എസ്.കാർത്തികേയൻ, ഡിഐജി എ.അക്ബർ,  ബൈപാസ് പ്രോജക്ട് മാനേജർ എസ്.ദേവരാജൻ, ജനറൽ മാനേജർ പി.കെ.സുധാകരൻ, പൊതുഭരണ വകുപ്പു ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ കല്ലുംതാഴം, കാവനാട് ടോൾ പ്ലാസ, ആശ്രാമം എന്നിവിടങ്ങൾ സന്ദർശിച്ചു.  ബിജെപി റാലി നടക്കുന്ന കന്റോൺമെന്റ് മൈതാനവും  പരിശോധിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗവും നടന്നു. 

കടവൂരിൽനിന്നു ബൈപാസ് വഴി കാവനാട് ആൽത്തറമൂട്ടിൽ എത്താൻ 5 മിനിറ്റ് മതിയാകും. 4.5 കി.മീ ആണു ദൂരം. നിലവിൽ തേവള്ളി, ഹൈസ്കൂൾ ജംക‌്ഷൻ, രാമൻകുളങ്ങര വഴി ആൽത്തറമൂട് വരെ 10 കി.മീ യാത്രയ്ക്ക് 35 മിനിറ്റ് വേണം.  അഞ്ചാലുമൂട് ഭാഗത്തുനിന്നു കൊട്ടാരക്കര, തിരുവനന്തപുരം ഭാഗങ്ങളിലേക്കു പോകുന്നവർക്കു കൊല്ലം  നഗരത്തിൽ എത്താതെ കടവൂർ, കല്ലുംതാഴം, മേവറം വഴി തിരിഞ്ഞുപോകാം. കടവൂരിൽ നിന്നു കൊല്ലം വഴി കല്ലുംതാഴത്തേക്കു 10.6 കിലോമീറ്റർ ദൂരമുണ്ട്. കടവൂർ മുതൽ കല്ലുംതാഴം വരെ ബൈപാസ് വഴി 3.79 കിലോമീറ്റർ. 

വൈദ്യുതി കണക്‌ഷൻ നൽകാൻ നിർദേശം

കൊല്ലം ∙ ബൈപാസിലെ വഴിവിളക്കുകൾക്ക് അടിയന്തരമായി വൈദ്യുതി കണക്‌ഷൻ നൽകാൻ കലക്ടറുടെ നിർദേശം. മേയർക്കാണു നിർദേശം നൽകിയത്.  സോഡിയം വേപ്പർ ബൾബ് ഉപയോഗിക്കുന്നു എന്ന കാരണം പറഞ്ഞു വൈദ്യുതി കണക്‌ഷൻ നൽകാൻ കോർപറേഷൻ തയ്യാറായിരുന്നില്ല. വൈദ്യുതി ഉപയോഗം കുറയ്ക്കാൻ എൽഇഡി ബൾബ് സ്ഥാപിക്കണം എന്നായിരുന്നു കോർപറേഷന്റെ നിലപാട്. 

കരാർപ്രകാരം സോഡിയം വേപ്പർ വിളക്കുകളാണു സ്ഥാപിക്കേണ്ടത്. അനുമതി ലഭിക്കുന്ന മുറയ്ക്കു ഇവ എൽഇഡി ആക്കാമെന്നു കരാറുകാർ ഉറപ്പു നൽകിയിട്ടുണ്ട്. കലക്ടറുടെ നിർദേശത്തെ തുടർന്നു വൈദ്യുതി കണക്‌ഷന് അടിയന്തര നടപടികൾ ആരംഭിച്ചു. 

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama