go

പൂതക്കുളത്തിന് വെള്ളം, വീണ്ടും സ്വപ്നം...

Kollam News
പതിമൂന്ന് വർഷം മുൻപ് കൊണ്ടുവന്ന ക്രെയിൻ
SHARE

പൂതക്കുളം ∙ 13 വർഷമായി മുടങ്ങിക്കിടന്ന ശുദ്ധജല പദ്ധതിക്കു വീണ്ടും അനക്കം വച്ചപ്പോൾ നാട്ടുകാർ കരുതി; തങ്ങളുടെ ദുരിതം ഇതാ അവസാനിക്കാൻ പോകുന്നു എന്ന്. എന്നാൽ പുത്തൻകുളത്തു തുടങ്ങിയ പൈപ്‌ലൈൻ സ്ഥാപിക്കൽ ഏതാനും ദിവസം കഴിഞ്ഞപ്പോൾ വീണ്ടും നിലച്ചു. കാരണം അജ്ഞാതം. ശുദ്ധജലമെന്ന പൂതക്കുളത്തുകാരുടെ സ്വപ്നം ഇപ്പോഴും അങ്ങനെ തന്നെ. ജപ്പാൻ ശുദ്ധജല പദ്ധതി തുടങ്ങിയത് 13 വർഷം മുൻപ്. ജില്ലയ്ക്ക് 360 കോടി രൂപയായിരുന്നു അന്ന് അനുവദിച്ചത്. 

Kollam News
ജീർണാവസ്ഥയിലായ യന്ത്രം.

അതിൽ കൂടുതൽതുക ചാത്തന്നൂർ നിയോജകമണ്ഡലത്തിനായിരുന്നു. വിവിധ ജലസംഭരണികളും മറ്റും സ്ഥാപിച്ചെങ്കിലും പൈപ്പുകൾ സ്ഥാപിക്കുന്നതിൽ കരാറുകാർ വീഴ്ച വരുത്തിയതോടെ പദ്ധതി മുടങ്ങി. പൈപ്‌ലൈൻ സ്ഥാപിക്കുന്നതിനുള്ള തുക വർധിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു കരാറുകാർ പണി അന്നു നിർത്തിവച്ചത്. പിന്നീട് മാറിമാറി വന്ന സർക്കാരുകൾ പദ്ധതി പുനരാരംഭിക്കുമെന്നു പലതവണ പറഞ്ഞെങ്കിലും നടപ്പായില്ല. ഇതിനിടെയാണു കഴിഞ്ഞദിവസം ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ പണി പുനരാരംഭിച്ചത്. അതാണിപ്പോൾ പ്രത്യേകകാരണമൊന്നും കൂടാതെ മുടങ്ങിയത്.

Kollam News
13 വർഷം മുൻപ് കൊണ്ടുവന്ന പൈപ്പുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും.

ഇതരസംസ്ഥാന കമ്പനികളാണ് പൈപ്പുകൾ സ്ഥാപിക്കാനുള്ള കരാർ ഏറ്റെടുത്തിരുന്നത്. 6 മാസത്തിനകം പദ്ധതി പൂർത്തിയാക്കുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. പദ്ധതിക്കാവശ്യമായ മണ്ണുമാന്തിയന്ത്രം അടക്കമുള്ള ഉപകരണങ്ങൾ 13 വർഷമായി പ്രദേശത്തെ ഒരു പറമ്പിൽ സൂക്ഷിച്ചിരിക്കുകയാണ്. അവ ജീർണിച്ചു പാട്ടവിലയ്ക്കു പോലും വിൽക്കാൻ പറ്റാത്ത പരുവത്തിലായി. ഇതേ ഉപകരണങ്ങളാണ് പദ്ധതി പുനരാരംഭിക്കുന്നതിനും ഉപയോഗിക്കാൻ ലക്ഷ്യമിടുന്നത്. ക്രെയിൻ, ജെസിബി തുടങ്ങിയവ ഉപയോഗശൂന്യമായി. ലക്ഷക്കണക്കിനു രൂപയുടെ പൈപ്പുകളും അനുബന്ധ ഉപകരണങ്ങളുമാണ് നശിച്ചു കിടക്കുന്നത്. കുറെ ഉപകരണങ്ങൾ മോഷ്ടാക്കൾ കൊണ്ടുപോയി. കാലപ്പഴക്കം ചെന്ന പൈപ്പുകൾ പദ്ധതിക്കായി ഉപയോഗിച്ചാൽ അധികം കഴിയും മുൻപേ അവ പൊട്ടുമെന്നും ജലവിതരണം പാളുമെന്നും നാട്ടുകാർ പറയുന്നു. പൈപ്പുകളിൽ തൊടുമ്പോൾ പൊടിഞ്ഞു പോകുന്ന സ്ഥിതിയാണ്.

14 ലക്ഷം ലീറ്റർ ശേഷിയുള്ള പുത്തൻകുളത്തെ ജലസംഭരണിയിലേക്കാണു പദ്ധതിയുടെ പൈപ്പ് ബന്ധിപ്പിക്കുന്നത്. പഴക്കമുള്ള പൈപ്പിലൂടെ ഇത്രയും ഉയർന്ന മർദത്തിൽ വെള്ളം പമ്പ് ചെയ്യുക എന്നത് അപകടകരമാണ്. കോടികൾ മുടക്കി നിർമിച്ച പരവൂർ– ചാത്തന്നൂർ –പാരിപ്പള്ളി റോഡിന്റെ വശങ്ങൾ കുഴിച്ചാണ് പൈപ്പുകൾ സ്ഥാപിക്കുന്നത്. ഇങ്ങനെ സ്ഥാപിക്കുന്ന പൈപ്പുകളിലൂടെ കൂടിയ സംഭരണ ശേഷിയുള്ള ജലസംഭരണിയിൽ നിന്ന് ഉയർന്ന മർദത്തിൽ വെള്ളം പമ്പ് ചെയ്യുമ്പോൾ പൈപ്പുകൾ പൊട്ടാനും റോഡുകൾ തകരാനും സാധ്യതയേറെ.

വി.കെ.സുനിൽകുമാർ (പഞ്ചായത്ത് അംഗം)

"കമ്പനികൾ പൈപ്പുകൾ നിർമിച്ചു വർഷങ്ങൾ കഴിഞ്ഞാണ് കരാറുകാർ വാങ്ങി ഇവിടെ ശേഖരിച്ചത്.13 വർഷത്തിലധികം ഇവിടെ കിടന്നു. ഉപകരണങ്ങൾക്ക് കുഴപ്പമില്ല എന്ന എൻജിനീയറുടെ സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് പണി നടക്കുന്നത്."

ആർ. പ്രഭാകരൻ പിള്ള (പൊതുപ്രവർത്തകൻ)

"പഴകിയ ഉപകരണങ്ങൾ ഉപയോഗിച്ച് താൽക്കാലികമായി പണി നടത്താതെ വരുംതലമുറയ്ക്ക് ഉപയോഗപ്പെടുന്ന രീതിയിൽ പദ്ധതി ഒരുക്കണം. പഴയ പൈപ്പ് സ്ഥാപിച്ചാൽ ഇവ പൊട്ടി വെള്ളക്കെട്ടാവുകയും റോഡ് തകരുകയും ചെയ്യും."

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama