go

വിഴിഞ്ഞം: കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ മടിക്കുന്നെന്ന് ഉമ്മൻചാണ്ടി

Kollam News
കൊല്ലം ബൈപാസ് യാ‌ഥാർഥ്യമാക്കിയ ഉമ്മൻചാണ്ടിക്കും പീതാംബരക്കുറുപ്പിനും എൻ.കെ. പ്രേമചന്ദ്രൻ എംപിക്കും കൊല്ലത്തു യുഡിഎഫ് നൽകിയ സ്വീകരണം ഏറ്റുവാങ്ങാനെത്തിയ ഉമ്മൻചാണ്ടി വേദിയിലേക്ക്. ചിത്രം: മനോരമ
SHARE

കൊല്ലം ∙ വിഴിഞ്ഞം തുറമുഖ കരാറിനെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യൽ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയാറാകുന്നില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കരാറിൽ വീഴ്ചയോ സംസ്ഥാനത്തിനു നഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് ഇടതുമുന്നണി സർക്കാർ നിയോഗിച്ച കമ്മിഷൻ കണ്ടെത്തിയത്. കൊല്ലം ബൈപാസ് യാഥാർഥ്യമാക്കിയതിന് യുഡിഎഫ് ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു. എൻ.കെ.പ്രേമചന്ദ്രൻ എംപി, എൻ.പീതാംബരക്കുറുപ്പ് എന്നിവർക്കും സ്വീകരണം നൽകി.  

വിഴി‍ഞ്ഞം കരാറിൽ 6,000 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ഇടതുമുന്നണിയും 27,200 കോടി രൂപ സംസ്ഥാനത്തിനു നഷ്ടമുണ്ടാക്കിയെന്നു കേന്ദ്ര സർക്കാരിന്റെ  കൺട്രോളർ ഓഡിറ്റ് ജനറലും ആരോപണം ഉന്നയിച്ചിരുന്നു.ഏറ്റവും സുതാര്യമായാണു കരാർ ഉണ്ടാക്കിയത്. അഴിമതി ഉണ്ടായാൽ ഏതു നിമിഷവും റദ്ദു ചെയ്യുമെന്നു കരാറിൽ നിബന്ധന എഴുതിച്ചേർത്തു. അഴിമതി ഉണ്ടെങ്കിൽ കരാർ റദ്ദുചെയ്യാൻ ഇടതുമുന്നണി സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും അവർ പിന്മാറിയെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം ബൈപാസ് യുഡിഎഫ് സർക്കാരിന്റെയും എൻ.പീതാംബരക്കുറുപ്പിന്റെയും എൻ.കെ. പ്രേമചന്ദ്രന്റെയും പ്രവർത്തനഫലമാണ്. ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ, കൊല്ലം, ആലപ്പുഴ ബൈപാസുകൾ ഒഴികെ ദേശീയപാത അതോറിറ്റിയുടെ ഏതെങ്കിലും റോഡ് സംസ്ഥാന പങ്കാളിത്തത്തോടെ നടപ്പാക്കിയിട്ടുണ്ടോ എന്നു പരിശോധിച്ചാൽ മതി.ബൈപാസ് നേട്ടമാണെന്നു നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതിയും സംസ്ഥാന സർക്കാരും പറഞ്ഞതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഡിവൈഎഫ്ഐയിൽ നിന്നു കോൺഗ്രസിൽ ചേർന്ന 25 പേരെ ഉമ്മൻചാണ്ടി സ്വീകരിച്ചു.യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, എ.യൂനുസ് കുഞ്ഞ്, ഇക്ബാൽ കുട്ടി, വാക്കനാട് രാധാകൃഷ്ണൻ, തമ്പി പുന്നത്തല, കല്ലട ഫ്രാൻസിസ്, റാം മോഹൻ, ജി.പ്രതാപവർമ തമ്പാൻ, എ,.ഷാനവാസ്ഖാൻ, കെ.സുരേഷ് ബാബു, ഫിലിപ് കെ.തോമസ്, പ്രയാർ ഗോപാലകൃഷ്ണൻ, സൂരജ് രവി, എസ്.വിപിനചന്ദ്രൻ, അൻസർ അസീസ്, കുരീപ്പുഴ മോഹൻ, രമ രാജൻ,  ഇ.മേരിദാസൻ, കോയിവിള രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama