go

വെള്ളക്കെട്ടിൽ മുങ്ങി വീടുകൾ; വ്യാപക കൃഷിനാശം

Kollam News
ശൂരനാട്തെക്ക് തൊടിയൂർ പള്ളിക്കലാറിന് കുറുകെയുള്ള തടയണ കവിഞ്ഞൊഴുകുന്നു
SHARE

ശൂരനാട്/ ശാസ്താംകോട്ട ∙ മഴയൊഴിഞ്ഞിട്ടും ദുരിതപെയ്ത്ത് തീരാതെ ശൂരനാട്. പലയിടത്തും വെള്ളം കയറിയതാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം ഉണ്ടായതായാണ് കണക്ക്. പടിഞ്ഞാറെ കല്ലടയിൽ ഇതുവരെ 66 വീടുകൾ തകർന്നിട്ടുണ്ട്. ശൂരനാട്, പോരുവഴി പ്രദേശങ്ങളിലായി നൂറോളം വീടുകൾ വെള്ളക്കെട്ടിലാണ്. ശൂരനാട് വടക്ക് എഴുപതോളം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. പടിഞ്ഞാറ്റംമുറി കരിങ്ങാട്ടിൽ ക്ഷേത്രം, കൂരിക്കുഴി, മണലാടി, ചിറപ്പാട്, പാതിരിക്കൽ നരിങ്ങാട്ടിൽകടവ്, നെടിയപാടം, വല്യകുളങ്ങരഭാഗം, അഴകിയകാവ് എന്നിവിടങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. ഇവരിൽ പലരും ബന്ധു വീടുകളിലേക്ക് താമസം മാറിയിട്ടുണ്ട്. രാവിലെ പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറി സി.ഡെമാസ്റ്റന്റെയും നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രദേശങ്ങൾ സന്ദർശിച്ചു. പാറക്കടവ് ചന്തയും റോഡും വെള്ളത്തിനടിയിലാണ്. കൂരിക്കുഴി പാലത്തിന് സമീപം കുടുംബങ്ങൾ വെള്ളക്കെട്ടിൽ ഒറ്റപ്പെട്ടെന്ന വാർത്ത പരിഭ്രാന്തി പരത്തി. തുടർന്ന് ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരുൾപ്പടെ എത്തിയെങ്കിലും ഇവിടെ നിന്നു വെള്ളമിറങ്ങിയതിനാൽ തിരിച്ചു പോയി.

Kollam News
ശൂരനാട്‌വടക്ക് വെള്ളം കയറിയ വീട്.

ശൂരനാട് തെക്ക് ഇരുപതോളം വീടുകളിലാണ് വെള്ളം കയറിയത്. കോണത്ത് പ്രദേശത്തിനും ചുറ്റുമുള്ള തുരുത്തിലുമാണ് വെള്ളം നിൽക്കുന്നത്. പള്ളിക്കലാറിൽ തൊടിയൂർ ബണ്ടിന് കുറുകെയുള്ള ചെക് ഡാം കവിഞ്ഞൊഴുകുകയാണ്. ഇതിന്റെ അശാസ്ത്രീയമായ നിർമാണമാണ് സമീപപ്രദേശങ്ങളിൽ വെള്ളം കയറാൻ കാരണമെന്ന് ആരോപണമുണ്ട്. പോരുവഴി മലനട വയലുകളിൽ വെള്ളം നിറഞ്ഞ അവസ്ഥയിലാണ്. അഞ്ചോളം വീടുകളിലാണ് വെള്ളം കയറിയത്. മഴ കുറഞ്ഞതോടെ പലയിടത്തും വെള്ളക്കെട്ട് കുറയുമെന്ന പ്രതീക്ഷയിലാണ്.ശക്തമായ മഴയിൽ പടിഞ്ഞാറെ കല്ലടയിൽ 2 വീടുകൾ തകർന്നു. ഇതോടെ 4 ദിവസത്തിനിടെ കുന്നത്തൂർ താലൂക്കിൽ ആകെ 66 വീടുകൾ ഇല്ലാതായി. ഏലാകളിൽ നൂറുകണക്കിനു വാഴകൾ ഉൾപ്പെടെ ലക്ഷങ്ങളുടെ കൃഷിനാശവും ഉണ്ടായി. വിളന്തറ 4–ാം വാർഡിൽ തുറുവിള തെക്കതിൽ സുജിത്, തെക്കേ വാഴ കണ്ടത്തിൽ പ്രീത എന്നിവരുടെ വീടുകളാണ് തകർന്നത്.

Kollam News
കുന്നത്തൂർ ഐവർകാല പടിഞ്ഞാറ് മരം കടപുഴകി വീണു കിണറിന്റെ മുകൾ ഭാഗവും പമ്പുസെറ്റും തകർന്ന നിലയിൽ.

പ്രകൃതിക്ഷോഭം സംബന്ധിച്ചുള്ള കുന്നത്തൂർ നിയോജക മണ്ഡലത്തിലെ അവലോകനയോഗം താലൂക്ക് ഓഫിസിൽ നടത്തി. മരം കടപുഴകി വീണുള്ള നാശ നഷ്ടങ്ങളും കൃഷി, റോഡ് എന്നിവയ്ക്കുണ്ടായ നഷ്ടങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിലയിരുത്തി. കൂടാതെ പ്രളയ ബാധിത പ്രദേശങ്ങളിലേക്കും ദുരിതാശ്വാസ ക്യാംപുകളിലേക്കും അവശ്യ വസ്തുക്കൾ സമാഹരിക്കാനും തീരുമാനിച്ചു. കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കെ.സോമപ്രസാദ് എംപി, ഡപ്യൂട്ടി കലക്ടർ ജ്യോതിലക്ഷ്മി, തഹസിൽദാർ ബി. ലിസി, ജില്ലാ പഞ്ചായത്തംഗങ്ങളായ എം. ശിവശങ്കരപ്പിള്ള, ശ്രീലേഖാ വേണുഗോപാൽ, കെ.ശോഭന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി എന്നിവർ പ്രസംഗിച്ചു. മരം കടപുഴകി വീണു കുന്നത്തൂർ ഐവർകാല പടിഞ്ഞാറ് വടക്ക് താഴേതിൽ പുത്തൻവീട്ടിൽ മേരിക്കുട്ടി(82)യുടെ വീട്ടുമുറ്റത്തെ കിണറിന്റെ മുകൾഭാഗവും പമ്പുസെറ്റുമാണ് തകർന്നു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama