go

ആഴക്കടൽ മത്സ്യബന്ധനത്തിന് കൂടുതൽ യാനങ്ങൾ; മീനിന്റെ വില കുറഞ്ഞേക്കും

kollam news
SHARE

ഇരവിപുരം∙ ആഴക്കടൽ മത്സ്യ ബന്ധനത്തിനു കൂടുതൽ യാനങ്ങളിൽ പോയി തുടങ്ങി. 2 മുതൽ 10 ദിവസം വരെ കടലിൽ തങ്ങി ‌മീൻ പിടിക്കുന്ന വലിയ യാനങ്ങൾ തിരികെ വന്നാൽ മീനിന്റെ ലഭ്യത കൂടുകയും വില കുറയുമെന്നാണു പ്രതീക്ഷ. ഇന്നലെ കൊല്ലം പോർട്ടിൽ നിന്നും പുലർച്ചെ സ്പീഡ് ബോട്ടിൽ പോയി മീൻപിടിച്ച് 11 ഒ‍ാടെ തിരികെ എത്തിയവർക്ക് താട, കിളിമീൻ, കോ നത്തോലി, പീരമീൻ, പരവ, കണമ്പ്, മുരൽ, കണ്ണൻതിരുവ,ആവോലി, കരിക്കാടി(ചെമ്മീൻ) എന്നിവയാണു ലഭിച്ചത്. വലിയ കിളിമീൻ ഒരു കുട്ടയ്ക്ക് 3500 രൂപ മുതലായിരുന്നു വില.

എന്നാൽ താടയ്ക്കും കാരലിനും ചെമ്പല്ലി കോരയ്ക്കും പ്രതീക്ഷിച്ച വില ലഭിച്ചില്ല. ഒരു കുട്ട താടയ്ക്ക് 500 രൂപ മുതലായിരുന്നു വില. 3 ദിവസം മുൻപ് ഒരു കുട്ട താടയ്ക്കു 1000 ത്തിനു മേലേ ആയിരുന്നു വില. ഇന്നലെ മുരലും യഥേഷ്ടം ലഭിച്ചു. ഒരു കുട്ട മുരലിന് 1500 മുതലായിരുന്നു വില. ചൂണ്ടയിടുന്ന മീൻപിടിത്തക്കാരും വലിയ യാനങ്ങളിൽ മീൻപിടിക്കുന്ന വരും ദിവസങ്ങളിൽ തിരികെ എത്തുന്നതോടെ മീനിന്റെ വില കുറയാനാണു സാധ്യത. കേരച്ചൂര, നെയ്മീൻ, ആവോലി, ചെമ്മീൻ എന്നിവ ലഭിക്കുമെന്നാണു പ്രതീക്ഷ. ട്രോളിങ് ശേഷം കാലാവസ്ഥ അനുകൂലമാകാതിരുന്നതിനാൽ ഭൂരിഭാഗം യാനങ്ങളും മീൻപിടിക്കാൻ പോയിരുന്നില്ല.

നെയ്ത്തു വലക്കാരിൽ നിന്നു പണപ്പിരിവ്; വ്യാപക പ്രതിഷേധം

ശക്തികുളങ്ങര ഹാർബർ പ്രവേശനത്തിനു നെയ്ത്തു വലക്കാരിൽ നിന്നും പണം പിരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. വലിയ യാനങ്ങളിലെ വലകളുടെ അറ്റകുറ്റപ്പണിക്കാണ് നെയ്ത്തു തൊഴിലാളികൾ ശക്തികുളങ്ങര ഹാർബറിൽ എത്തുന്നത്. 2 ദിവസം മുൻപ് വരെ സൗജന്യമായിരുന്നു പ്രവേശനം. എന്നാൽ വെള്ളി മുതൽ ഒരാൾക്ക് ഒരു തവണ പ്രവേശിക്കാൻ 15 രൂപയാണ് ഇൗടാക്കുന്നത്. തൊഴിലാളികൾക്കു ദിവസം ഒട്ടേറെ തവണ പോർട്ടിന് പുറത്തേക്കു പോകേണ്ടി വരും. 

പോയി തിരികെ വരുമ്പോഴെല്ലാം പാസെടുക്കണമെന്നാണ് പുതിയ നിബന്ധന. ചില സന്ദർഭങ്ങളിൽ വലയുമായി ബന്ധപ്പെട്ട സാധനങ്ങൾ വാങ്ങാനായും ഭക്ഷണം കഴിക്കാനുമായി പുറത്തു പോകേണ്ടി വരും. 500 രൂപയാണ് ഇവർക്കു കൂലിയായി ലഭിക്കുന്നത്. ഇതിൽ‌ പാസിനായി തന്നെ നല്ല തുക നൽകേണ്ട അവസ്ഥയാണ്. പോർട്ടിൽ നടക്കുന്നതു തീവെട്ടി കൊള്ളയാണ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നാണ് ഇവരുടെ ആക്ഷേപം.  പ്രശ്നത്തിനു പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണു തൊഴിലാളികൾ.

തീരത്തോടടുത്ത് മത്സ്യബന്ധനമെന്ന് പരാതി

സ്പീഡ് ബോട്ടിൽ മീൻപിടിക്കുന്നവർ തീരത്തോടടുത്ത് മത്സ്യബന്ധനം നടത്തുന്നതിനെതിരെ പരമ്പരാഗത ഫൈബർ കട്ടമര തൊഴിലാളികൾ രംഗത്ത്. കാക്കത്തോപ്പ് മുതൽ പരവൂർ വരെയുള്ള ഭാഗത്താണ് സ്പീഡ് ബോട്ടിലെത്തുന്നവർ മീൻപിടിക്കുന്നത്. ഇവർ കുറച്ചു കൂടി ഉള്ളിലേക്കു പോയി മീൻപിടിക്കാനാണു അധികൃതർ നിർദേശം നൽകിയിട്ടുള്ളത്. എന്നാൽ പരമ്പരാഗത മീൻപിടിത്തക്കാരുടെ ഭാഗത്തേക്കു കൂടി ഇവർ വല വിരിക്കുന്നു. ഇതോടെ ഫൈബർ കട്ടമര തൊഴിലാളികൾക്കു മീൻ ലഭിക്കുന്നില്ല. കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama