go

വെള്ളമിറങ്ങും മുൻപേ ക്യാംപ് പിരിച്ചുവിട്ടു; 88 പേർ ഇപ്പോഴും തീരാദുരിതത്തിൽ

ശൂരനാട്‌വടക്ക് പടിഞ്ഞാറ്റമുറിയിൽ കെട്ടിക്കിടക്കുന്ന മലിനജലം.
ശൂരനാട്‌വടക്ക് പടിഞ്ഞാറ്റമുറിയിൽ കെട്ടിക്കിടക്കുന്ന മലിനജലം.
SHARE

ശൂരനാട് ∙ കഴിഞ്ഞ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടതാണ് ശൂരനാട്‌ വടക്ക് പടിഞ്ഞാറ്റമുറി പാറയിൽ തെക്കതിൽ കൊച്ചുകുഞ്ഞിനും ഭാര്യ രാജമ്മയ്ക്കും. വീട് കിട്ടുമെന്നു പറഞ്ഞിട്ടു വർഷം ഒന്നു കഴിഞ്ഞിട്ടും നടപടിയില്ല. അന്നു മുതൽ ഷെഡിലാണ് ഈ വയോധികരുടെ താമസം. ഇത്തവണ ആ ഷെഡിലും വെള്ളം കയറിയപ്പോൾ ഓടിയെത്തിയതാണു പടിഞ്ഞാറ്റമുറിയിലെ അങ്കണവാടിയിൽ.ക്യാംപ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനും 5 ദിവസം മുൻപ് അങ്കണവാടിയിലെത്തിയ ഇവരുടെ വീട്ടിൽ നിന്ന് ഇപ്പോഴും വെള്ളമിറങ്ങിയിട്ടില്ല.

വെള്ളമിറങ്ങിയ ശേഷം വീട്ടിലെ ചെളിയും മാലിന്യങ്ങളും കഴുകി വ‍ൃത്തിയാക്കുന്നതു വരെ ക്യാംപ് തുടരണമെന്ന ഇവരുൾപ്പെടെയുള്ള 29 കുടുംബങ്ങളുടെ ആവശ്യത്തോടു റവന്യു ഉദ്യോഗസ്ഥർ മുഖം തിരിച്ചതോടെ ഈ കുടുംബങ്ങൾ ഇപ്പോഴും ക്യാംപിൽ തുടരുകയാണ്. ക്യാംപ് പിരിച്ചു വിട്ടെന്നറിയിച്ച് ഉദ്യോഗസ്ഥർ മടങ്ങി. 17 കുട്ടികളടക്കം 88 പേർ അങ്കണവാടിയിൽ ഉണ്ടെന്നു പോലും അവർ ഓർത്തില്ല. പടിഞ്ഞാറ്റമുറി കരിങ്ങാട്ടിൽ ഭാഗത്തെ ഇവരുടെ വീടുകളിൽ പലതും വെള്ളക്കെട്ടിലാണ്. ചില വീടുകളിൽ ചെളിയും മാലിന്യങ്ങളുമുണ്ട്. വഴി പോലും വെള്ളത്തിലായതിനാൽ എത്തിപ്പെടാൻ പറ്റാത്തയിടവുമുണ്ട്.

ക്ലോറിനേഷൻ ഉൾപ്പെടെ നടത്താതെ ഈ മാലിന്യത്തിൽ താമസിച്ചാൽ പകർച്ചവ്യാധികൾ വരുമെന്ന് ഉറപ്പ്. എന്നാൽ ഇവിടൊക്കെ വിശദമായി പരിശോധിച്ചെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി. മന്ത്രിയും എംപിയും തൊട്ടടുത്ത ക്യാംപിൽ വന്നെങ്കിലും ഇവിടെ എത്തിയില്ലെന്നും ഇവർ പരാതി പറയുന്നു.നാളെ മുതൽ സംഘങ്ങളായി ചേർന്നു വീടുകൾ വൃത്തിയാക്കാൻ തുടങ്ങും. എന്നിട്ടു മാത്രമേ വീടുകളിലേക്കു മാറുന്നുള്ളൂവെന്നാണ് ഇവർ പറയുന്നത്. ശനിയാഴ്ച വൈകിട്ട് മുതൽ സ്വന്തമായി ആഹാരം പാകം ചെയ്താണ് ഇവർ ക്യാംപിൽ കഴിയുന്നത്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama